തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മാത്യൂ തോമസ്. കുമ്പളങ്ങി നൈറ്റ്സ് എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെങ്കിലും തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ ജെയ്സന്‍ എന്ന കഥാപാത്രമാണ് മാത്യൂസിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്. അടുത്ത വീട്ടിലെ പയ്യന്‍ എന്ന പ്രതിച്ഛായയുള്ള മാത്യൂസ് സഹോദരനായും കൂട്ടുകാരനായും കാമുകനായും വിദ്യാര്‍ത്ഥിയായും സഖാവായും പ്രത്യക്ഷപ്പെട്ട് ആരാധകരുടെ ഹൃദയം കീഴടക്കി.
ഇപ്പോഴിതാ തമിഴ് സിനിമയിലേക്ക് ആരും കൊതിക്കുന്ന എന്‍ട്രി നേടിയിരിക്കുകയാണ് മാത്യു. സാക്ഷാല്‍ ഇളയദളപതി വിജയുടെ മകനായാണ് മാത്യു അഭിനയിച്ചിരിക്കുന്നത്. ലിയോ സൂപ്പര്‍ ഹിറ്റായി തിയറ്ററില്‍ ഓടുമ്പോള്‍ മാത്യുവും പ്രേക്ഷക ഹൃദയം കീഴടക്കുകയാണ്.
തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ മാത്യുവിന്റെ ജെയ്സനോട് കൂട്ടുകാരന്‍ പറയുന്ന ‘ സൈഡില്‍ നിന്ന് നോക്കിയാല്‍ ചെറിയൊരു വിജയ് കട്ട് ഉണ്ട് ‘ എന്ന ആ ഡയലോഗ് ലോകേഷ് കനകരാജും കേട്ടോ എന്നാണ് ഇപ്പോള്‍ പ്രേക്ഷകരുടെ സംശയം. ലിയോയിലെ സിദ്ധുവെന്ന കഥാപാത്രമായി പകര്‍ന്നാടിയിരിക്കുകയാണ് മാത്യു.
അതേസമയം,ലിയോ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തി മുന്നേറുകയാണ്. ഏറ്റവും അവസാനം വന്ന അപ്‌ഡേറ്റ് പ്രകാരം ചിത്രം ഒരാഴ്ച പിന്നിട്ട ചിത്രം ആഗോള വ്യാപകമായി 461 കോടിയാണ് കരസ്ഥമാക്കിയത്. നേരത്തെ, ലിയോയില്‍ മാത്യു ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ സിനിമയില്‍ വിജയ്യുടെ കുട്ടിക്കാലം ചെയ്യുകയാണെന്നും സഹോദര വേഷമാണെന്നുമായിരുന്നു വാര്‍ത്തകള്‍. എല്ലാം കേട്ട് ഒന്നും മിണ്ടാതെ മാത്യു എല്ലാം രഹസ്യമായി സൂക്ഷിക്കുകയും ചെയ്തു.
ഒടുവില്‍. സിനിമ ഇറങ്ങിയപ്പോള്‍ സാക്ഷാല്‍ വിജയുടെ മകന്റെ വേഷത്തിലാണ് മാത്യു എത്തിയത്. മാത്യുവിന് ലഭിച്ച പിറന്നാള്‍ സമ്മാനം കൂടിയാണ് ലിയോ. ഒക്ടോബര്‍ 16ന് 21-ാം പിറന്നാളായിരുന്നു. മൂന്നു ദിവസം കഴിഞ്ഞ് ലിയോ എത്തി. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് മാത്യുവിന്റെയും വിജയ്യുടെയും ഒരു ചിത്രം. ദളപതി വിജയിയുടെ ചെറുപ്പകാലത്തെ ചിത്രവും, ലിയോ സിനിമയില്‍ മകനായി എത്തിയ മാത്യുവിന്റെയും ചിത്രങ്ങള്‍ ചേര്‍ത്ത് ഒരുക്കിയ ഒരു ചിത്രമാണ് വൈറലാകുന്നത്.
ഈ ചിത്രം കണ്ട് പെര്‍ഫെക്ട് കാസ്റ്റിംഗ് എന്നാണ് പല ആരാധകരും വിശേഷിപ്പിക്കുന്നത്. ഒരു അഭിമുഖത്തില്‍ തന്റെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ നേരിട്ട് തന്നെ സിനിമയിലേക്ക് വിളിച്ചതെന്ന് നേരത്തെ മാത്യു വെളിപ്പെടുത്തിയിരുന്നു.
ഓഡിഷന്‍ ഒന്നും ഉണ്ടായിരുന്നില്ല ചിത്രത്തിലേക്കെന്നും തന്റെ ചിത്രങ്ങള്‍ കണ്ട ശേഷമാണ് ലിയോയിലേക്ക് വിളിക്കുകയായിരുന്നു പ്രൊഡക്ഷന്‍ ടീമെന്നും മാത്യു പറഞ്ഞിരുന്നു.
ഇതിനിടെ കേരള ബോക്‌സ് ഓഫീസില്‍ ഇതുവരെ മുന്നിലെത്തിയ ചിത്രങ്ങളില്‍ ഒന്നായിരിക്കുകയാണ് ലിയോ. ഈ കണക്ക് പ്രകാരം മൂന്നാം സ്ഥാനത്ത് ഉള്ളത് കമല്‍ഹാസന്‍ നായകനായി എത്തിയ വിക്രം ആണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം കേരളത്തില്‍ നിന്നും ആകെ നേടിയത് 40.20 കോടി യാണ്.
രണ്ടാം സ്ഥാനത്താണ് നിലവില്‍ വിജയ് നായകനായ ലിയോ ആണ്. 47.20 കോടിയാണ് കേരളത്തില്‍ ഇതുവരെയുള്ള കളക്ഷന്‍. ഒന്നാം സ്ഥാനത്ത് നിലവില്‍ ഉള്ളത് ജയിലര്‍ ആണ്. ഈ ചിത്രം 57.70കോടിയാണ് സംസ്ഥാനത്ത് നിന്നും നേടിയത്. ലിയോ ഈ റെക്കോര്‍ഡ് മറികടക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.