ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം കണ്ണൂര്‍ സ്ക്വാഡ് തിയ്യേറ്ററുകളിലെത്തിയത്. നവാഗതനായ റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തത്.
ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. കണ്ണൂര്‍ സ്ക്വാഡിനെ ഏറ്റെടുത്ത മുഴുവന്‍ പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു. പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള നല്ല അഭിപ്രായങ്ങള്‍ കണ്ട് മനസ്സു നിറഞ്ഞ് നടന് റോണി ഡേവിഡും പ്രേക്ഷകരോട് നന്ദി പറഞ്ഞിരുന്നു.
കണ്ണൂര്‍ സ്ക്വാഡിന്റെ തിരക്കഥ ഒരുക്കിയതും റോണിയായിരുന്നു. റോണിയുടെ സഹോദരന് റോബി രാജാണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ കണ്ണൂര്‍ സ്ക്വാഡ് എന്ന ചിത്രത്തെയും മമ്മൂട്ടിയുടെ അഭിനയത്തെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ക്യാപ്റ്റന്‍ ഐഎം വിജയന്.
കണ്ണൂര്‍ സ്ക്വാഡില്‍ മമ്മൂട്ടി മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. പടം നൂറുകോടി നേടുമെന്നതില്‍ സംശയമില്ലെന്നും സിനിമയില്‍ എല്ലാവരും മികച്ച രീതിയിലാണ് അഭിനയിച്ചിരിക്കുന്നതെന്നും ഐഎം വിജയന് പറഞ്ഞു. ചിത്രം കണ്ടിറങ്ങിയശേഷം ഓണ്‍ലൈന്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഐഎം വിജയന് ഇക്കാര്യം പറഞ്ഞത്.
സിനിമ കണ്ടിരുന്നപ്പോള്‍ ടെന്‍ഷനടിച്ചിരുന്നു. അടുത്തത് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന ആകാംഷയുണ്ടായിരുന്നുവെന്നും ഭയങ്കര സിനിമയായിപ്പോയി എന്നും 50 കോടിയല്ല, കണ്ണൂര്‍ സ്ക്വാഡ് 100 കോടി കളക്ഷന്‍ സ്വന്തമാക്കുമെന്നും ഐഎം വിജയന് പറഞ്ഞു.