തെലുങ്കിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് പവൻ കല്യാൺ. സൂപ്പർസ്റ്റാർ ചിരഞ്ജീവിയുടെ സഹോദരൻ. സിനിമയിൽ മാത്രമല്ല, രാഷ്ട്രീയത്തിലും സജീവമാണ് താരം. മുൻപ് സഹോദരൻ ചിരഞ്ജീവിയുടെ പ്രജാ രാജ്യം പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന പവൻ കല്യാൺ 2014 ൽ ജന സേനാ പാർട്ടി എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. നിലവിൽ പാർട്ടിയുടെ പ്രസിഡൻറ് ആണ് പവൻ.
അടുത്തിടെ ഒരു രാഷ്ട്രീയ റാലിക്കിടെ അണികളെ അഭിവാദ്യം ചെയ്യുമ്പോൾ സിനിമയിൽ നിലവിൽ താൻ വാങ്ങുന്ന പ്രതിഫലം എത്രയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അദ്ദേഹം പറഞ്ഞ പ്രതിഫല കണക്കാണ്. ഒരു സിനിമക്ക് ഇത്ര രൂപയായിട്ടല്ല ഞാൻ പ്രതിഫലം വാങ്ങുന്നത്. പ്രതിദിന കണക്കിലാണ്. അതായത് ഒരു ദിവസം ഞാൻ വാങ്ങുന്നത് 2 കോടി രൂപയാണ്. ഞാൻ 20 ദിവസം ജോലി ചെയ്താൽ എനിക്ക് കിട്ടുന്നത് 45 കോടി രൂപയാണ്.
പണത്തോട് വലിയ ആഗ്രഹമുള്ള ആളല്ല ഞാൻ. അത്തരത്തിലൊരു മനുഷ്യനല്ല ഞാൻ. ആവശ്യം വന്നാൽ ഇതുവരെ സമ്പാദിച്ചതൊക്കെ വിട്ടുകൊടുക്കാൻ എനിക്ക് മടിയില്ല. നിലവിൽ ഒരു സിനിമയിൽ അഭിനയിച്ചുക്കൊണ്ടിരിക്കുകയാണ് ഞാൻ. ഞാൻ അഭിനയിക്കുന്ന എല്ലാ സിനിമക്കും ദിവസേന എനിക്ക് 2 കോടി പ്രതിഫലം ലഭിക്കില്ല. സിനിമക്കനുസരിച്ച് ഇത് മാറും.
ശരാശരി പ്രതിഫലത്തെ കുറിച്ചുള്ള കണക്കാണ് ഞാൻ പറഞ്ഞത്. നിങ്ങൾ എനിക്ക് ന ല്കിയ മൂല്യമാണ് പ്രതിഫല കാര്യത്തിൽ എനിക്ക് ലഭിക്കുന്ന തുക.രാഷ്ട്രീയ അധികാരം താൻ ലക്ഷ്യമാക്കുന്നത് പണം മുന്നിൽ കണ്ടല്ലെന്ന് വ്യക്തമാക്കാനാണ് സിനിമയിലെ പ്രതിഫലക്കാര്യം പവൻ കല്യാൺ റാലിക്കിടെ പറഞ്ഞത്. ഏകദേശം 100 കണക്കിന് അനുയായികൾ പവന്റെ പ്രസംഗം കേൾക്കാൻ തടിച്ച് കൂടിയിരുന്നു.
മലയാളത്തിൽ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സിനിമയുടെ തെലുങ്ക് റീമേക്കിലാണ് പവൻ കല്യാൺ അവസാനമായി അഭിനയിച്ചത്. ഭീംല നായക് എന്നായിരുന്നു സിനിമയുടെ പേര്. മലയാളത്തിൽ ബിജു മേനോൻ അവതരിപ്പിച്ച റോളിൽ പവൻ കല്യാൺ എത്തിയപ്പോൾ പൃഥ്വിരാജിൻറെ വേഷത്തിൽ റാണ ദഗുബാട്ടി ആയിരുന്നു.