കൈ തന്ന് മമ്മൂക്ക പറഞ്ഞു ‘ഖബൂൽ’; ഉണ്ട പിറന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി തിരക്കഥാകൃത്ത് ഹർഷദ്

18

മെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഹർഷദ് തിരക്കഥയെഴുതി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട തിയ്യേറ്റുകളിൽ നിറഞ്ഞോടുകയാണ്.

മമ്മൂട്ടിയുടെ മികച്ച വേഷങ്ങളിലൊന്നായാണ് ഉണ്ടയിലെ എസ്‌ഐ മണിയെ പലരും വിശേഷിപ്പിക്കുന്നത്.

Advertisements

ഉണ്ട എന്ന ചിത്രത്തിലെ സബ് ഇൻസ്പെക്ടർ മണികണ്ഠന്റെ വേഷം താൻ ചെയ്യാമെന്ന് മമ്മൂട്ടി സമ്മതിച്ച കഥ തിരക്കഥാകൃത്ത് ഹർഷദ് പങ്ക് വെച്ചു.

മീഡിയാവണിന് നൽകിയ അഭിമുഖത്തിലാണ് ഹർഷദ് ഇക്കാര്യം പറഞ്ഞത്.

ഞാൻ വേറൊരു സിനിമ നടക്കാൻ വേണ്ടി എറണാകുളത്ത് നിൽക്കുന്ന സമയമാണ്. ഈ സമയത്താണ് ഖാലിദ് റഹ്മാനെ കണ്ടുമുട്ടുന്നത്. ഏതാണ്ട് 2016 പകുതിയിലാണ് ഇത് സംഭവിക്കുന്നത്.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പത്രകട്ടിങ് മൊബൈലിൽ കാണിച്ചുകൊണ്ടാണ് റഹ്മാൻ സംസാരിക്കുന്നത്.

ഈ പത്രകട്ടിങിൽ ഒരു സിനിമാ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി റഹ്മാൻ അതിൽ കണ്ട പൊലീസുകാരെ ഓരോരുത്തരെയായി പോയി കാണുകയും അവരുടെ ജീവിതാനുഭവങ്ങളൊക്കെ മനസ്സിലാക്കുകയും ചെയ്തു സിനിമയാക്കാനായിട്ട് കുറെ കാലമായി ശ്രമിക്കുന്നു.

അത് കേരളത്തിന് പുറത്തൊക്കെ പോയി ചെയ്യേണ്ട സിനിമയായത് കൊണ്ട് സ്വാഭാവികമായും അത് വലിയ ക്യാൻവാസ് പടമാണ്.

അത് യാഥാർത്ഥ്യമാകാൻ സമയമെടുക്കുമെന്ന് അറിഞ്ഞത് കൊണ്ടാകാം ഖാലിദ് ‘അനുരാഗകരിക്കിൻ വെള്ളം’ ചെയ്യുന്നത്.

അനുരാഗകരിക്കിൻവെള്ളം വളരെയധികം ശ്രദ്ധിക്കപ്പെടുകയും പുരസ്‌ക്കാരങ്ങൾ ലഭിക്കുകയും ചെയ്തു. അതിന് ശേഷമാണ് ഇത് സിനിമയാക്കാം എന്ന് തീരുമാനിക്കുന്നത്.

അത് എഴുതാൻ പറ്റുന്ന ഒരാളെന്ന അർത്ഥത്തിൽ അൻവർ റഷീദാണ് എന്റെ പേര് നിർദ്ദേശിക്കുന്നത്. എനിക്ക് അത് ഭയങ്കര ഹരമായി തോന്നി.

