വിനീത് ശ്രീനിവാസൻ-പ്രണവ് മോഹൻലാൽ കൂട്ട് കെട്ടിൽ ഇറങ്ങിയ ചിത്രം ‘ഹൃദയ’ത്തെ പ്രശംസിച്ച് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. മറവിയിൽ വലപിടിച്ചു കിടന്നിരുന്ന ഗൃഹാതുരത്വത്തിന്റെ അറകൾ തുറക്കുവാൻ സഹായിച്ചതിനും പഴയ കാലത്തെ ജീവിതത്തിന്റെ അഭിവാജ്യമായിരുന്ന കുറച്ച് മനുഷ്യരേ ഒരിക്കൽ കൂടി കണ്ണിനു മുന്നിൽ എത്തിച്ചതിനും വിനീത് ശ്രീനിവാസന് നന്ദി പറയുന്നുവെന്ന് രാഹുൽ എഴുതി.
ദീർഘമായ ഒരു സിനിമയിൽ വിരസത തോന്നിപ്പിക്കാതെ മനോഹരവും, വർണ ശബളവുമായ ദൃശ്യവിരുന്നു ഒരുക്കിയ മുഴുവൻ പിന്നണി പ്രവർത്തകരും അഭിനന്ദനം അർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ALSO READ
രാഹുൽ മാങ്കൂട്ടത്തിന്റെ വാക്കുകൾ ഇങ്ങനെയാണ് :
സ്‌പോയിലർ അലർട്ട്..! ‘ഹൃദയം’ കാണാത്തവർ വായിക്കുകയുമരുത്.
ദർശന? നിത്യ? അരുൺ ? അന്ന് ദർശന ക്ഷമിച്ചിരുന്നുവെങ്കിൽ??? ആ തെറ്റിദ്ധാരണ മാറ്റുവാൻ അരുണിനു കഴിഞ്ഞിരുന്നുവെങ്കിൽ ? നിത്യ വന്നില്ലായിരുന്നുവെങ്കിൽ ? ഇല്ല ജീവിതത്തിൽ അത്തരം ചോദ്യ ചിഹ്നങ്ങൾക്കോ, if clause-നോ ഒന്നും പ്രസക്തിയില്ല…. ജീവിതം അത്തരത്തിലൊരു ഒഴുക്കാണ് , കഴിഞ്ഞ നിമിഷത്തെ പറ്റി നാം ചിന്തിക്കും മുൻപ് അടുത്ത നിമിഷം കടന്നു പോകുന്നൊരു ഒഴുക്ക്. അത് തന്നെയാണ് ദർശനയുടെ വിവാഹത്തലേന്ന് അരുൺ പറഞ്ഞ് വയ്ക്കുന്നതും. നാം തെറ്റിദ്ധരിക്കപെട്ട്, അത് തിരുത്തുവാൻ കഴിയാതെ, നിസ്സഹായരായി നില്ക്കുന്ന എത്ര നിമിഷങ്ങൾ ഓരോരുത്തരുടെയും ജീവിതത്തിലുണ്ട്. ആ ഒരു നിമിഷത്തെ അതിജീവിക്കുവാനാകാതെ തകർന്ന് പോകുന്നയെത്ര ബന്ധങ്ങൾ!
ദർശനയാണോ നിത്യയാണോ എന്ന പക്ഷം പിടിക്കുവാൻ കഴിയാത്തത്ര മനോഹരമായി കഥാപാത്രങ്ങളെ പൂർണമാക്കുവാൻ സിനിമയ്ക്ക് കഴിഞ്ഞിരിക്കുന്നു. ഒരാളുടെ ഒന്നിലധികം പ്രണയങ്ങൾ പറയുന്ന ചേരന്റെ ‘ഓട്ടോഗ്രാഫും’ , ഗൗതം മേനോന്റെ ‘വാരണമായിരവും’ ഒക്കെ പോലെ തന്നെ എല്ലാ പ്രണയങ്ങൾക്കും മനോഹാരിത നൽകുവാൻ വിനീതിനുമായി. ഒറ്റ വാക്കിൽ വിനീതിനെ പറ്റി പറഞ്ഞാൽ, നിങ്ങൾക്ക് ഈ സിനിമ കൂടിയാകുമ്പോൾ ഒരു ബാധ്യതയാകും , നിങ്ങളുടെ പേര് കണ്ട് കാണികൾ വരുമെന്ന ബാധ്യത, ആ പ്രതീക്ഷയ്‌ക്കൊത്ത് സിനിമകൾ തിരിച്ച് നൽകണമെന്ന ബാധ്യത, മിനിമം ഗ്യാരണ്ടി സംവിധായകൻ എന്ന ബാധ്യത…
വിനീത് ശ്രീനിവാസൻ പ്രണയം കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യം ശ്രദ്ധേയമാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണം നാളിതു വരെയുള്ള സിനിമകൾ മാത്രമല്ല, ഈ സിനിമയിലെ തന്നെ വിരലിലെണ്ണാവുന്ന സീക്വൻസ് മാത്രമുള്ള സെൽവന്റെയും തമിഴ്‌സെൽവിയുടെയും പ്രണയം വരെ നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്നുണ്ട്.
