മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി എംടിയുടെ തിരക്കഥയില്‍ ഒരുക്കാന്‍ നിശ്ചയിച്ചിരുന്ന രണ്ടാമൂഴം ആരു സംവിധാനം ചെയ്യുമെന്ന സംശയങ്ങള്‍ക്ക് ഉത്തരവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വീണ്ടും രംഗത്തെത്തി. എംടിയുടെ നോവലിനെ ആസ്പദമാക്കിയുള്ള സിനിമ താന്‍ തന്നെ സംവിധാനം ചെയ്യുമെന്നാണ് ഒരു സ്വകാര്യ എഫ്എം ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്.
ഒരു വിശ്വപ്രസിദ്ധമായ പുരാണ കഥയെ സിനിമയാക്കുമ്പോള്‍ അതിനെക്കുറിച്ച് വളരെയധികം പഠിക്കേണ്ടതുണ്ട്. ഗൗരവമേറിയ ഗവേഷണം തന്നെ നടത്തേണ്ടതുണ്ട്. അതു കൊണ്ടു തന്നെ അത്തരമൊരു സിനിമ ചെയ്യാന്‍ എടുക്കുന്ന തീര്‍ത്തും ന്യായമായ സമയമേ ഞാനെടുത്തിട്ടുള്ളൂ എന്നു തന്നെയാണ് കരുതുന്നത്. രണ്ടാമൂഴം പെട്ടെന്നു സിനിമയായിക്കാണണമെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു. അതാണ് അദ്ദേഹം ധൃതി പിടിച്ചിരുന്നത്. ശ്രീകുമാര്‍ പറയുന്നു.
ഒടിയന്റെ തിരക്കുകള്‍ വന്നപ്പോള്‍ രണ്ടാമൂഴത്തിന്റെ അപ്‌ഡേറ്റുകള്‍ എംടിയെ അറിയിക്കുന്നതില്‍ തനിക്ക് വീഴ്ച പറ്റിയെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് നേരില്‍ കണ്ടു സംസാരിച്ചപ്പോള്‍ തെറ്റിദ്ധാരണകളെല്ലാം തീര്‍ക്കാനും ആത്മാര്‍ഥമായി ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ അപ്പോഴേക്കും അദ്ദേഹം സ്‌ക്രിപ്റ്റ് തിരികെ വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. എന്നാലിനിയുള്ള കാര്യങ്ങള്‍ നിയമവഴിയെ നടക്കട്ടെയെന്നാഗ്രഹിച്ച് അതിനനുസരിച്ച് നീങ്ങുകയാണെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
എന്റെ ആത്മവിശ്വാസം എന്നാല്‍ ഇതു കൊണ്ടൊന്നും തകരുന്നില്ല. മോഹന്‍ലാല്‍ ഭീമസേനനായെത്തുന്ന രണ്ടാമൂഴം ഞാന്‍ തന്നെ സിനിമയാക്കുമെന്ന കാര്യത്തിലെനിക്കു സംശയമില്ല. ഒരു പക്ഷേ എം.ടി സാറിനു പോലും സംശയമുണ്ടാകില്ലശ്രീകുമാര്‍ ഉറപ്പിച്ചു പറഞ്ഞു. രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ ആര്‍ബിട്രേറ്ററെ നിയോഗിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി 17ന് പരിഗണിച്ച്, തീരുമാനമെടുക്കും.
സിനിമയുമായി ബന്ധപ്പെട്ട് തിരക്കഥ നല്‍കിയതല്ലാതെ ഒരു കാര്യവും മുന്നോട്ട് പോയിട്ടില്ലെന്നും അതിനാല്‍ ആര്‍ബിട്രേറ്ററുടെ ആവശ്യമില്ലെന്നും എം ടി വാസുദേവന്‍ നായരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും കേസ് വേഗം തീരാന്‍ ആര്‍ബിട്രേറ്ററെ നിയോഗിക്കണമെന്നും ശ്രീകുമാര്‍ മേനോന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മൂന്നു വര്‍ഷത്തിനുള്ളില്‍ ചിത്രീകരണം ആരംഭിക്കുമെന്ന കരാര്‍ ലംഘിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് തിരക്കഥ തിരികെ കിട്ടാന്‍ എംടി കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചത്.
തര്‍ക്കമുണ്ടാവുന്നപക്ഷം ആര്‍ബിട്രേറ്റര്‍ക്ക് വിടാമെന്ന് കരാറില്‍ ഉണ്ടെന്ന വാദമാണ് ശ്രീകുമാര്‍ മേനോന്റെ അഭിഭാഷകന്‍ നേരത്തേ ഉന്നയിച്ചത്. എന്നാല്‍ കരാര്‍ പൂര്‍ണമായും ലംഘിക്കപ്പെടുകയും അണിയറപ്രവര്‍ത്തനങ്ങള്‍ ഇതുവരെ തുടങ്ങാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആര്‍ബിട്രേറ്റര്‍ക്ക് പ്രസക്തിയില്ലെന്നാണ് എംടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നത്.