എനിക്ക് അല്ലെങ്കിൽ തന്നെ കേരളം വിട്ടുള്ള പുറത്ത് നിന്നുള്ള സിനിമകൾ വളരെയിഷ്ടമാണ്. ഇവിടെ നിന്ന് കൊണ്ട്, വെറും കേരളത്തിന്റെ ഇട്ടാവട്ടത്തിലല്ലാത്ത സിനിമകൾ എടുക്കുക എന്നാണ് ആലോചിക്കുന്നത്, നമ്മൾ അങ്ങനെയാണ് സിനിമകൾ കാണുന്നത്.

അങ്ങനെയാണീ വർക്ക് ഏറ്റെടുക്കുന്നത്. വർക്ക് ഏറ്റെടുക്കുമ്പോ ആദ്യം കുറച്ച് ദിവസം അവൻ( ഖാലിദ് ) സ്വരൂപിച്ച വിവരങ്ങളും സാധനങ്ങളും വെച്ച് ഒരു വൺലൈനുണ്ടാക്കി, അതിന് ശേഷം നമ്മൾക്ക് ആ ഭാഗത്ത് പോകണം എന്ന് പറഞ്ഞു.

അപ്പോ ഞാനും റഹ്മാനും അവന്റെ അനിയനും ഛായാഗ്രഹകനുമായ ജിംഷി ഖാലിദ്, പിന്നെ ഇവരുടെ ഒരു അസിസ്റ്റന്റ് നിഥിൻ- ഞങ്ങൾ നാല് പേരും കൂടെ ബസ്തറിലേക്ക് ഒരു റോഡ് ട്രിപ്പടിക്കാൻ പോകുന്നു.

അതിലെ ഏറ്റവും ഇന്ററസ്റ്റിങ് എന്താണെന്ന് വെച്ചാൽ 2016ലെ നോട്ട് നിരോധിച്ചതിന് ശേഷമുള്ള അടുത്ത ആഴ്ച്ചയാണ് ബസ്തറിലേക്ക് പോകുന്നത്.

അത് തന്നെ വേറൊരു രസമാണ്. ഞങ്ങളവിടെ കുറച്ച് ദിവസം നിന്ന് കുറച്ച് കാര്യങ്ങളൊക്കെ മനസ്സിലാക്കി.

അവിടെ പോയി കണ്ട, കേട്ട കാര്യങ്ങളൊക്കെയാണ്, ആ യാത്രയാണ് ഈ സ്‌ക്രിപ്റ്റിനെ ഇന്ന് സിനിമാ കാഴ്ച്ചാ രൂപത്തിലാക്കാൻ സഹായിച്ചത്. അതാണ് അതിന്റെയൊരു തുടക്കം.

പിന്നെ അത് കഴിഞ്ഞ് മമ്മൂക്കയോട് കഥ പറഞ്ഞ്, ആദ്യ കഥപറച്ചിലിൽ തന്നെ മമ്മൂക്ക ‘ഖബൂൽ’ എന്ന് പറഞ്ഞ് കൈതന്നു’.

ഛത്തീസ്ഗഡിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന കേരള പൊലീസ് സംഘമായാണ് ഉണ്ടയിൽ മമ്മൂട്ടിയും സംഘവും വരുന്നത്.

ജെമിനി സ്റ്റുഡിയോസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് ചിത്രത്തിന്റെ നിർമ്മാണം.

വിനയ് ഫോർട്ട്, ഷൈൻ ടോം ചാക്കോ, കലാഭവൻ ഷാജോൺ, ജേക്കബ് ഗ്രിഗറി, അർജുൻ അശോകൻ, ലുക്മാനുൽ ലുക്കു, എന്നിവരാണ് ഉണ്ടയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ബോളിവുഡ് താരങ്ങളായ ഓംകാർ ദാസ് മണിക്പുരി, ഭഗ്വാൻ തിവാരി എന്നിവരും ചിത്രത്തിലുണ്ട്. ജിംഷി ഖാലിദും സജിത്ത് പുരുഷനും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഛത്തീസ്ഗഡിലും കർണാടകയിലും കേരളത്തിലുമായി 57 ദിവസംകൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്.

Advertisement