സൂപ്പർ സംവിധായകൻ ഫാസിൽ മോഹൽലാൽ, സുരേഷ് ഗോപി, ശോഭന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ വമ്പൻ ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മികച്ച അഭിപ്രായവും കളക്ഷനും തീയറ്ററുകളിൽ നിന്ന് നേടിയെടുത്ത മണിച്ചിത്രത്താഴ് മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രം കൂടിയാണ്.
1993 ഡിസംബർ 25 ന് റിലീസ് ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. നാഗവല്ലിയും ഗംഗയും നകുലനും ഡോക്ടർ സണ്ണിയുമെല്ലാം ഇന്നും പ്രേക്ഷകരുടെ ഇഷ്ടകഥാപാത്രങ്ങളാണ്. സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും അത് മാറ്റമില്ലാതെ തുടരുകയാണ്. മറ്റു ഭാഷകളിലേക്കും ഈ ചിത്രം റീമേക്ക് ചെയ്തിരുന്നു.
അതേ സമയം മണിച്ചിത്രത്താഴിനെ കുറിച്ച് ഫഹദ് ഫാസിൽ പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ് ഇപ്പോൾ. അച്ഛൻ ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രം റീമേക്ക് ചെയ്താൽ അഭിനയിക്കില്ലെന്നാണ് ഫഹദ് പറയുന്നത്. അതിനുളള കാരണവും വ്യക്തമാക്കിയിട്ടുണ്ട്.
ദി ക്വിന്റിന് നൽകിയ അഭിമുഖത്തിൽ ഫഹദ് ഫാസിൽ ഇക്കാര്യം പറഞ്ഞത്. ഫഹദ് ഫാസിൽ നായകനായി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജിയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനിടെയാണ് മണിച്ചിത്രത്താഴിനെക്കുറിച്ചുള്ള ചോദ്യം നടനോട് ചോദിക്കുന്നത്.
മലയാളത്തിലെ എക്കാലത്തെയും മികച്ച സൈക്കോ ഹൊറർ ചിത്രമായ മണിച്ചിത്രത്താഴ് റീമേക് ചെയ്താൽ ഏത് റോൾ സ്വീകരിക്കുമെന്നായിരുന്നു ഫഹദിനോടുള്ള ചോദ്യം. മണിച്ചിത്രത്താഴ് പോലെയുള്ള ഒരു ചിത്രത്തിൽ തനിക്ക് അഭിനയിക്കാൻ കഴിയില്ലെന്നാണ് നടൻ പറയുന്നത്.
ഫഹദ് ഫാസിലിന്റെ വാക്കുകൾ ഇങ്ങനെ:
മണിച്ചിത്രത്താഴ് പോലൊരു സിനിമ കാണാനും അതിനെ ആസ്വദിക്കാനുമാണ് തനിക്ക് താത്പര്യം. കൂടാതെ മണിച്ചിത്രത്താഴ് റീമേക് ചെയ്താൽ അത് നിർമ്മിക്കുവാൻ തനിയ്ക്ക് താത്പര്യമുണ്ട്. എന്റേത് ഒരു ചെറിയ ലോകമാണ്. ഒരു വീടിനുള്ളിൽ ചിത്രീകരിക്കുന്ന സംഭവങ്ങൾ, അത്തരത്തിലുള്ള പ്ലോട്ടിലാണ് കൂടുതൽ താത്പര്യമെന്നും ഫഹദ് കൂട്ടിച്ചേർത്തു.
രണ്ട് ചിത്രങ്ങളാണ് അടുത്ത ദിവസങ്ങളിൽ ഫഹദിന്റേതായി പുറത്തു വന്നത്. ഉരുൾ, ജോജി. ഒടിടി യിലാണ് ചിത്രങ്ങൾ റിലീസ് ചെയ്യുന്നത്. രണ്ടും വ്യത്യസ്ത ജോണറുകളിലുള്ള ചിത്രങ്ങളാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ജോജിക്ക് ലഭിക്കുന്നത്.