വരത്തന്‍ തകര്‍ക്കാന്‍ പോവുന്നത് മമ്മൂട്ടിയുടെ റെക്കോര്‍ഡ്!

42

അടുത്തിടെ ഇറങ്ങിയ മലയാള സിനിമകളില്‍ ഫഹദ് ഫാസിലിന്റെ വരത്തനാണ് പ്രേക്ഷകപ്രീതി സ്വന്തമാക്കിയിരിക്കുന്നത്. അടുത്ത കാലത്ത് ഇത്രയും ഹിറ്റായ സിനിമ വേറെ ഇല്ലെന്ന് പറയാം. സെപ്റ്റംബര്‍ 20 ന് റിലീസിനെത്തിയ വരത്തന്‍ ആദ്യദിനം മുതല്‍ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വച്ചെിരുന്നത്.

Advertisements

കേരളത്തിന് പുറത്തേക്ക് കൂടി പ്രദര്‍ശനത്തിനെത്തിയതോടെ കോടികള്‍ വാരിക്കൂട്ടി കൊണ്ടിരിക്കുകയാണ്. റിലീസിനെത്തി മൂന്നാഴ്ചകള്‍ പിന്നിടുമ്പോള്‍ സിനിമ ബോക്സോഫീസില്‍ നടത്തിയിരിക്കുന്നത് ഗംഭീര പ്രകടനമാണ്. മമ്മൂട്ടിയുടെയടക്കം റെക്കോര്‍ഡുകളാണ് സിനിമ മറികടന്നിരിക്കുന്നത്. ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് വന്നിരിക്കുകയാണ്.

വര്‍ഷങ്ങള്‍ക്ക് ശേഷം അമല്‍ നീരദും ഫഹദ് ഫാസിലും ഒന്നിച്ചെത്തിയ സിനിമയാണ് വരത്തന്‍. ഐശ്വര്യ ലക്ഷ്മിയാണ് നായിക. സെപ്റ്റംബര്‍ 20 ന് റിലീസിനെത്തിയ സിനിമ കേരളത്തില്‍ തരംഗമായതിന്റെ പിന്നാലെയായിരുന്ന സെപ്റ്റംബര്‍ 27 ന് യുഎഇ/ജിസിസി യിലേക്കും എത്തിയത്. ഇവിടെ 57 ഓളം സ്‌ക്രീനുകളായിരുന്നു വരത്തന് ലഭിച്ചത്. അതില്‍ നിന്നും നൂറ്മേനി കൊയ്യാന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

യുഎഇ/ജിസിയില്‍ നല്ല തുടക്കമായിരുന്നു വരത്തന് ലഭിച്ചിരുന്നത്. ഇതോടെ തകര്‍പ്പന്‍ പ്രകടനം നടത്താനും കഴിഞ്ഞു. ഫോറം കേരള അവസാനമായി പുറത്ത് വിട്ടിരിക്കുന്ന കണക്കുകള്‍ പ്രകാരം വരത്തന്‍ യുഎഇ/ജിസിസിയില്‍ നിന്നും ആദ്യ പത്ത് ദിവസം കൊണ്ട് കോടികള്‍ വാരിക്കൂട്ടിയിരിക്കുകയാണെന്നാണ് പറയുന്നത്. 6.97 കോടിയാണ് സിനിമ കുറഞ്ഞ ദിവസം കൊണ്ട് സ്വന്തമാക്കിയിരിക്കുന്നത്.

പത്ത് ദിവസത്തെ വരത്തന്റെ കണക്കുകള്‍ വിസ്മയിച്ചപ്പോള്‍ പുതിയ റെക്കോര്‍ഡ് കൂടി നേടി. തെന്നിന്ത്യയില്‍ നിന്നും ടോപ്പ് 4 സിനിമകളുടെ പട്ടികയിലാണ് വരത്തിനിപ്പോള്‍ എത്തിയിരിക്കുന്നത്. ഉടന്‍ തന്നെ മറ്റൊരു സ്ഥാനത്തേക്ക് കൂടി സിനിമയ്ക്ക് എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേ സമയം മണിരത്നത്തിന്റെ ചെക്കാ സിവന്ത വാനമാണ് വരത്തനൊപ്പം മുന്നിട്ട് നില്‍ക്കുന്നത്. ഈ ചിത്രത്തില്‍ ഫഹദ് അഭിനയിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്മാറുകയായിരുന്നു. പുതിയ കണക്കുകള്‍ പ്രകാരം ചെക്കാ സിവന്ത വാനത്തെ പിന്നിലാക്കിയാണ് വരത്തന്റെ യാത്ര.

