ചൂടേറിയ ചര്‍ച്ചകള്‍ക്ക് ബിഗ് ബോസ് റിയാലിറ്റി ഷോ വിഷയമാകുമ്പോള്‍ ഹൗസില്‍ നിന്നും പുറത്തായ ഹിമയ്ക്ക് കുറേ കാര്യങ്ങള്‍ പറയാനുണ്ട്.
ഹിമയുടെ വാക്കുകള്‍:
ഒറ്റയ്ക്കിരുന്ന് ശീലമുള്ള ആളാണ് താന്‍. അതിനാല്‍ അത് വിഷയമുള്ള കാര്യമല്ല. ഞാന്‍ ഒറ്റയ്ക്കല്ലായിരുന്നു. 15 പേര് കൂടെയുണ്ടായിരുന്നല്ലോ. പരസ്പരം പോരടിച്ചിരുന്നെങ്കിലും വൈകിട്ട് കൂട്ടാകുമായിരുന്നു. ഷോയില്‍ പവര്‍ ഗെയിംസ് ധാരാളമുണ്ടായിരുന്നു എന്നാല്‍ ബിഗ് ബോസ് എപ്പിസോഡുകള്‍ കണ്ടപ്പോഴാണ് അതൊന്നും വന്നിട്ടില്ലെന്ന് മനസിലായത്.
ശ്വേത മേനോനും രഞ്ജിനി ഹരിദാസുമാണ് തന്നെ മനസിലാക്കിയിട്ടുള്ള വ്യക്തികള്‍. അവര്‍ക്ക് ഹിമയെ ഇഷ്ടമാണെങ്കിലും ഹിമയെന്ന മത്സരാര്‍ഥിയെ ഭയപ്പെടുന്നവരാണ് അവര്‍. അവര്‍ക്കെന്നെ എന്തിനാണ് പേടി. അവരെന്തിനാണ് എനിക്ക് വോട്ട് ചെയ്തത്. നിനക്ക് ഞാന്‍ സ്ക്രീന്‍ സ്പെയ്സ് തരില്ലെന്ന രീതിയിലാണ് രഞ്ജിനി തന്നോട് പെരുമാറിയത്.
ഞാന്‍ ആര്‍ട്ടിസ്റ്റാണ്. എന്റെ ഉള്ളിലെ എന്നെ മനസിലാക്കിയാല്‍ മാത്രമേ എനിക്ക് ആര്ട്ടിസ്റ്റാകാന് സാധിക്കൂ. എനിക്ക് സ്വാതന്ത്ര്യം വേണം.
പലര്‍ക്കും ആളുകള്‍ക്ക് അവര്‍ കണ്ടിട്ടുള്ള ഒരു ബോക്സില്‍ എന്നെ ഉള്‍പ്പെടുത്താന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. പുരോഗമനം പറയുന്ന സമയത്ത് ആത്മീയതയും മറ്റുകാര്യങ്ങളും പറയാതിരിക്കണം. ബോഡി പൊളിറ്റിക്സ് പറയാതിരിക്കണം. അതുകൊണ്ടുതന്നെ യോഗയും മെഡിറ്റേഷനുമെല്ലാം ചെയ്യുന്ന ഞാന്‍ ഇങ്ങനെ സംസാരിക്കുന്നത് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല.
ഒരു കാര്യം പറയാന്‍ തോന്നിക്കഴിഞ്ഞാല്‍ ഞാനത് പറയും. ചില സമയത്ത് ഞാന്‍ സാഹചര്യം നോക്കും. ഒരു മനുഷ്യന്റെ വികാരങ്ങളെ ഒരു പരിധിവിട്ട് മുറിപ്പെടുത്തുമെന്ന് തോന്നുന്ന കാര്യങ്ങള്‍ മാത്രമേ ഞാന്‍ പറയാതിരിക്കാറുള്ളൂ. ഈ തുറന്നുപറച്ചിലുകള്‍ കാരണം പല ബുദ്ധിമുട്ടുകളും എനിക്ക് ഉണ്ടായിട്ടുണ്ട്. കരിയറില്‍ താഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. എന്നെ കാസ്റ്റ് ചെയ്തതിന് ശേഷം എന്നെ കുറിച്ച് അന്വേഷിക്കുമ്പോള്‍ പലരും എന്നെ കുറിച്ച് വളരെ നെഗറ്റീവായ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കും. അവസരങ്ങള്‍ നഷ്ടമാകും.
അതില്‍ നിന്നെല്ലാം ഞാന്‍ മനസ്സിലാക്കിയത് ഓപ്പണായി സംസാരിക്കുന്ന പെണ്ണിനെ സമൂഹത്തിന് പേടിയാണെന്നാണ്. ഇവള് നമുക്ക് കീഴില്‍ നില്‍ക്കില്ല, ഏതുസമയത്തും പ്രശ്നമുണ്ടാക്കാം എന്ന ചിന്തയില്‍ നിന്ന് ഉയര്‍ന്നുവരുന്ന ഒന്നായിരിക്കാം അത്. പക്ഷേ എന്റെ കൂടെ ജോലി ചെയ്തവര്‍ക്കറിയാം ഞാന്‍ വളരെ പ്രൊഫഷണലാണെന്ന്. അനാവശ്യമായി എന്നെ വന്ന് ചൊറിഞ്ഞാല്‍ ബ്ലോക്ക് ചെയ്യാറുണ്ട് എന്ന് മാത്രമേയുള്ളൂവെന്നും ഹിമ പറയുന്നു.