വരവേല്‍പ്പ്, നരസിംഹം എന്നീ മോഹന്‍ലാല്‍ ചിത്രങ്ങളെക്കുറിച്ചും ശ്രീനിവാസന്‍ തിരക്കഥ രചിച്ച സന്ദേശത്തെക്കുറിച്ചും തന്റെ അഭിപ്രായം പറഞ്ഞ ശ്യാം പുഷ്‌കരനെതിരെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ വിമര്‍ശനം.
സന്ദേശം മുന്നോട്ടുവെക്കുന്ന സന്ദേശത്തോട് വിയോജിപ്പുണ്ടെന്നും വരവേല്‍പ്പ് കാണുമ്പോള്‍ സങ്കടം വരുന്നതിനാല്‍ കാണാനിഷ്ടമല്ലാത്ത ചിത്രമാണെന്നും നരസിംഹം ഒറ്റത്തവണ മാത്രം കാണാനുള്ള ചിത്രമാണെന്നുമായിരുന്നു റേഡിയോ മാംഗോയുടെ അഭിമുഖത്തില്‍ ശ്യാമിന്റെ അഭിപ്രായം.
ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വിമര്‍ശനവുമായി എത്തുകയായിരുന്നു. സന്ദേശത്തില്‍ ശ്യാമിന്റെ രാഷ്ട്രീയത്തെ അതില്‍ പരിഹസിക്കുന്നതുകൊണ്ടാണ് ചിത്രത്തെ വിമര്‍ശിക്കുന്നത് എന്നായിരുന്നു ചിലരുടെ വിമര്‍ശനം.
ഒന്നോ രണ്ടോ സിനിമകള്‍ ഹിറ്റായെന്നുകരുതി ശ്രീനിവാസനെപ്പോലുള്ള ഒരാളെ വിമര്‍ശിക്കാന്‍ പാടില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
മോഹന്‍ലാലിന്റെ രണ്ടുചിത്രങ്ങളും തള്ളിപ്പറഞ്ഞതിനെതിരെ ആരാധകര്‍ രംഗത്തുവന്നുകഴിഞ്ഞു. നരസിംഹത്തെക്കുറിച്ച് പറയാന്‍ മാത്രം ശ്യാം വളര്‍ന്നിട്ടില്ലെന്നാണ് അവരുടെ കമന്റ്.