2010 പുറത്തിറങ്ങിയ മലർവാടി ആർട്ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് അജു വർഗ്ഗീസ്. അധികം വൈകാതെ തന്നെ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി താരം മാറി. കോമഡി റോളുകൾക്ക് പുറമേ സീരിയസ് വേഷങ്ങളിലും താരത്തെ കാണാൻ സാധിച്ചു. നടൻ എന്നതിലുപരി നിർമ്മാതാവ് കൂടിയാണ് അജു വർഗ്ഗീസ്.
ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഹിന്ദുസ്ഥാൻ കോളേജ് ഓഫ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം സ്വന്തമാക്കിയ താരം പിന്നീട് സിനിമയിലാണ് ശോഭിച്ചത്. ഇപ്പോഴിതാ മദ്രാസിലായിരുന്ന സമയത്ത് ബുക്ക് വില്ക്കാൻ പോയ കഥയാണ് താരം വെളിപ്പെടുത്തുന്നത്. അജു വർഗ്ഗീസ് അഭിനയിച്ച കേരള ക്രൈം ഫയൽസ് എന്ന വെബ് സീരിസിന്റെ പ്രമോഷൻ പരിപാടിയുടെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
ജിഞ്ചർ മീഡിയക്ക് നല്കിയ അഭിമുഖത്തിലാണ് എൻസൈക്ലോപീഡിയ വില്ക്കാൻ നടന്ന കഥ താരം വ്യക്തമാക്കിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ഞാൻ ബുക്ക് വിൽക്കാൻ പോയിട്ടുണ്ട്. കോളേജ് കഴിഞ്ഞ സമയത്ത്. എൻസൈക്ലോപീഡിയയായിരുന്നു. എന്നെ ആ ജോലിയിലേക്ക് ക്ഷണിച്ചൊരു വ്യക്തി ഞാൻ അതിൽ പ്രവേശിക്കും മുമ്ബ് എന്നോട് പറഞ്ഞത് ഈ ജോലി എന്റെ കരിയർ വേറെ ലെവലിൽ എത്തിക്കുമെന്നാണ്.’
‘അടയാറിൽ നിന്നും ഞാൻ അവനൊപ്പം ഒരു ഓഫീസിലേക്ക് പോയി. അവിടെ ചെന്നപ്പോൾ നല്ല ഭാരമുള്ള ഒരു ബാഗ് എനിക്ക് തന്നു. അതിൽ വലിയ അഞ്ച് എൻസൈക്ലോപീഡിയ ഉണ്ടായിരുന്നു. നല്ല ഭാരമുണ്ടായിരുന്നു.ആ ഭാഗുമായി അവർക്കൊപ്പം ഞാൻ ബസിൽ കയറി മദ്രാസ് ക്രിസ്ത്യൻ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പോയി. അത് വളരെ ഉള്ളിലുള്ള ഒരു സ്ഥലമാണ്. അവിടെ പോയി ഓരോ കടയിലും മറ്റും കയറി ഇറങ്ങി എൻസൈക്ലോപീഡിയ വിൽക്കാൻ നോക്കി. ആരും വാങ്ങിയില്ല.’
തമിഴ്‌നാടിന്റെ ഉൾപ്രദേശങ്ങളിൽ പോയി എൻസൈക്ലോപീഡിയ വിൽക്കാൻ നോക്കിയാൽ ആരെങ്കിലും വാങ്ങുമോ?. അന്ന് ഞാനും എന്റെ ഒപ്പമുണ്ടായിരുന്നവരും ഒന്ന് പോലും വിറ്റില്ല. വൈകുന്നേരം ആയപ്പോഴേക്കും എനിക്ക് മടുത്തു.ഞാൻ പതിയെ എനിക്ക് ആ ജോലി വാങ്ങിത്തന്ന വ്യക്തിയുടെ കാലിന്് സമീപത്ത് ബാഗ് വെച്ച് ബസിൽ നിന്നും പതിയെ ഇറങ്ങിപ്പോയി എന്നാണ് താരം വെളിപ്പെടുത്തിയത്