മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ വിനയന്‍ മണിക്കുട്ടനെ നായകനാക്കി ഒരുക്കിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഹണി റോസ്. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ആയിരുന്നു ആദ്യമായി ഹണി ചിത്രത്തിലേക്ക് കടന്ന് വന്നത്.
ബോയ്ഫ്രണ്ടിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ താരത്തെ തേടി നിരവധി അവസരങ്ങള്‍ എത്തുകയായിരുന്നു. നിരവധി സിനിമകളില്‍ ചെറുതും വലുതുമായി വേഷങ്ങള്‍ ചെയ്ത് പോന്നിരുന്ന നടിക്ക് അനൂപ് മേനോന്‍, ജയസൂര്യ എന്നിവര്‍ നായകരായി എത്തിയ ട്രിവാന്‍ഡ്രം ലോഡ്ജ് ചിത്രത്തിലെ ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം വലിയ ഒരു ബ്രേക്ക് തന്നയാണ് നല്‍കിയത്. താരത്തിന്റെ കരിയറില്‍ തന്നെ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു ട്രിവാന്‍ഡ്രം ലോഡ്ജ്.
ഇതോടു കൂടി സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നിരവധി ചിത്രങ്ങള്‍ അടക്കമുള്ള സൂപ്പര്‍താരചിത്രങ്ങള്‍ ഹണി റോസിനെ തേടി എത്തി. മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റര്‍ ആണ് താരത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തില്‍
ഭാമിനി ലെസ്ബിയന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് താരം ഏറെ കൈയ്യടി നേടി.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ഹണി റോസ് ഉദ്ഘാടന വേദികളിലേയും പ്രിയതാരമാണ്. തന്റെ വിശേഷങ്ങളും ഉദ്ഘാടന ചിത്രങ്ങളും ഒക്കെ താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യയിലാകെ സജീവമാവുകയാണ് ഹണി റോസ്. തെലുങ്ക് ചിത്രമായ വീര സിംഹ റെഡ്ഡിയാണ് ഹണിയുടെ പുതിയ ചിത്രം.
ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നന്ദമൂരി ബാലകൃഷ്ണയാണ് ചിത്രത്തില്‍ നായകന്‍. ഈ ചിത്രത്തില്‍ ലാലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശ്രുതി ഹാസന്‍, വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി രവി ശങ്കര്‍, ചന്ദ്രിക രവി തുടങ്ങി വന്‍ താര നിരയും ഈ ചിത്രത്തിലുണ്ട്.
ഇപ്പോഴിതാ ഹണി റോസിന്റെ മാതാപിതാക്കള്‍ മകളെ കുറിച്ച് മനസ് തുറക്കുകയാണ്. എപ്പോഴും എല്ലാ കാര്യത്തിലും അച്ഛനും മോളും ഒരുമിച്ചാണെന്നും വഴക്കുണ്ടാക്കുകയാണെങ്കിലും അങ്ങനെയാണെന്നും ഹണി റോസിന്റെ അമ്മ പറയുന്നു.
ഹണിയോട് കല്യാണക്കാര്യം പറയുന്നത് അവള്‍ക്ക് ഇഷ്ടമല്ല. അത് പറഞ്ഞാല്‍ പിന്നെ അവള്‍ക്ക് എന്നെ കണ്ടുകൂട. അച്ഛന്‍ പക്ഷെ അക്കാര്യങ്ങളൊന്നും ഹണിയോട് പറയില്ല. അതൊക്കെ സമയം പോലെ നടക്കും എന്നാണ് അച്ഛന്റെ വാക്കുകളെന്നും അവര്‍ വെളിപ്പെടുത്തുകയാണ്.
അച്ഛനും മോളും ഒരുമിച്ച് നിന്ന് എന്നോട് വഴക്കുണ്ടാകും. ഹണിയും അച്ഛനും പറയുന്നത് എനിക്കും ഞാന്‍ പറയുന്നത് അവര്‍ക്കും മനസിലാവില്ല. പത്ത് വര്‍ഷം പ്രണയിച്ച ശേഷമാണ് ഹണിയുടെ പപ്പയും ഞാന്‍ വിവാഹിതരായതെന്നും ഹണി റോസിന്റെ അമ്മ പറയുന്നുണ്ട്.