ഒരു പ്രണയ സിനിമ മാത്രമല്ല ‘ ഹൃദയം’ എല്ലാത്തരം ഹൃദയബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന സിനിമയാണത്. മകന് പേരിടുവാൻ നിത്യ പറയുമ്പോൾ, ‘സെൽവ ‘ എന്ന പേരിടുവാൻ അരുണിനെ തോന്നിപ്പിക്കുന്നതു അതു കൊണ്ടാണ്. ഏത് ‘നരകത്തിലേക്കും ഒപ്പം വരുന്ന ആന്റണി താടിക്കാരൻമാരില്ലാതെ ഒരു അരുണും ജീവിക്കുകയില്ല. സൗഹൃദവും, പ്രണയവും, പഠനവും, പരീക്ഷയും, ഉഴപ്പും, സംഘർഷങ്ങളും തൊട്ട് ഹോസ്റ്റൽ മെസ്സിലെ ഭക്ഷണം വരെ സിനിമയിലെ കഥാപാത്രങ്ങളാണ്. തമിഴ് നാട്ടിലെ എൻജിനീയറിങ് കോളജിലെ ജീവിതമാണ് ആദ്യ പകുതിയിലെ ഇതിവൃത്തമെങ്കിലും, സിനിമ കഴിഞ്ഞ് എന്റെ ക്യാംപസിലേക്ക് ഓടിപ്പോകുവാൻ എന്നെ തോന്നിപ്പിക്കും വിധം കണക്റ്റഡാണ് അത്.
ALSO READ
പാട്ടുകൾ സിനിമയുടെ ഭാഗമല്ലാതാകുന്ന കാലത്ത് 14 പാട്ടുകൾ ഉള്ള ഒരു സിനിമയെന്നത് തിയ്യേറ്ററിൽ എത്തി വെളിച്ചമകലും വരെ ഒരു ഭാരമായിരുന്നു. എന്നാൽ സിനിമയിലെ സംഭാഷണം പോലെ അതിലെ പാട്ടുകളെ അനിവാര്യമാക്കുവാൻ ഹിഷാം അബ്ദുൾ വഹാബിന്റെ സംഗീതത്തിനു സാധിച്ചിട്ടുണ്ട്.
അഭിനേതാക്കൾ എല്ലാവരും ഒന്നിനൊന്നു മികച്ചതായിരുന്നു. പ്രണവിന്റെ ഭാവിലേക്കുള്ള യാത്രയിൽ ‘അരുൺ നീലകണ്ഠൻ ‘ ഒരു സ്‌കൂട്ടറിൽ കൂടെയുണ്ടാകും. ദർശന രാജേന്ദ്രൻ കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടിയായി ഏറെക്കാലം മലയാള സിനിമയിലുണ്ടാകും. കല്യാണി നമ്മുടെ അടുത്ത വീട്ടിലെ കുട്ടിയായി കൂടുതൽ സ്‌നേഹം കവരുന്നു. അജു വർഗീസിനെ ബസ്സിൽ കാണുന്ന ആദ്യ സീനിൽ കിട്ടുന്ന കൈയ്യടി അയാൾ മലയാളികളുടെ മനസ്സിൽ കൈവ്വരിച്ച സ്ഥാനത്തിന്റെ ഉദാഹരണമാണ്. അശ്വത് ലാൽ മനസിൽ പതിഞ്ഞു കിടക്കുന്നുണ്ട്.
ജോണി ആന്റണി സംവിധായകനിൽ നിന്ന് നടൻ എന്ന മേൽവിലാസം സൃഷ്ടിച്ചിരിക്കുന്നു. പുതുമുഖങ്ങളും മുഴച്ച് നില്ക്കാതെ, സിനിമയുടെ മനോഹര ഭാഗമായി. മെറിലാൻഡ് എന്ന പ്രൊഡക്ഷൻ മുത്തശ്ശി, വിശാഖിലൂടെ മടങ്ങി വന്നിരിക്കുന്നു. ദീർഘമായ ഒരു സിനിമയിൽ വിരസത തോന്നിപ്പിക്കാതെ മനോഹരവും, വർണ്ണ ശബളവുമായ ദൃശ്യവിരുന്നു ഒരുക്കിയ മുഴുവൻ പിന്നണി പ്രവർത്തകരും അഭിനന്ദനം അർഹിക്കുന്നു.
ഹൃദയം രണ്ട് സിനിമയാണ്, ആദ്യ പകുതിയിൽ മനോഹരമായ ഒരു ക്യാംപസ് സിനിമയും, രണ്ടാം പകുതിയിൽ ഒരു മനോഹരമായ ഫാമിലി ഹാപ്പനിങ് സിനിമയും. നന്ദി വിനീത് ശ്രീനിവാസൻ, അരുണിനു രണ്ടാമതും നൽകിയ ആ താക്കോൽ എനിക്കും തന്നതിന് . മറവിയിൽ വലപിടിച്ചു കിടന്നിരുന്ന ഗൃഹാതുരത്വത്തിന്റെ അറകൾ തുറക്കുവാൻ സഹായിച്ചതിന്, പഴയ കാലത്തെ ജീവിതത്തിന്റെ അഭിവാജ്യമായിരുന്ന കുറച്ച് മനുഷ്യരേ ഒരിക്കൽ കൂടി കണ്ണിനു മുന്നിൽ എത്തിച്ചതിനു …ആന്റണി താടിക്കാരൻ എഴുതിയതു പോലെ എനിക്കും, ഭൂതകാലത്തിന്റെ ചുവരിൽ കോറിയിടുവാൻ തോന്നി പോയി ‘രാഹുൽ മാങ്കൂട്ടത്തിൽ ഇവിടെയുണ്ടായിരുന്നു ‘