ഫെബ്രുവരി മാസത്തിനായി സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്. മറ്റൊന്നിനും വേണ്ടിയല്ല, മമ്മൂട്ടിയുടെ അഭിനയ മികവ് കൊണ്ട് വ്യത്യസ്‌തമാകുന്ന പേരന്‍പിന്റെ റിലീസിനായി.
തങ്കമീന്‍കള്‍ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം നേടിയ റാം ഒരുക്കിയ പേരന്‍പ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിലേറേയായെങ്കിലും വിവിധ ചലച്ചിത്രോല്‍സവങ്ങളിലെ പ്രദര്‍ശനത്തിനു ശേഷമാണ് റിലീസിന് തയാറെടുക്കുന്നത്.
അഞ്ജലി അമീര്‍, സാധന, സമുദ്രക്കനി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ആഴ്ച റിലീസ് ആയിരുന്നു. പ്രതീക്ഷകള്‍ക്കും അപ്പുറമാണ് ചിത്രമെന്ന് ട്രെയിലറിലൂടെ തന്നെ വ്യക്തമാണ്.
അമുദവന്‍ എന്ന ടാക്‌സി ഡ്രൈവറുടെ കഥാപാത്രത്തെ മമ്മൂട്ടിയെ ഏല്‍പ്പിക്കുന്നതിന് വര്‍ഷങ്ങളോളമാണ് റാം കാത്തുനിന്നത് എന്നതിലൂടെയും ചിത്രം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. തമിഴില്‍ മമ്മൂട്ടി എത്തിയതും ഒരു ചെറിയ ഇടവേളയ്‌ക്ക് ശേഷം തന്നെയാണ്.
അത് ഒരു അഡാര്‍ വരവുതന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയപ്പോള്‍ അത് ആഴ്‌ന്നിറങ്ങിയത് ഓരോ സിനിമാപ്രേമികളുടേയും മനസ്സിലേക്കാണ്.
കണ്ണുനനയിക്കുന്ന നിരവധി രംഗങ്ങളുമായാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. ഗോവയില്‍ വെച്ച് സിനിമ കണ്ടവരെല്ലാം മനസില്‍ തൊടുന്ന വാചകങ്ങളാണ് കുറിച്ചത്.
പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായ അമുദന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. മകളായി സാധനയും എത്തുന്നു.
എന്തൊരു മനുഷ്യനാണ് മമ്മൂക്കയെന്നും ഉള്ളുനീറുന്ന കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടപ്പോള്‍ തന്നെ മനം നിറഞ്ഞുവെന്നും ആരാധകര്‍ കുറിക്കുന്നു.