2023 ജൂൺ അഞ്ച് മലയാളികളിൽ നിന്ന് തട്ടിയെടുത്ത കഴിവുറ്റ കലാകാരനായിരുന്നു സുധി കൊല്ലം. ഒരു പുലർക്കാലം കേരളം ഞെട്ടലോടെ കേട്ടത് സുധിയുടെ മരണവാർത്തയായിരുന്നു. തൃശ്ശൂർ കയ്പമംഗലത്ത് വെച്ച് നടന്ന ആക്‌സിഡന്റിൽ അന്ന് സുധിക്കൊപ്പമുണ്ടായിരുന്നവർ രക്ഷപ്പെട്ടു. പക്ഷെ അതിനുശേഷം സമാധാനത്തോടെ ഒന്നുറങ്ങാൻ പോലും കഴിഞ്ഞിട്ടില്ല എന്നാണ് സുധിയുടെ അടുത്ത സുഹൃത്തായ ബിനു അടിമാലി അടക്കമുള്ളവർ പറഞ്ഞത്.
ഇപ്പോഴിതാ അപകടത്തിന് ശേഷം സ്റ്റാർ മാജിക്കിന്റെ വേദിയിലെത്തിയ ബിനു അടിമാലി പങ്ക് വെച്ച കാര്യങ്ങളാണ് ഏവരുടെയും കണ്ണ് നനയിക്കുന്നത്. അപകടത്തെ കുറിച്ചും താൻ അനുഭവിക്കുന്ന വേദനയെ കുറിച്ചുമൊക്കെ ബിനു ഷോയിൽ സംസാരിക്കുന്നുണ്ട്. ബിനുവിന്റെ വാക്കുകൾ ഇങ്ങനെ; അപകടം നടന്ന ശേഷം മനസ് തുറന്ന് ചിരിക്കുന്നത് കഴിഞ്ഞ ദിവസത്തെ മിമിക്രി അസോസിയേഷൻ പരിപാടിയിലാണ്.
ഡോക്ടറോട് മിമിക്രി സംഘടനയുടെ വേദിയിൽ പരിപാടി അവതരിപ്പിക്കാൻ പൊയ്ക്കോട്ടേ എന്ന് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. എന്തായാലും പോകണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ശരിക്കും പറഞ്ഞാൽ വട്ടിനുള്ള മരുന്ന് കഴിക്കേണ്ട അവസ്ഥയിൽ നില്ക്കുകയാണ്. സുധി ചിരിക്കുമ്പോൾ അവന്റെ മുഖത്ത് സൈഡിൽ ഉണ്ടാകുന്ന കുഴി ഉണ്ടല്ലോ അതവൻ എനിക്ക് തന്നിട്ടാണ് പോയത്. ഇപ്പോൾ എന്റെ വലത് സൈഡിൽ അതുപോലൊരു കുഴി വരും.
അപകടം നടക്കുന്ന ദിവസം അവൻ തന്നെ ആയിരുന്നു കാറിന് മുന്നിൽ ഇരുന്നിരുന്നത്. അത് വരെ ഇല്ലാത്ത എനർജിയായിരുന്നു അവന്. ഫുൾ പവറായിരുന്നു. എന്നെ കാറിന്റെ മുൻപിലിരുത്താൻ പോലും അവൻ സമ്മതിച്ചില്ല. ഷോയ്ക്ക് വേണ്ടി വടകരക്ക് പോകുമ്‌ബോളും അവൻ ചാടി കയറി മുന്നിൽ ഇരുന്നു. ഭക്ഷണം കഴിഞ്ഞിറങ്ങുമ്‌ബോഴും അവൻ തന്നെ മുന്നിൽ.
ബാക്ക് സീറ്റിൽ ആണ് ഞാനും മഹേഷും ഇരുന്നിരുന്നത്. സുധി മുന്നിലെ സീറ്റിൽ ഉറക്കവും. പിന്നീട് ഉറക്കം വിട്ടുണരുന്നത് എല്ലാം കഴിഞ്ഞശേഷമാണ്. ഞാൻ എഴുന്നേറ്റ് നോക്കുമ്‌ബോൾ ആരും അടുത്തില്ല. ആർക്കോ അപകടം പറ്റി, രക്ഷാപ്രവർത്തനത്തിന് അവർ പോയിരിക്കുകയാണ് എന്നാണ് കരുതിയത്. ഞാൻ പുറത്തിറങ്ങിയപ്പോൾ ശരീരത്തിന് ഒരു ഭാരം, അപ്പോൾ കരുതിയത് ഉറക്കത്തിന്റെയാകും എന്നാണ്.
പുറത്തിറങ്ങി റോഡിൽ ഇരുന്നപ്പോൾ ഇവിടെ ഒരാൾ കൂടിയുണ്ടെന്ന് ചിലർ വിളിച്ചു പറയുന്നത് കേട്ടു. ആംബുലൻസിൽ കയറ്റിയപ്പോൾ അവിടെ സുധി കിടക്കുന്നുണ്ട്. ശ്വാസം കിട്ടാതെ കാല് അങ്ങോട്ടും ഇങ്ങോട്ടും അനക്കികൊണ്ട് തല വെട്ടിക്കുകയാണ്. അവൻ കിടക്കുന്ന ആ കിടപ്പാണ് എന്റെ മനസിൽ നിന്നും ഇന്നും മായാതെ നിൽക്കുന്നത്. അപ്പോഴും അവന്റെ ശൈലിയിൽ അവൻ പറയുന്നുണ്ട്. എടാ ഏട്ടനെ കെട്ടിയിടല്ലേയെന്ന്.
ഞാൻ അപ്പോൾ അവനോട് ചൂടാകുന്നുണ്ട്. മിണ്ടാതെ കിടക്കെടാ അവിടെയെന്ന്. കാരണം അപകടം നടന്നത് എനിക്ക് അറിയില്ലായിരുന്നു. ശ്വാസം കിട്ടാതെയാണ് അവൻ കിടന്നു ഇതൊക്കെ പറഞ്ഞത്. ഞാൻ അന്നുമുതൽ തുടങ്ങിയ കരച്ചിലാണ്. ഇനി എനിക്ക്
വയ്യ. എന്നെയും കൊണ്ട് പോകുന്ന ആൾ വണ്ടിയിൽ നിന്നും അവന്റെ മരണകാര്യം വിളിച്ചു പറയുന്നത് ഞാൻ കേട്ടു. പക്ഷേ സുധി എവിടെയെന്ന് ചോദിച്ചപ്പോൾ ഇവിടെയുണ്ടെന്ന് പറയുകയും ചെയ്യുന്നുണ്ട്. അപ്പോഴും എനിക്ക് അവൻ മരിച്ചുവെന്ന തോന്നലില്ല.
എനിക്ക് അവന്റെ കരച്ചിൽ ഇങ്ങനെ കേൾക്കാം. ഒരു വല്ലാത്ത കരച്ചിൽ. രാത്രിയിൽ ഈ സംഭവമൊക്കെയാണ് കേറി വരുന്നത്. ഒരു രണ്ടുമണി മൂന്നുമണി നേരത്തൊക്കെ ഉണർന്നിരിക്കുകയാണ്. ഇനി സ്റ്റാർ മാജിക് വേണ്ട, കലാരംഗം തന്നെ വെറുത്തുപോയി, വേറെ വല്ല പരിപാടിയും നോക്കാം എന്നൊക്കെയാണ് ഞാൻ മനസിൽ കരുതിയിരുന്നത് എന്നാണ് ബിനു പറഞ്ഞത്.