മലയാളത്തിന് നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. സ്വതന്ത്ര സംവിധാനത്തിലേക്ക് കടക്കുന്നതിനേക്കാൾ മുൻപ് അദ്ദേഹം സവിധായകൻ കമലിന്റെ അസിസ്റ്റൻഡ് ആയിരുന്നു. പിന്നീട് അസോസിയേറ്റായി. ലാൽ ജോസ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് 1991 ൽ പുറത്തിറങ്ങിയ ഒരു മറവത്തൂർ കനവ്.
ഇപ്പോഴിതാ സഫാരി ടിവിയിലെ ചരിത്രം എന്ന പരിപാടിയിലൂടെ സ്വതന്ത്ര സംവിധാനത്തിലേക്ക് കടന്നതിനെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ലാൽ ജോസ്. വധു ഡോക്ടറാണ് എന്ന സിനിമ ചെയ്യുന്നതിനിടയിൽ അതിന്റെ നിർമ്മാതാക്കളായ ഡോ ജെയിംസ് ബ്രൈറ്റും അലക്സാണ്ടർ മാത്യു പൂയപ്പള്ളിയുമാണ് ലാലിനോട് അവരുടെ അടുത്ത സിനിമ സംവിധാനം ചെയ്യാൻ കഴിയുമോ എന്ന് ചോദിച്ചത്. പിന്നീട് അത് ചരിത്രമായി.
ലാൽ ജോസ് പറഞ്ഞതിങ്ങനെ; എ്‌ന്റെ കല്യാണം കഴിയുമ്പോൾ ഞാൻ അസോസിയേറ്റ് ഡയറക്ടറാണ്. അധികം പ്രതിഫലം ഒന്നും ഇല്ല. വർഷത്തിൽ ആകെ ചെയ്യുന്നത് രണ്ട് സിനിമയാണ്. രണ്ടോ, മൂന്നോ സിനിമ ചെയ്താൽ എനിക്ക് കുഴപ്പം ഇല്ലാതെ മുന്നോട്ട് പോവാം. അന്നും സംവിധായകനാവാൻ എന്നെ വിളിക്കുന്നുണ്ട്. പക്ഷെ എനിക്ക് ധൈര്യമില്ലായിരുന്നു. സംവിധാനം ചെയ്ത് പടം പൊളിഞ്ഞാലോ, അവിടെയും ഇവിടെയും ഇല്ലാത്ത അവസ്ഥയാവും.
പക്ഷേ വധു ഡോക്ടറാണ് എന്ന സിനിമ ചെയ്യുന്ന സമയത്താണ്
നിർമ്മാതാക്കളായ ജെയിംസ് ബ്രൈറ്റും അലക്സാണ്ടർ മാത്യുവും പുഴപ്പുളി ഫിലിംസിന്റെ അടുത്ത സിനിമ പുതിയ ഒരു ഡയറക്ടറെ കൊണ്ട് ചെയ്യിക്കാൻ ആണ് ഉദ്ദേശിക്കുന്നതെന്ന് പറയുന്നത്. ഞാൻ ആരാണെന്ന് ചോദിച്ചപ്പോൾ നീയാണെന്ന് പറഞ്ഞു.
അതൊരു റിസ്‌ക് ആണെന്ന് മനസ്സിലാക്കിയ ഞാൻ ഒഴിഞ്ഞുമാറാനായി ഞാൻ സംവിധാനം ചെയ്യണമെങ്കിൽ ശ്രീനിവാസനോ, ലോഹിതദാസോ തിരക്കഥ എഴുതണമെന്ന് പറഞ്ഞു. ആ സമയത്ത് തിരക്കുള്ള തിരക്കഥാകൃത്തുക്കാളാണ് ഇരുവരും എനിക്ക് വേണ്ടി സിനിമ ചെയ്യാനും സാധ്യത ഇല്ല. പക്ഷെ നിർമ്മാതാക്കൾക്ക് ശ്രീനിവാസനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അവരുടെ ആഗ്രഹപ്രകാരം തിരക്കഥ എഴുതാൻ ശ്രീനിവാസൻ സമ്മതിച്ചു. പക്ഷേ സംവിധായകൻ ഞാനാണെന്ന് കേട്ടപ്പോൾ അദ്ദേഹം ഒന്ന് ഞെട്ടി. ഒന്ന് ആലോചിച്ചതിനു ശേഷം അപ്പോ തന്നെ തിരക്കഥ തരാമെന്ന് പറഞ്ഞു.
എനിക്ക് തോന്നുന്നത് ഞാൻ സംവിധായകനാവാൻ കാരണം അവരാണെന്നാണ്. ശ്രീനിയേട്ടന്റെ വാക്കിലാണ് എനിക്ക് ആത്മവിശ്വാസം ലഭിച്ചത്. എന്നെ പോലൊരാൾ സംവിധായകനാവാൻ പ്രാപ്തനാണ് എന്ന് വിശ്വസിക്കുന്നു എന്ന് അദ്ദേഹത്തെ പോലൊരാൾ പറയുന്നത് തന്നെ വലിയ കാര്യമാണെന്ന്ാണ് ലാൽ ജോസ് പറഞ്ഞത്.