പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ലൂസിഫറില്‍ ഇന്ദ്രജിത്തും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനുജന്റെ സംവിധാനത്തില്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്ന അനുഭവം പങ്കുവെക്കുകയാണ് ഇന്ദ്രജിത്ത്.
ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്. അവന്റെ വലിയ മോഹത്തിനൊപ്പം തോള്‍ ചേര്‍ന്നതിന്റെ വലിയ സന്തോഷമുണ്ടെന്ന് മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ നടന്‍ വ്യക്തമാക്കി.
തന്റെ മൂന്നാം തമിഴ് ചിത്രമായ നരകസൂരനെക്കുറിച്ചും ഇന്ദ്രജിത്ത് പറയുന്നു. സ്വപ്നതുല്യമായ കൂട്ടായ്മയായിരുന്നത്. അരവിന്ദ് സാമി അഭിനയിച്ച റോജാ, ബോംബെ എന്നീ ചിത്രങ്ങള്‍ എന്റെ ഹൈസ്‌കൂള്‍ കാലത്ത് ആഘോഷത്തോടെ ആസ്വദിച്ചവയായിരുന്നു.
ആ താരത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടാനായത് ഭാഗ്യം. കൊതിപ്പിക്കുന്ന അഭിനയവിരുതിനപ്പുറം എല്ലാ കാര്യങ്ങളിലും അറിവുള്ള കലാകാരനെയാണ് അരവിന്ദ് സാമിയിലൂടെ ഞാന്‍ അടുത്തറിഞ്ഞത്.
മോഹന്‍ലാല്‍ നായകനായെത്തുന്ന ലൂസിഫറില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയാണ്. യുവനായകന്‍ ടോവിനോ തോമസും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യും.
വില്ലന്‍ സിനിമക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരെത്തുന്ന ചിത്രം കൂടിയാണിത്. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്തിരിക്കുന്നത് വലിയ താരനിരയെ തന്നെയാണ്.
മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന സിനിമയുടെ സംഗീതം ദീപക് ദേവ് ആണ്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മോഹന്‍ലാല്‍ നായകനായി താന്‍ സിനിമ സംവിധാനം ചെയ്യുന്നുവെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചത്. സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ ചിത്രം ഇരുവരുടെയും തിരക്കുകള്‍ കാരണം നീണ്ട് പോകുകയായിരുന്നു.