2012ൽ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ താരമാണ് ഗൗതമി നായർ. തുടർന്ന് ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്‌സ് എന്ന ചിത്രത്തിലും അഭിനയിച്ചു.
ചിത്രത്തിൽ ദുബായിലെ ഒരു ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു തമിഴ്‌നാട്ടുകാരി നേഴ്‌സ് ആയിട്ടായിരുന്നു താരം വേഷമിട്ടിരുന്നത്. ഈ കഥാപാത്രത്തിന് ഏറെ ജനശ്രദ്ധ പിടിച്ചുപറ്റാനായി. തുടർന്ന് ചാപ്റ്റേഴ്സ്, കൂതറ, ക്യാംപസ് ഡയറി എന്നീ ചിത്രങ്ങളിലും ഗൗതമി അഭിനയിച്ചു.
ഗൗതമി നായർ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ആറ് വർഷത്തെ ഇടവേളക്കൊടുവിൽ പ്രജേഷ് സെൻ ചിത്രം മേരി ആവാസ് സുനോയിലൂടെയാണ് ഗൗതമി തിരിച്ചെത്തുന്നത്. ചിത്രത്തിന് മികച്ച പ്രതികരണ മാണ് തീയ്യേറ്ററുകളിൽ നിന്നും ലഭിക്കുന്നത്.
അതുപോലെതന്നെ താരത്തിന്റെ അഭിനയത്തിനും. ചിത്രം റിലീസ് ആയതിന് പിന്നാലെ താരം ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത്.
സ്വന്തം പേര് എപ്പോഴെങ്കിലും ഗൂഗിൾ ചെയ്ത് നോക്കിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് ഗൗതമി നായർ രസകരമായി മറുപടി പറഞ്ഞത്. ‘ഈയിടക്ക് ബോറടിക്കുമ്പോൾ ഞാൻ ചുമ്മാ ചെയ്ത് നോക്കാറുണ്ട്. എന്താ ഇപ്പോഴത്തെ അവസ്ഥ എന്ന് നോക്കാൻ. ചുമ്മാ ആണ്. ഞാൻ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ കുറേ ഡോക്ടേഴ്സ് ഹിന്ദിക്കാരാണ്. ഞാൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്ന് പറയുമ്പോഴൊന്നും ഇവര് വിശ്വസിക്കില്ല.
എന്നാ ഒരു കാര്യം ചെയ്യ് ആ ഫോണ് ഇങ്ങ് താ, എന്ന് പറഞ്ഞ് ഞാൻ എന്റെ പേര് തന്നെ ഗൂഗിൾ ചെയ്ത് കൊടുക്കും, ഇനിയെങ്കിലും വിശ്വാസമായല്ലോ എന്ന് പറഞ്ഞ്. അതിന് വേണ്ടി സെർച്ച് ചെയ്തതാണ് വേറെ ഒന്നുമല്ല,’ താരം കൂട്ടിച്ചേർത്തു.
അഭിമുഖത്തിൽ തന്റെ സെലിബ്രിറ്റി ക്രഷിനെ കുറിച്ചും താരം പറയുന്നുണ്ട്. മലയാളത്തിൽ ആരോടും അങ്ങനെ തോന്നിയിട്ടില്ലെന്നും എന്നാൽ ബോളിവുഡ് താരം അഭിഷേക് ബച്ചനെ വളരെ ഇഷ്ടമാണെന്നുമാണ് ഗൗതമി അഭിമുഖത്തിൽ പറഞ്ഞത്. ‘മലയാളത്തിൽ എനിക്ക് പേഴ്സണലി എല്ലാവരെയും അറിയാവുന്നത് കൊണ്ട് പ്രത്യേകിച്ച് ആരോടും ഒന്നും തോന്നിയിട്ടില്ല.
മലയാളം മാത്രമല്ല എന്നുണ്ടെങ്കിൽ ഉണ്ട്. അഭിഷേക് ബച്ചൻ. ഞാൻ ഭയങ്കര ഫാനാണ്, അഭിഷേക് ബച്ചന്റെ കട്ട ഫാനാണ്. പണ്ട് മുതലേ എനിക്ക് ആളെ ഇഷ്ടമാണ്. പക്ഷെ, മൻമർസിയാൻ കഴിഞ്ഞപ്പോഴേക്കും ഞാൻ അങ്ങോട്ട് ഫ്ളാറ്റായി പോയി. ശ്ശൊ എന്ത് രസമുള്ള പടമാണ്. പക്ഷെ ആരും കാണുകയൊന്നും ചെയ്തില്ല. അഭിഷേക് ബച്ചൻ ഭയങ്കര അണ്ടർറേറ്റഡ് ആയും എനിക്ക് തോന്നിയിട്ടുണ്ട്,’ ഗൗതമി പറഞ്ഞു.
സെലിബ്രിറ്റി സ്റ്റാറ്റസ് എവിടെയെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ എയർപോർട്ടിൽ ഉപയോഗിച്ചിട്ടുണ്ടെന്നും എയർപോർട്ടിൽ ഫ്ളൈറ്റ് കയറാൻ താമസിച്ച് പോകുമ്പോൾ വിളിച്ചുപറയാറുണ്ടെന്നും ഗൗതമി വ്യക്തമാക്കി.
ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകൾക്ക് ശേഷം ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്ത സിനിമയാണ് മേരി ആവാസ് സുനോ. മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നടി ശിവദയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.