അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് 2012 ജൂൺ 22 ന് റിലീസ് ചെയ്ത ഗാങ്‌സ് ഓഫ് വാസേപൂർ (ഫിലിം സീരീസ്) എന്ന ചലച്ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി ഉയർന്നുവന്ന താരമാണ് ഹുമ ഖുറേഷി. ഈ ചലച്ചിത്രത്തിലുള്ള അവരുടെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡ് ഫോർ ബെസ്റ്റ് ഫീമെയിൽ ഡിബട്ട് അവാർഡിലും ബെസ്റ്റ് സപ്പോർട്ടിംഗ് ആക്ട്രസ് അവാർഡിലും നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.
2012 നവംബർ 2 ന് റിലീസ് ചെയ്ത് സമീർ ശർമ്മ സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യൻ കോമഡി ചലച്ചിത്രമായ ലവ് ഷവ് തേ ചിക്കൻ ഖുരാന എന്ന ഹിന്ദി ചലച്ചിത്രത്തിൽ ഹർമൻ എന്ന നായികാ കഥാപാത്രത്തെയാണ് ഖുറേഷി അവതരിപ്പിച്ചത്. ബോക്‌സോഫീസ് വിജയം നേടിയ ചിത്രമായിരുന്നു ഇത്. തുടർന്ന് ഷോർട്ട്‌സ് (2013 ), ഏക് തി ഡയൻ (2013), ഡേഢ് ഇഷ്‌കിയ (2014), ബദ്‌ലാപൂർ (2015), തുമ്‌ഹേ ദില്ലഗി (2016), ഏക് ദോപെഹർ (2017), കാലാ (2018) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. 2018 ജൂൺ 7 ന് റിലീസ് ചെയ്ത കാലാ എന്ന ഈ തമിഴ് ചലച്ചിത്രംത്തിലും താരമെത്തി. കാലായുടെ മുൻ കാമുകിയായ സറീന എന്ന കഥാപാത്രത്തെയാണ് ഖുറേഷി അവതരിപ്പിച്ചിരിക്കുന്നത്. ഇതിലെ നായകൻ രജനീകാന്ത് ആയിരുന്നു.
വൈറ്റ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകർക്കിടയിലും ശ്രദ്ധേയയാണ് നടി ഹുമ ഖുറേഷി. മോഡലിങ്, പരസ്യ മേഖലയിൽ നിന്ന് ബോളിവുഡ് സിനിമാ ലോകത്തേക്ക് എത്തിയ താരത്തിന് കൈനിറയെ ചിത്രങ്ങൾ ലഭിച്ചിരുന്നു. തെന്നിന്ത്യയിലും പ്രശസ്തയായ താരം ഉദയ് ആനന്ദൻ സംവിധാനം ചെയ്ത വൈറ്റിന് ശേഷം തമിഴിൽ രജനികാന്തിന്റെ കാല, അജിത്തിന്റെ വാലിമൈ തുടങ്ങിയ ചിത്രങ്ങളിലാണ് അഭിനയിച്ചത്
ഇപ്പോഴിതാ, ഹുമ ഖുറേഷിയുടെ ‘ഡബിൾ എക്സ്എൽ’ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് സംസാരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിനിടെ നടി ചിലകാര്യങ്ങൾ തുറന്നടിച്ചതാണ് ഇപ്പോൾ വൈറലാകുന്നത്. ഫാറ്റ് ഷേമിങ് നേരിട്ടതിനെ കുറിച്ചും സിനിമാ മേഖലയിലെ ബോഡി പോസിറ്റിവിറ്റിയ്ക്കായി വാദിക്കുന്നതിനെക്കുറിച്ചുമാണ് താരം മനസ് തുറന്നത്. യാഥാർത്ഥ്യബോധമില്ലാത്ത സൗന്ദര്യ മാനദണ്ഡങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ, ഈ പ്രശ്‌നം നമ്മിൽ വളരെ ആഴത്തിൽ വേരൂന്നിയതാണെന്ന് ഹുമ പറഞ്ഞു. ‘എല്ലാവരും സ്ത്രീകളുടെ ശരീരത്തിലേക്ക് നോക്കുകയും അവരുടെ ശരീര രീതിയെ കുറിച്ച് മോശം വാക്കുകൾ പറയുകയും ചെയ്യുന്നു. ബോഡി ഷെയ്മിംഗ് ഒരാളുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്നതാണ്.’- എന്നാണ് ഹുമ പറയുന്നത്.
‘ഈ വിഷയത്തെ കുറിച്ച് സിനിമയെടുക്കുകയും അഭിനേതാക്കളെന്ന നിലയിലുള്ള തങ്ങളുടെ സ്ഥാനം ഉപയോഗിച്ച് അതിൽ അവബോധം സൃഷ്ടിക്കുകയും ചെയ്യുമ്പോൾ, അവിടെ ആരോഗ്യകരമായ സംഭാഷണങ്ങൾ ആരംഭിക്കും,’ ഹുമ ഖുറേഷി പറഞ്ഞു. അതുകൊണ്ടാണ് ഒരു ഡോക്യുമെന്ററി നിർമ്മിക്കുന്നതിനുപകരം, ഒരു വിനോദ സിനിമ നിർമ്മിച്ചതെന്നും അതിലൂടെ ആളുകളുടെ ചിന്താഗതിയിൽ മാറ്റം കൊണ്ടുവരാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഹുമ പറയുന്നു.
ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹുമ ഖുറേഷി താൻ ചിത്രത്തിനായി നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചും പറയുന്നുണ്ട്. ചിത്രത്തിനായി തനിക്ക് ശരീരഭാരം കൂട്ടേണ്ടി വന്നതായും ശാരീരികമായും മാനസികമായും ആത്മീയമായും താൻ വലിയ രീതിയിൽ മാറിയെന്നും നടി പറയുന്നു. സത്രം രമണിയാണ് ‘ഡബിൾ എക്സ്എൽ’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സൊനാക്ഷി സിൻഹ, ഹുമ ഖുറേഷി, സഹീർ ഇഖ്ബാൽ, മഹത് രാഘവേന്ദ്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വർഷങ്ങളോളം ബോഡി ഷേമിങ് നേരിട്ടിട്ടുള്ള തന്നെ സംബന്ധിച്ച് ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഒന്നാണ് സിനിമയെന്ന് ഹുമ ഖുറേഷി പറഞ്ഞു. മിക്ക സ്ത്രീകളും എല്ലാ ദിവസവും ഈ പ്രശ്‌നം നേരിടുന്നുണ്ടെന്ന് താരം പറഞ്ഞു. ക്യാമറയ്ക്ക് മുന്നിൽ വരുന്ന സ്ത്രീകൾ മാത്രം നേരിടുന്ന ഒന്നല്ല ഇതെന്നും നിരവധി പേർ തന്റെ അടുക്കൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഹുമ ഖുറേഷി തുറന്നുപറയുന്നു.