പിന്നീട് വിവാഹം കഴിഞ്ഞ ശേഷമാണ് താന്‍ ഡിഗ്രി പഠിക്കാന്‍ പോയതെന്നും വിവാഹം കഴിഞ്ഞ് മൂന്നാം വര്‍ഷത്തിലാണ് ഹണി ഉണ്ടായതെന്നും ഹണി റോസിന്റെ അമ്മ പറയുന്നു. പിന്നീടാണ് മൂലമറ്റത്തേക്ക് താമസം മാറിയതെന്നാണ് അമ്മ വെളിപ്പെടുത്തുന്നത്. ഇതിന് കാരണവുമുണ്ടായിരുന്നു. ഹണിയെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേര്‍ക്കാനാണ് മൂലമറ്റത്ത് വന്നതെന്നും അങ്ങനെയാണ് ഹണിക്ക് സിനിമയിലും അവസരം കിട്ടിയതെന്നും അവര്‍ പറയുന്നു.
എന്നാല്‍ ഹണി സിനിമയില്‍ അഭിനയിക്കുന്നത് അച്ഛന് ഇഷ്ടമായിരുന്നില്ല. സിനിമാക്കാര്യം പറഞ്ഞാല്‍ ഭക്ഷണം പോലും കഴിക്കാതെ പോകലായിരുന്നു പതിവ്. ആറ് മാസം പിണങ്ങി. പിന്നീട് ഹണി തന്നെ ചോദിച്ചപ്പോഴാണ് അച്ഛന്‍ സമ്മതിച്ചത്. ഹണിയുടെ കുമ്പസാരമാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമയെന്നും അച്ഛനിഷ്ടം ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന സിനിമയാണെന്നും അമ്മ പറയുന്നു.
മുന്‍പ് താന്‍ വഴക്ക് പറഞ്ഞതിന്റെ പേരില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഹണി ഹോസ്റ്റലില്‍ പോയി താമസിക്കാന്‍ തുടങ്ങി. ഇതിന് അച്ഛനും ഹണിക്ക് കൂട്ട് നിന്നു. ഭയങ്കര പ്രാര്‍ഥനയും ഭക്തിയുമുള്ള കുട്ടിയാണ് ഹണി റോസ്. നിര്‍ധനരായവരെ സഹായിക്കാന്‍ ഹണിക്ക് മടിയില്ല. നല്ല വിനയവുമുള്ള കുട്ടിയാണ്. ദേഷ്യം വന്നാല്‍ വീട്ടില്‍ ഭദ്രകാളിയാണ്. സിനിമയിലെന്നപോലെ വീട്ടില്‍ വന്നും ഹണി അഭിനയിക്കുമെന്നും ഹണി റോസിന്റെ അമ്മ വെളിപ്പെടുത്തുന്നു.
മുന്‍പ് ഒരിക്കല്‍ ഹണിയെ ഒരു സിനിമയിലേക്ക് പറഞ്ഞ് വെച്ചിരുന്നു. ആദ്യ സിനിമയായിരുന്നു അത് ഹണിയുടെ. എന്നാല്‍ പിന്നീട് ഒന്നും പറയാതെ മോളെ അതില്‍ നിന്നും മാറ്റി വേറെ ആളെ കൊണ്ടുവന്നു. അന്ന് ഹണി ഒരുപാട് കരഞ്ഞു. അത് കണ്ടിട്ട് തനിക്ക് ഒരുപാട് സങ്കടമായെന്നും പിന്നീട് മോള്‍ക്ക് വേണ്ടി ഒരുപാട് സംവിധായകരെ താന്‍ പോയി കണ്ടിരുന്നെന്നും ഹണിയുടെ അമ്മ പറയുന്നു.
ഒടുവില്‍ വിനയന്‍ സാറാണ് ഹണിക്ക് ഒരു അവസരം കൊടുത്ത്. നല്ല സ്വഭാവത്തിന്റെ ഉടമയാണ് ഹണി റോസ്. ഏത് സെറ്റില്‍ ചെന്നാലും ആളുകള്‍ അത് പറയുമെന്നാണ് ഹണിയുടെ അച്ഛനും പറയുന്നു.