തിര എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലേക്കെത്തിയ താരമാണ് ബേസിൽ ജോസഫ്. പിന്നീട് കുഞ്ഞിരാമായണം എന്ന ചിത്രത്തിലൂടെ സംവിധായകനായി മാറി. സംവിധായകൻ എന്നതിലുപരി മികച്ച അഭിനേതാവ് കൂടിയാണ് താരം. കുഞ്ഞിരാമായണത്തിന് ശേഷം ബേസിൽ സംവിധാനം ചെയ്ത ഗോദ എന്ന സിനിമയും ശ്രദ്ധിക്കപ്പെട്ടു.
തൊട്ടതൊക്കെയും പൊന്നാക്കുന്ന കലാകാരനായാണ് ബേസിൽ സിനിമ വ്യവസായത്തിൽ അറിയപ്പെടുന്നത് തന്നെ. താരത്തിന്റെ അഭിമുഖങ്ങളും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. താരജാഡകൾ ഒന്നുമില്ലാതെ പച്ചയായ ഒരു മനുഷ്യനായി എല്ലാം തുറന്നു സംസാരിക്കാറുണ്ട് എന്നതും ബേസിലിന്റെ ഒരു പ്രത്യേകതയാണ്.
ഇപ്പോഴിതാ ബേസിലിന്റെ ഒരു പ്രസംഗമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ബേസിൽ നടത്തിയ പ്രസംഗമാണ് വൈറൽ ആവുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
എനിക്ക് മുൻപ് പ്രസംഗിക്കാൻ വരുന്ന ആൾ പറയും ഞാൻ എന്റെ വാക്കുകൾ വലിച്ചു നീട്ടുന്നില്ല. നിങ്ങൾ ആകാംഷയോടെ കാത്തിരിക്കുന്ന ബേസിലിനെ ക്ഷണിക്കാം എന്ന്. അത് കേൾക്കുമ്പോൾ ഞാൻ നെഞ്ചിൽ കൈ വച്ച് അമ്മേ ഞാൻ എന്ത് പറയാൻ ആണെന്ന് ആലോചിക്കും. ഇവിടെ വരുന്ന പാട്ടുപാടാൻ അറിയുന്നവർക്ക് പാട്ടുപാടാം, ഡാൻസ് ചെയ്യാൻ അറിയുന്നവർക്ക് ഡാൻസും ചെയ്യാം. ഞാനൊക്കെയാണ് പെട്ട് പോകുന്നത്. എനിക്കൊക്കെ സംസാരിക്കാൻ മാത്രമേ അറിയൂ.
ക്ലാസ് റൂമിൽ പഠിച്ചത് ഒന്നും എനിക്ക് ഓർമ്മയില്ല. ഇലക്ട്രിക്കൽ എൻജിനീയറിങ് ആണ് ഞാൻ പഠിച്ചത്. ആ കാലഘട്ടത്തിൽ വീട്ടിലെ വാഷിങ് മെഷീൻ കേടായപ്പോൾ അച്ഛൻ എന്നെ നോക്കിയ നോട്ടമൊക്കെ ഇന്നും എനിക്കോർമ്മയുണ്ട്. അപ്പുറത്തെ ഇലക്ട്രീഷ്യനെ വിളിച്ചു വരുത്തിയാണ് ഞാൻ അത് ശരിയാക്കിയത്. ഇലക്ട്രിക്കൽ എൻജിനീയറിങ് എന്ന് പറഞ്ഞാൽ വാഷിങ് മെഷീൻ ശരിയാക്കൽ ഒന്നും അല്ല, ഞങ്ങൾ വേറെ ലെവൽ കളികൾ ആണെന്നൊക്കെ പറഞ്ഞു ഞാൻ അന്ന് ഒഴിവായതാണ്. ഒരു എൻജിനീയർ എന്ന നിലയിൽ ഞാൻ വളരെ വലിയ പരാജയം ആയിരുന്നു.