മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് സ്ഫടികം. മോഹന്‍ലാലും തിലകനുമെല്ലാം തകര്‍ത്തഭിനയിച്ച ഭദ്രന് ഒരുക്കിയ സ്ഫടികം ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും എന്നെന്നും ഓര്‍ത്തിരിക്കുന്നതാണ്. മോഹന്‍ലാലിന്റെ മാസ് കഥാപാത്രങ്ങളില്‍ ആടുതോമയുടെ തട്ട് താണുതന്നെ ഇരിക്കും.
1995ല്‍ പുറത്തിറങ്ങിയ സ്ഥടികത്തില്‍ തിലകന്, ഉര്‍വ്വശി, കെ.പി.എ.സി ലളിത, രാജന്.പി.ദേവ്, കരമന ജനാര്ദ്ദനന്, മണിയന്‍പ്പിള്ള രാജു, ചിപ്പി, അശേകന്, നെടുമുടി വേണു, സില്‍ക് സ്മിത, സ്ഥടികം ജോര്‍ജ് തുടങ്ങിയ താരങ്ങളുടെ അഭിനയം വാക്കുകള്‍ക്ക് അതീതമാണ്.
ഉര്‍വശിയുടെ തുളസി എന്ന കഥാപാത്രവും ഇത്തരത്തില്‍ വ്യത്യസ്തയായ നായിക കഥാപാത്രമായിരുന്നു. കാരിരുമ്പിനുള്ളില്‍ ആടു തോമയുടെ ഹൃദയം കണ്ട തുളസി എന്ന നായികയെ ഊര്‍വശി അനശ്വരമാക്കി. ചിത്രം തിയ്യറ്റുകളില്‍ വന്‍ വിജയമാണ് നേടിയത്.
സ്ഫടികത്തിലെ സില്‍ക്ക് സ്മിതയുടെ ലൈല എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ഈ സിനിമ പ്രഖ്യാപിച്ച സമയത്ത് വേറൊരു ഇമേജായിരുന്നു ചിത്രത്തിന് അന്നത്തെ മാധ്യമങ്ങള്‍ നല്‍കിയതെന്നും ചിത്രത്തില്‍ സില്‍ക് സ്മിതയുണ്ടെന്നറിഞ്ഞതോടെ ഇതിന് ആക്കം കൂട്ടിയിരുന്നുവെന്നും ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത ഗായത്രി അശോകന് പറയുന്നു.
” സ്ഫടികം സിനിമയില്‍ ആദ്യമെടുത്തത് നടന് മോഹന്‍ലാലും സില്‍ക് സ്മിതയും ചേര്‍ന്നുള്ള കുറേ സീനുകള്‍ ആയിരുന്നു. ഗ്ലാമറസായി സില്‍ക് സ്മിത വരുന്ന ചില സീനുകള്‍ പാട്ടില്‍ ഉണ്ട് മോഹന്‍ലാലിനെ ഉഴിയുന്നതും പുറം തിരുമ്മിക്കൊടുക്കുന്നതുമൊക്കെയായിരുന്നു അത്. ഇത് കണ്ട് മാധ്യമങ്ങള്‍ ചിത്രത്തെ മറ്റൊരു രീതിയില്‍ ചിത്രീകരിച്ചു” ഗായത്രി അശോകന് പറയുന്നു.
” ആടിന്റെ ചോര കുടിക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു, ഇത് കണ്ട് പത്രപ്രവര്‍ത്തകര്‍ എഴുതിയത് ആടിന്റെ ചോര കുടിച്ച് ഓടുന്ന ഒരാളുടെ കഥയാണ് ചിത്രത്തിന്റേതെന്നായിരുന്നു. ഇതിന്റെ ഫോട്ടോസ് എടുത്ത് മാഗസിനുകളില്‍ ഭയങ്കര വാര്‍ത്തയാക്കി.”
”ആട് തോമ എന്നാല്‍ ആടിനെ പച്ചയ്ക്ക് കഴുത്തറുത്ത് ചുടുചോര കുടിക്കുന്നയാളാണെന്നും , ആടുതോമയുടെ നായികയായി നില്‍ക്കുന്നത് മാദക തിടമ്പായ സില്‍ക് സ്മിതയാണ് എന്നുമൊക്കെ വാര്‍ത്തയും ചിത്രങ്ങളും വന്നു. ഈ ഇമേജ് മൊത്തം മാറ്റിയെടുക്കണമെന്നതായിരുന്നു എനിക്കുള്ള വെല്ലുവിളി, അത് മാറ്റിയെടുക്കാന്‍ സാധിച്ചു” ഗായത്രി അശോക് കൂട്ടിച്ചേര്‍ത്തു.