വില്ലൻ വേഷങ്ങളിലൂടെ മലയാളത്തിൽ തിളങ്ങിയ നടനാണ് കൊല്ലം തുളസി. ക്യാൻസർ ബാധിതനായ താരം കടന്ന് പോയത് വിഷമാവസ്ഥകളിലൂടെയായിരുന്നു. കുടുംബത്തിന്റെ പിന്തുണ ലഭിക്കേണ്ട സമയത്ത് അദ്ദേഹം കടന്ന് പോയത് ഭീകരമായ അവസ്ഥയിലൂടെയായിരുന്നു.
അമൃത ടിവിയിൽ സേപ്രേക്ഷണം ചെയ്യുന്ന ആനീസ് കിച്ചൺ എന്ന പ്രോഗ്രാമിലാണ് താരം തന്റെ ജീവിതത്തിലെ പ്രതസന്ധിഘട്ടങ്ങളെ കുറിച്ച് സംസാരിച്ചത്. കാൻസർ വന്നതിന് ശേഷം ഭാര്യയും മകളും ഒറ്റപ്പെടുത്തിയത് സഹിക്കാൻ പറ്റാത്തതാണ് എന്ന് അദ്ദേഹം പറയുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ: സിനിമയിൽ വില്ലൻ വേഷങ്ങളാണ് ചെയ്തത് എങ്കിലും യഥാർത്ഥ ജീവിതത്തിൽ മറ്റൊരാളുടെ കണ്ണീർ കാണാൻ പറ്റാത്ത ആളാണ് ഞാൻ. സിനിമയിൽ മിക്കപ്പോഴും ഞാൻ നെഗറ്റീവ് ക്യാരക്ടർ ഉള്ള സർക്കാർ ഉദ്യോഗസ്ഥനായിരിയ്ക്കും.
യഥാർത്ഥ ജീവിതത്തിലും ഞാനൊരു സർക്കാർ ഉദ്യോഗസ്ഥനാണ്. പക്ഷെ ഒരാളെ അയാളുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് ഞാൻ പെരുമാറും. വല്ലാത്ത പ്രശ്നത്തിൽ നിൽക്കുന്ന ഒരാൾ എന്റെ മുന്നിൽ വന്നാൽ ആ കേസ് ഞാൻ ഏറ്റെടുത്ത് കൊണ്ടു പോയി പരിഹരിക്കും. അത് എനിക്ക് പിൽ കാലത്ത് സഹായമായിട്ടുണ്ട്.
എനിക്ക് കാൻസർ വന്നപ്പോൾ ഞാൻ ആദ്യം ഒന്ന് ഭയന്നു. ആദ്യം വിവരം പറഞ്ഞത് മാത അമൃതാനന്ദമയിയോടാണ്. മോനെ നിനക്കൊന്നും വരില്ല എന്ന് അമ്മ പറഞ്ഞ വാക്കുകളാണ് എനിക്ക് ധൈര്യം നൽകിയത്. അതുകൊണ്ട് എന്നെ പിടിച്ച കാൻസർ എന്ന മൂർഖനെ എനിക്ക് പിഴിതെറിയാൻ സാധിച്ചു. പക്ഷെ അത് കാരണം വന്ന മറ്റ് ചില അസുഖങ്ങളെ ഇപ്പോഴും നേരിട്ടുകൊണ്ടിരിയ്ക്കുകയാണ്. മരണം വരെ സുഖമായി ജീവിച്ച് പോകും എന്ന വിശ്വാസം എനിക്കിപ്പോൾ ഉണ്ട്, മരണം വരെ വേദനിച്ച് ജീവിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു