മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് ജയറാം. ഒരു കാലത്ത് ജനപ്രിയ ചിത്രങ്ങളിലെല്ലാം നായകനായി എത്തിയിരുന്നത് ജയറാമായിരുന്നു. എന്നാൽ പിന്നീട് താരത്തെ അധികം സിനിമകളിൽ കാണാതായി തുടങ്ങി. തുടരെ തുടരെ താരത്തിന്റെ സിനിമകൾ പരാജയം രുചിച്ചു തുടങ്ങി. നല്ല സിനിമകൾ കിട്ടുന്നില്ല എന്നതായിരുന്നു കാരണം. ഇതോടെ മലയാള സിനിമയിൽ നിന്നും താത്കാലികമായി താരം വിട്ടും നിന്നു.
പിന്നീട് താരത്തെ തെലുങ്ക്, തമിഴ് അടക്കമുള്ള മറ്റ് ഭാഷകളിലാണ് കാണാൻ കഴിഞ്ഞത്. ഇപ്പോഴിതാ, താൻ എന്തുക്കൊണ്ടാണ് മലയാള ചിത്രങ്ങൾ ചെയ്യുന്നില്ല എന്നതിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരം. കന്നഡ സൂപ്പർ സ്റ്റാർ ശിവരാജ്കുമാർ നായകനായി എത്തുന്ന ‘ഗോസ്റ്റ്’ സിനിമയുടെ പ്രസ്മീറ്റിൽ സംസാരിക്കുകയായിരുന്നു താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; മലയാളത്തിൽ നല്ല സിനിമകൾ കിട്ടിയാൽ മാത്രമെ ചെയ്യുന്നുള്ളൂ.
വളരെ ത്രില്ലിംഗായിട്ടുള്ള സിനിമ വന്നാൽ ചെയ്യാം എന്നായിരുന്നു ഞാൻ പറഞ്ഞിരുന്നത്. അതിനായി വെയിറ്റിംഗിലായിരുന്നു. ആ സമയത്താണ് മിഥുൻ മാനുവൽ വന്ന് ഒരു കഥ പറഞ്ഞത്. ഇനി അതിനേക്കാൾ മുകളിലൊരു സിനിമ വരാൻ വേണ്ടിയാണ് കാത്തിരിക്കുന്നത്. മറ്റ് ഭാഷകളിലൊക്കെയായിട്ട് 365 ദിവസവും ജോലി ഉണ്ട്. തെലുങ്കിൽ ശങ്കർ-രാം ചരൺ സിനിമ ചെയ്യുന്നുണ്ട്. നാനിയുടെ മൂവിയിൽ അഭിനയിച്ചിരുന്നു.
ഇപ്പോൾ ഗോസറ്റ് മൂവി റിലീസ് ആകുന്നു. തുടക്കം മുതൽ കുടുംബ ചിത്രങ്ങിലൂടെയാണ് ഞാൻ വന്നത്. ഇപ്പോൾ മറ്റു ഭാഷകളിലും അത്തരം ചിത്രങ്ങൾ ലഭിക്കുന്നുണ്ട്’. എം.ജി ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ഗോസ്റ്റ് ഒക്ടോബർ 19-നാണ് തിയേറ്ററുകളിൽ എത്തുന്നത്.
ശിവരാജ്കുമാർ, ജയറാം എന്നിവരെ കൂടാതെ വിജയ് സേതുപതി, പ്രശാന്ത് നാരായണൻ, അർച്ചന ജോയ്സ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സത്യൻ അന്തിക്കാടിൻറെ മകൾ എന്ന ചിത്രത്തിന് ശേഷം ജയറാമിൻറേതായി തിയറ്ററുകളിലെത്തുന്ന മലയാള ചിത്രം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‌ലർ ആണ്. ഡിസംബറിൽ ചിത്രം തിയറ്ററുകളിലെത്തും.