മീൻ കച്ചവടക്കാരിയായി വന്ന് മലയാളി മനസ്സിൽ ഇടം നേടിയ വ്യക്തിയാണ് ഹനാൻ. പിന്നീട് അപകടം ഹനാന്റെ ആരോഗ്യം തകർത്ത് എറിഞ്ഞപ്പോഴും വളരെ ശക്തയായി തന്നെ ഹനാൻ അതിനെയും നേരിട്ടു. പിന്നീട് ഹനാനെ കാണുന്നത് ബിഗ്‌ബോസിലാണ്. വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ഹനാൻ ബിഗ്‌ബോസിലെത്തിയത്.
ഹനാന്റെ വരവോടെ എന്തെങ്കിലുമൊക്കെ ബിഗ്‌ബോസിൽ നടക്കുമെന്നും, ശക്തയായ മത്സരാർത്ഥിയായി ഹനാൻ മാറുമെന്നും പ്രതീക്ഷിച്ചവർക്ക് തെറ്റി. ഒരാഴ്ചക്കകം തന്നെ ആരോഗ്യ പ്രശ്നങ്ങൾ കാരണം തുടർന്ന് ഹനാനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പുറത്തെത്തിയ ഹനാൻ സംഗീത ആൽബവും പരിപാടികളുമൊക്കെയായി തിരക്കിലായിരുന്നു. ഇപ്പോഴിതാ ഹനാൻ താൻ നേരിടേണ്ടി വന്ന വിമർശനങ്ങളും കുത്തുവാക്കുകളും തുറന്നു പറയുകയാണ്.
തനിക്ക് മോശം അനുഭവം കുറെയുണ്ടെന്നും ഈ അവസരത്തിൽ അവയ്ക്ക് മറുപടി നൽകുകയാണെന്നും പറയുകയാണ് ഹനാൻ. നിരവധി കുത്തുവാക്കുകളാണ് താൻ ഇപ്പോഴും കേൾക്കുന്നതെന്ന് ഹനാൻ പറയുന്നു.
തന്റെ പ്രവർത്തനങ്ങൾ ഇഷ്ടം ആയി മുഖ്യമന്ത്രി തനിക്ക് ഒരു അവാർഡ് തന്നു എന്നല്ലാതെ മറ്റൊരു ജീവിത ചിലവും സർക്കാരിൽ നിന്ന് സ്വീകരിച്ചിട്ടില്ല. ഇപ്പോഴും വാടക വീട്ടിൽ ആണ് കഴിയുന്നത്. സർക്കാർ ചെലവിൽ ദത്ത് പുത്രി സുഖിക്കുന്നെന്ന് വിലയിരുത്തുന്നതിനും മുമ്പ് ദയവ് ചെയ്തു അതിന്റെ സത്യാവസ്ഥ മനസിലാക്കണമെന്നാണ് ഹനാൻ അഭ്യർത്ഥിക്കുന്നത്.
ഹനാന്റെ കുറിപ്പിങ്ങനെ:
നീ ചിരിക്കരുത് നിന്റെ ചിരി ഭംഗി ഇല്ല എന്ന് പറയുന്നു ഒരു വിഭാഗം.എങ്ങെനെ എങ്കിലും പച്ച പിടിച്ചു മുന്നോട്ടു പോകാൻ ശ്രമിക്കുമ്പോൾ നിനക്കു ചേരുന്നത് പഴയ ജോലിയാണ്. വന്ന വഴി ഒന്നു തിരിഞ്ഞ് നടക്കുന്നത് നല്ലതാണ് എന്ന് ഉപദേശിച്ചു കൊണ്ടിരിക്കുന്ന മറ്റൊരു വിഭാഗം. മരമോന്തയാണ് നിന്നെ ആർക്കും കണ്ടൂടാ, നിന്റെ ശബ്ദം അലോസരം ഇങ്ങനെ എത്ര മാത്രം കുത്ത് വാക്കുകൾ സഹിക്കേണ്ടി വരുന്നു ഞാൻ ഇപ്പോഴും.
ഒന്ന് മനസ്സ് തുറന്നു ചിരിക്കാൻ ഉള്ള എന്റെ അവകാശത്തെ പോലും നിഷേധിക്കുന്നു. ആർക്കും ഉപദ്രവം ഇല്ലാതെ സന്തോഷം ആയി ജീവിതം മുന്നോട്ട് പോകുന്നു. എന്റെ പ്രവർത്തനങ്ങൾ ഇഷ്ടം ആയി മുഖ്യ മന്ത്രി ഒരു അവാർഡ് തന്നു എന്നല്ലാതെ മറ്റൊരു ജീവിത ചിലവും ഞാൻ സർക്കാരിൽ നിന്ന് സ്വീകരിച്ചിട്ടില്ല. ഇപ്പോഴും വാടക വീട്ടിൽ ആണ്. സഹായം തരാം എന്ന് പറഞ്ഞ വീട് പോലും ഞാൻ വാങ്ങിയിട്ടില്ല. സർക്കാര് ചിലവിൽ ദത്ത് പുത്രി സുഖിക്കുന്ന് എന്ന് വിലയിരുത്തുന്നതിനും മുമ്പ് ദയവ് ചെയ്തു അതിന്റെ സത്യാവസ്ഥ ഒരു വിവരാവകാശം എഴുതി ചോദിക്കൂ എല്ലാവരും.
വ്‌ലോഗ് ചെയ്തും നിരവധി കമ്പനികൾക്ക് പരസ്യങ്ങൾ ചെയ്തും ട്രേഡിംഗ് വഴിയും കിട്ടുന്ന വരുമാനത്തിൽ സ്വന്തം കാലിൽ നിന്ന് അന്തസായി തന്നെയാണ് ഞാൻ ജീവിക്കുന്നത്. ആരോടും കൈ നീട്ടി അല്ല.അഥവാ എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ തന്നെ നോക്കാൻ വീട്ടിൽ ഒരു അനിയൻ കുട്ടൻ ഉണ്ട്. ചില സുഹൃത്തുക്കളും ഉണ്ട്.
എന്നെ ഇങ്ങനെ ഇട്ട് ചൂഷണം ചെയ്യരുത്. സഹിക്കുന്നതിന് ഒരു പരിധി ഉണ്ട്. അഞ്ച് വർഷം മുമ്പ് കഷ്ടപ്പെട്ട കാലത്ത് പിടിച്ചു നിൽക്കാൻ മീൻ വിറ്റു ഉപജീവനം കണ്ടെത്തി എന്ന് കരുതി പഴയതിലും മെച്ചപ്പെട്ട ജോലിയും നല്ല ജീവിത സാഹചര്യവും കണ്ടെത്തിയതിൽ എന്തെങ്കിലും തെറ്റുണ്ടോ???????