ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ ടീം മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ഒന്നിച്ച കുമ്പളങ്ങി നൈറ്റ്‌സിന്റെ ചിത്രീകരണം തുടരുകയാണ്.
ശ്യാം പുഷ്ക്കരൻ തിരക്കഥ രചിച്ച ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മധു സി നാരായണൻ ആണ്. ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.
ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ്, വർക്കിംഗ് ക്ലാസ് ഹീറോ എന്നീ ബാനറുകളിൽ ആണ് ഇവർ ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ അഭിനയിക്കുന്നും ഉണ്ട്.
ഒരു സൈക്കോ വില്ലൻ ആയാണ് ഫഹദ് ഫാസിൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് സൂചന. നാലു സഹോദരന്മാരുടെ കഥ പറയുന്ന ഈ ഫാമിലി എന്റെർറ്റൈനെർ ചിത്രത്തിൽ ഷെയിൻ നിഗം, ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, പുതുമുഖമായ മാത്യു എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
ദിലീഷ് പോത്തൻ- ശ്യാം പുഷ്ക്കരൻ ടീം ആരംഭിച്ച വർക്കിംഗ് ക്ലാസ് ഹീറോ എന്ന ബാനറിന്റെ ആദ്യ നിർമ്മാണ സംരംഭമാണ് കുമ്പളങ്ങി നൈറ്റ്‌സ്.
ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് ഷൈജു ഖാലിദും സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാമും ആണ്. പ്രശസ്ത എഡിറ്റർ ആയ സൈജു ശ്രീധരൻ ആണ് ഈ ചിത്രം എഡിറ്റ് ചെയ്യുന്നത്.
അടുത്ത വർഷം ഫെബ്രുവരിയിൽ റിലീസ് ചെയ്യാൻ പാകത്തിനാണ് ഈ ചിത്രം ഒരുക്കുന്നത് എന്നാണ് സൂചന. തമിഴിൽ വില്ലനായി അഭിനയിച്ചിട്ടുള്ള ഫഹദ് മലയാളത്തിലും നെഗറ്റീവ് ടച്ചുള്ള വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.