ഭർത്താവിനെ കാണാനില്ല, പൊട്ടിക്കരഞ്ഞ് ആശ ശരത്ത് ലൈവിൽ; അമ്പരപ്പിക്കുന്ന ട്വിസ്റ്റും

16

കരഞ്ഞുകലങ്ങിയ കണ്ണും ഇടറുന്ന ശബ്ദവുമായി നടി ആശ ശരത്തിന്റെ പുതിയ ഫേസ്ബുക്ക് വിഡിയോ ലൈവ് കണ്ടവർ ഞെട്ടി. തന്റെ ഭർത്താവിനെ കാണുന്നില്ലെന്ന് അറിയിച്ചാണ് വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഇതോെട പ്രേക്ഷകരും പരിഭ്രാന്തരായി. എന്നാൽ വിഡിയോ മുഴുവൻ കണ്ടതോടെ പരിഭ്രാന്തി ആകാംക്ഷയായി. പുതിയ ചിത്രം എവിടെയുടെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു നടിയുടെ ഫേസ്ബുക്ക് ലൈവ്. നിരവധി ആളുകളാണ് വിഡിയോയുടെ താഴെ പ്രതികരണങ്ങളുമായി എത്തിയത്. പലരും വിചാരിച്ചത് നടിയുടെ യഥാർഥ ഭർത്താവിനെ കാണാതെപോയെന്നു തന്നെയാണ്.

എവിടെ പ്രമോഷൻ വിഡിയോ എന്ന തലക്കെട്ട് നൽകിയാണ് വിഡിയോ പോസ്റ്റ് ചെയ്തതെങ്കിലും കൂടുതൽ ആളുകവും അതുപിന്നീടാണ് ശ്രദ്ധിച്ചതെന്നു മാത്രം. ആശ ശരത്തിന്റെ വാക്കുകൾ ഇങ്ങനെ കുറച്ചു ദിവസമായി എന്റെ ഭർത്താവിനെ കാണുന്നില്ല. പത്തു നാൽപത്തിയഞ്ചു ദിവസമായി, സാധാരണ ഇങ്ങനെ പോകുകയാണെങ്കിലും ഉടൻ തിരിച്ചുവരാറുള്ളതാണ്. അല്ലെങ്കിൽ വിളിച്ചു പറയും. ഇതിപ്പോൾ ഒരുവിവരവുമില്ല. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയിക്കണം.

Advertisements

എപ്പോഴും എന്റെ കൂടെ ഉള്ളവരാണ് നിങ്ങൾ, ആ ധൈര്യത്തിലാണ് ഞാൻ മുന്നോട്ടുപോകുന്നത്. ഭർത്താവിന്റെ പേര് സക്കറിയ എന്നാണ്. തബലയൊക്കെ വായിക്കുന്ന ആർടിസ്റ്റ് ആണ്. എന്തെങ്കിലും വിവരം കിട്ടിയാൽ കട്ടപ്പന പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. അദ്ദേഹം എവിടെ എന്നുള്ള അന്വേഷണത്തിലാണ് ഞാനും എന്റെ കുടുംബാംഗങ്ങളും. എവിടെ എന്നുള്ളതാണ് ആർക്കും അറിയാത്തത്, നിങ്ങൾ അത് കണ്ടുപിടിച്ചു തരുമെന്ന വിശ്വാസത്തിലാണ് ഞാൻ.

കെകെ രാജീവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് എവിടെ. ആശ ശരത്ത് പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ കഥ സഞ്ജയ് ബോബിയുടേതാണ്. ആശയുടെ ഭർത്താവിന്റെ വേഷത്തിൽ മനോജ് കെ. ജയൻ അഭിനയിക്കുന്നു. മനോജ് അവതരിപ്പിക്കുന്ന സക്കറിയ എന്ന കഥാപാത്രത്തിന്റെ തിരോധാനവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്. ജൂബിലി, പ്രകാശ് മൂവിടോൺ, മാരുതി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് നിർമാണം.

Advertisement