താരരാജാവ് മോഹൻലാൽ നായകനായ ഒടിയൻ കഴിഞ്ഞ വർഷം മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് പരസ്യ സംവിധായകനായ ശ്രീകുമാർ മേനോനും രചിച്ചത് ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണനും ആണ്.
വമ്പൻ ഹൈപ്പിൽ എത്തിയ ഈ ചിത്രം സമ്മിശ്ര പ്രതികരണവും അതോടൊപ്പം വലിയ സോഷ്യൽ മീഡിയ ആക്രമണവും നേരിട്ടു എങ്കിലും ലോകമെമ്പാടു നിന്നും അറുപതു കോടിക്ക് മുകളിൽ കളക്ഷനും നൂറു കോടിയോളം രൂപയുടെ ടോട്ടൽ ബിസിനസ്സും നേടി കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിജയം ആയി മാറിയിരുന്നു.
ഇപ്പോഴിതാ ഒടിയൻ കഥകൾ വീണ്ടും പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ തയ്യറെടുക്കുകയാണ് രചയിതാവായ ഹരികൃഷ്ണൻ.
സിനിമയിൽ പറയാത്ത ഒടിയന്റെ കഥകൾ പറയാൻ തോന്നുന്നു എന്നും ആ കഥകൾക്കായി കാത്തിരിക്കുക എന്നും പത്ര പ്രവർത്തകൻ കൂടിയായ ഹരികൃഷ്ണൻ കഴിഞ്ഞ ദിവസം ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു.
അതിനിടെ ഒടിയൻ 2 എന്ന പേരിൽ ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരും എന്നും സ്ഥിതീകരിക്കാത്ത വാർത്തകൾ വന്നിരുന്നു. സമ്മിശ്ര പ്രതികരണം ആണ് നേടിയതെങ്കിലും മോഹൻലാലിന്റെ ഗംഭീര പ്രകടനം കൊണ്ട് ഈ ചിത്രം പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു.
റിലീസിന് മുൻപുള്ള അനാവശ്യ ഹൈപ്പ് ആണ് ചിത്രത്തിന് വിനയായത് എന്നും അല്ലെങ്കിൽ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന ഒരു ചിത്രമായി ഒടിയൻ മാറിയേനെ എന്നുമാണ് ഇപ്പോൾ ഏവരും അഭിപ്രായപ്പെടുന്നത്.
മോഹൻലാലിനെ നായകനാക്കി ആയിരം കോടി ബഡ്ജറ്റിൽ മഹാഭാരതം ഒരുക്കാനുള്ള തയ്യാറെടുപ്പിൽ ആണ് സംവിധായകൻ ശ്രീകുമാർ മേനോൻ ഇപ്പോൾ.