ബോളിവുഡിലെ എണ്ണം പറഞ്ഞ നായികമാരിൽ ഒരാളാണ് ദീപിക പദുകോൺ. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക എന്നതിലുപരി ലോകോത്തര ബ്രാൻഡുകളുടെ അംബാസിഡർ കൂടിയാണവർ. ദീപിക ബൊളീവുഡിലെ നിറസാന്നിധ്യമാകാൻ തുടങ്ങിയിട്ട് 15 വർഷത്തിലധികമായി. താരത്തിന്റെ ചില പ്രണയ ബന്ധങ്ങൾ ഓൺ സ്‌ക്രീനിലെന്ന പോലെ ഓഫ് സ്‌ക്രീനിലും താരത്തെ വിടാതെ പിന്തുടർന്നു.
ഇന്ത്യൻ കായിക ലോകത്തെ നിറസാന്നിധ്യവും ഇതിഹാസവുമായ പ്രകാശ് പദുക്കോണിന്റെ മകൾ ലോകമറിയുന്ന ബാഡ്മിന്റൺ താരമാകുമെന്ന് കരുതിയവർക്ക് തെറ്റി. സ്‌പോർട്‌സിൽ നിന്ന് വിഭിന്നമായ മേഖലയാണ് ദീപിക തിരഞ്ഞെടുത്തത്. ചെറുപ്പത്തിലേ മോഡലിങ്ങിലും, പരസ്യങ്ങളിലും ദീപിക തന്റെ സാന്നിധ്യം അറിയിച്ചു. ബാഡ്മിന്റൺ മത്സരങ്ങളിലുള്ള തന്റെ കഴിവ് മനസ്സിലാക്കിയിട്ടും അത് വിട്ട് ഫാഷൻ ലോകത്തേക്ക് ഇറങ്ങുകയായിരുന്നു ദീപിക . അവിടെ നിന്നുമാണ് താരം സിനിമയിലേക്ക് എത്തുന്നത്.
ദീപികയുടെ എല്ലാം സിനിമയാണ്. താരം തന്റെ ജീവിതം കെട്ടിപ്പടുത്തതും, പങ്കാളിയെ കണ്ടെത്തിയതും സിനിമയിൽ നിന്നാണ്. തെന്നിന്ത്യൻ ചിത്രത്തിലായിരുന്നു ദീപിക ആദ്യം അഭിനയിച്ചത്. അവിടെ നിന്ന് ഷാരുഖിന്റെ നായികയായി ഓം ശാന്തി ഓമിൽ അഭിനയിച്ചു. പിന്നീടങ്ങോട്ട് തരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ദീപികയുടെ കരിയറിലെ വലിയ വിജയങ്ങളിൽ ഒന്നായ ചിത്രമായിരുന്നു പത്മാവത്ത്. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രത്തിൽ രൺവീർ സിങ്ങും ഷാഹിദ് കപൂറുമായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റാണി പത്മാവതി എന്ന കഥാപാത്രത്തെയാണ് ദീപിക ചിത്രത്തിൽ അവതരിപ്പിച്ചത്. ദീപികയുടെ ഭർത്താവിന്റെ വേഷമായ മഹാർവാൾ രത്തൻ സിങ് ആയി എത്തിയത് ഷാഹിദ് കപൂർ ആയിരുന്നു. എന്നാൽ യഥാർത്ഥത്തിൽ ആ വേഷം ചെയ്യേണ്ടിയിരുന്നത് ഷാഹിദ് ആയിരുന്നില്ല.
നടൻ വിക്കി കൗശൽ ആയിരുന്നു സഞ്ജയ് ലീല ബൻസാലിയുടെ ആദ്യ ഓപ്ഷൻ. എന്നാൽ ദീപിക സമ്മതം നൽകാത്തതിനാൽ വിക്കിയെ മാറ്റി ഷാഹിദിനെ കൊണ്ടുവരുകയായിരുന്നു. വിക്കി കൂടുതൽ നല്ല വേഷങ്ങളിലേക്ക് എത്തി തുടങ്ങുന്ന സമയമായിരുന്നു അത്. തന്റെ ഭർത്താവായി അഭിനയിക്കാൻ ഒരു വലിയ നടനെ വേണമെന്ന് ആവശ്യപ്പെട്ട ദീപിക വിക്കി കൗശലിനൊപ്പം അഭിനയിക്കാൻ പരസ്യമായി വിസമ്മതിക്കുകയായിരുന്നു.
ഷാരൂഖ് ഖാൻ നായകനായ പത്താൻ ആണ് ദീപികയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഹൃത്വിക് റോഷൻ നായകനായ ഫൈറ്റർ, അമിതാഭ് ബച്ചൻ, പ്രഭാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന പ്രൊജക്റ്റ് കെ എന്നിവയും ദീപികയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.