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച അബ്രഹാമിന്റെ സന്തതികളാണ് ഈ വര്‍ഷം യുഎഇ/ജിസിസി സെന്ററുകളില്‍ നിന്നും ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രം. 10.3 കോടിയായിരുന്നു ചിത്രം നേടിയത്. രജനികാന്തിന്റെ കാല, സൗബിന്‍ ഷാഹിര്‍ നായകനായി അഭിനയിച്ച സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ സിനിമകളാണ് പിന്നില്‍. ഈ സിനിമകളെയെല്ലാം മറികടക്കാന്‍ വരത്തന് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.

കേരള ബോക്സോഫീസിനെ പോലെ തന്നെ കൊച്ചി മള്‍ട്ടിപ്ലെക്സിലും വരത്തന്‍ തരംഗമായിരുന്നു. ഈ വര്‍ഷം അതിവേഗം ഒരു കോടി ക്ലബ്ബിലെത്തിയ സിനിമയായി വരത്തന്‍ മാറി. പതിമൂന്ന് ദിവസങ്ങള്‍ കൊണ്ട് 99 ലക്ഷത്തിലെത്തിയ സിനിമ പതിനാലാം ദിവസമാണ് ഒരു കോടി സ്വന്തമാക്കിയത്. തൊട്ട് മുന്നില്‍ റിലീസിനെത്തിയ തീവണ്ടി പതിനെട്ട് ദിവസം കൊണ്ടായിരുന്നു ഈ നേട്ടത്തിലെത്തിയത്. നിലവില്‍ 18 ദിവസം കഴിയുമ്‌ബോള്‍ കൊച്ചി മള്‍ട്ടിപ്ലെക്സില്‍ വരത്തന്‍ 1.22 കോടിയിലെത്തിയിരിക്കുകയാണ്. തിരുവന്തപുരം ഏരിയപ്ലെക്സില്‍ നിന്നും 23.50 ലക്ഷമാണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്.

വരത്തന്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ ഒരു കോടി ക്ലബ്ബിലെത്തിയതിന് ഒപ്പം തന്നെ ബാംഗ്ലൂര്‍ സെന്ററുകളിലും ഒരു കോടിയിലെത്തിയിരുന്നു. 13 ദിവസങ്ങള്‍ കൊണ്ടാണ് വരത്തന്റെ അപൂര്‍വ്വ നേട്ടം. ഈ വര്‍ഷം ബാംഗ്ലൂരില്‍ നിന്നും ഒരു കോടി നേടുന്ന സിനിമയെന്ന പ്രത്യേകതയും വരത്തനുണ്ട്.

മുന്‍പ് ദൃശ്യം, പ്രേമം, ബാംഗ്ലൂര്‍ ഡേയ്‌സ്, പുലിമുരുകന്‍ എന്നീ സിനിമകളാണ് ബാംഗ്ലൂരില്‍ നിന്നും ഒരു കോടിയ്ക്ക് മുകളില്‍ നേടിയ സിനിമകള്‍. റിലീസിനെത്തി അടുത്ത കാലത്തിറങ്ങിയ സിനിമകളില്‍ നിന്നെല്ലാം വരത്തന്‍ വേറിട്ട് നില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

തമിഴില്‍ നിന്നും റിലീസിനെത്തിയ 96 ഉം മികച്ച അഭിപ്രായവും കളക്ഷനുമാണ് കേരളത്തില്‍ നേടികൊണ്ടിരിക്കുന്നത്.

Advertisement