മലയാളത്തിന്റെ വാനമ്പാടിയാണ് നമ്മുടെ കെ എസ് ചിത്ര വളരെ ലാളിത്യത്തോടെ, എല്ലാവരോടും പുഞ്ചിരിച്ച് കൊണ്ട് മാത്രം സംസാരിക്കുന്ന ചിത്രയെ ആയിരിക്കും പെട്ടെന്ന് നമുക്കെല്ലാവർക്കും ഓർമ്മവരിക. മറ്റുള്ളവരുടെ ദുഖം സ്വന്തം ദുഖം പോലെയാണ് ചിത്ര കൊണ്ടു നടക്കുക എന്ന് പലപ്പോഴും അടുപ്പമുള്ളവർ പറഞ്ഞ് കേട്ടിട്ടുണ്ട്. ആരെയും വേദനിപ്പിക്കാൻ കഴിയാത്ത തികച്ചും സ്വാത്തികയായ സ്ത്രീ എന്നാണ് ചിത്രയെ പലപ്പോഴും വിശേഷിപ്പിക്കാറുള്ളത്.
അമ്മയായും, സഹോദരിയായും, കാമുകിയായും ചിത്രയുടെ ശബ്ദത്തിൽ ഒരുപാട് ഗാനങ്ങൾ ഇന്ത്യയൊട്ടാകെ കേട്ടുക്കഴിഞ്ഞു. വിവിധ ഭാഷകളിലായി 25000ത്തിലധികം ഗാനങ്ങളാണ് ചിത്ര പാടിയിരിക്കുന്നത്. വയസ്സ് അറുപത് ആകാറായിട്ടും ഇപ്പോഴും വളരെ മനോഹരമായാണ് ചിത്ര പാടുന്നത്. ഇപ്പോഴിതാ ചില പാട്ടുകൾ പാടുമ്പോൾ അതിന്റെ വരികൾ കാരണം ബുദ്ധിമുട്ട് തോന്നിയിട്ടുണ്ട് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ചിത്ര. മനോരമ ന്യൂസിലെ നേരെ ചൊവ്വേ എന്ന പരിപാടിയിലാണ് ചിത്രയുടെ തുറന്ന് പറച്ചിൽ.
ജീവിതത്തിൽ ഒരുപാട് വൃത്തി സൂക്ഷിക്കുന്ന ചിത്രയ്ക്ക് പാടാൻ കിട്ടുന്ന ഗാനങ്ങളിലെ വരികൾക്ക് വൃത്തിയില്ലെന്ന് തോന്നാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ. അത് പറയുമ്പോൾ വലിയൊരു കഥ പറയേണ്ടി വരും, അത് പറയാമോ എന്നറിയില്ല എന്ന് പറഞ്ഞാണ് ചിത്ര തുടങ്ങിയത്. ഡബിൾ മീനിങ് വരികൾ തനിക്ക് ചിലപ്പോൾ മനസിലാകില്ലെന്ന് ചിത്ര പറയുന്നു. പച്ചയ്ക്ക് വരുന്ന, നമുക്ക് പാടാൻ ഒരു സങ്കോചം തോന്നുന്ന വരികൾ ഒന്ന് രണ്ടു തവണ വന്നപ്പോൾ ആ വരി മാറ്റമോ എന്ന് ഞാൻ അപേക്ഷിച്ചിട്ടുണ്ട്. പക്ഷേ തമിഴിലെ വളരെ പ്രശസ്തനായ, മുതിർന്ന ഒരു കവിയുടെ വരികൾ ആയിരുന്നു.
ഞാൻ അത് ചോദിച്ചത് അദ്ദേഹത്തിന് ഇഷ്ടമായില്ല. അത് വലിയൊരു പ്രശ്നമായി. ഇളയരാജ സാറിന്റെ അടുത്ത് പരാതിയെത്തി. അതിനു ശേഷം ഒരു റെക്കോർഡിങ്ങിന് പോയപ്പോൾ രാജ സാർ വിളിച്ചു. അദ്ദേഹം പറഞ്ഞു, ‘ഒരുപാട് പേർ ഒരുപാട് ജോലികൾ ചേർന്ന് ചെയ്ത് കഴിയുമ്പോഴാണ് വലിയൊരു സിനിമയുണ്ടാകുന്നത്. ഓരോരുത്തർക്ക് ഓരോ ജോലി പറഞ്ഞിട്ടുണ്ട്. അത് ചെയ്യുക.
അദ്ദേഹം ചീത്ത വരികൾ എഴുതണം എന്ന ആഗ്രഹം കൊണ്ട് എഴുതുന്നതല്ല. ആ സിനിമയ്ക്ക്, ആ സിറ്റുവേഷന് എന്ത് വേണമോ, അതാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. അത് മാറ്റാൻ പറയാൻ നിനക്കു അധികാരമില്ല. നിന്റെ ജോലി ആ പാട്ട് നിന്റെ ശബ്ദത്തിലൂടെ പാടി കൊടുക്കുക എന്നതാണ്. അവിടെ സംഗീത സംവിധായകൻ അയാളുടെ ജോലി ചെയ്യും. എഴുതുന്ന ആൾ അയാളുടെ ജോലി ചെയ്യും. അതിലൊന്നും ഇങ്ങനെ പറയാൻ പാടില്ല.’ അത് ഒരു അച്ഛൻ മകൾക്ക് നൽകുന്ന ഉപദേശം പോലെയാണ് ഞാൻ എടുത്തത്,’ എന്നാണ് ചിത്ര പറഞ്ഞത്.