മലയാളം മിനിസ്‌ക്രീൻ ബിഗ് സ്‌ക്രീൻ പ്രേമികൾക്ക് ഏറെ സുപരിചിതരായ താരജോഡികളാണ് ജീവ ജോസഫും അപർണ തോമസും. ടെലിവിഷൻ ഷോകളിലൂടെയും സിനിമകളിലൂടെയും ജീവ തന്റെ സാന്നിദ്ധ്യം അറിയിക്കുമ്പോൾ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അപർണ എത്തുന്നത്.
അപർണയും ജീവയും ഒന്നിച്ചുള്ള വീഡിയോകളുമായാണ് അപർണ മിക്കപ്പോഴും എത്തുന്നത്. ചിലപ്പോഴൊക്കെ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഇരുവരുടേയും സുഹൃത്തുക്കളും ഉണ്ടാകാറുണ്ട്. തങ്ങളടെ ദാമ്പത്യ ജീവിതത്തിലെ കുഞ്ഞ് കുഞ്ഞ് തമാശകൾ എല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇരുവരുടെയും അഭിമുഖങ്ങൾ പ്രേക്ഷകർക്ക് അതിലും വലിയ എന്റർടൈൻമെന്റ് ആണ് നൽകാറുള്ളത്.
ഇതിനിടെ, അപർണ ഒരുക്കിയ ഒരു സ്‌പെഷ്യൽ ചോദ്യോത്തര വേളയിൽ ജീവ നൽകിയ മറുപടിയൊക്കെ വൈറലായി മാറിയിരുന്നു. പൊതുവേ സ്ത്രീകൾക്ക് പുരുഷന്മാരോട് ചോദിക്കാൻ മടിയുള്ള എന്നാൽ അവരിൽ നിന്ന് അറിയാൻ ആഗ്രഹമുള്ള ചില ചോദ്യങ്ങളാണ് ഇവ എന്ന മുഖവുരയോടെയാണ് അപർണ ചോദ്യങ്ങളുമായി എത്തിയത്. ഇതിന് പതറാതെ മറുപടി പറഞ്ഞ് ജീവയും തകർത്തിരുന്നു.
ഇപ്പോഴിതാ വീണ്ടും അങ്ങോട്ടും ഇങ്ങോട്ടും ഇതുവരെ ചോദിക്കാത്ത ചോദ്യങ്ങളുമായി പുതിയ എപ്പിസോഡ് എത്തിയിരിക്കുകയാണ്. ഏഴ് വർഷത്തിന് ഇടയിൽ ഇതുവരെ അപർണയോട് ചോദിക്കാത്ത ചോദ്യങ്ങളാണ് ജീവ ചോദിക്കുന്നത്. അതിലൊരു ചോദ്യമായിരുന്നു, എന്ത് കൊണ്ട് തന്നെ ഇഷ്ടപ്പെട്ടു എന്നത്.
ജീവയുടെ ചോദ്യത്തിന് വളരെ വ്യക്തമായ മറുപടി തന്നെയാണ് അപർണ നൽകുന്നത്. ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് ആണ് ഞാൻ ജീവയെ പരിചയപ്പെട്ടത്. ആ സമയത്ത് എനിക്ക് എന്റെ അച്ഛനോടും അമ്മയോടും പറയാൻ പറ്റാത്ത ഒരു വിഷമം ജീവയോട് പറഞ്ഞു. അപ്പോൾ ഞാൻ ജീവയിൽ ശ്രദ്ധിച്ച ഒരു കാര്യം, അവൻ എന്നെ ജഡ്ജ് ചെയ്തില്ല, എന്നെ സപ്പോർട്ട് ചെയ്തു. ആ സംസാരത്തിൽ ഞങ്ങൾക്ക് രണ്ട് പേർക്കും സമാനമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് മനസ്സിലായി.- അപർണ പറയുന്നു.
ഈ വിഷയത്തിൽ ഇതേ അഭിപ്രായം തന്നെയാണ് ജീവയും പറഞ്ഞത്. ഞാൻ അപർണയെ കണ്ട് മുട്ടിയത് ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് ആണ്. നമ്മൾ നല്ല സമയത്ത് കണ്ടു മുട്ടുന്നവർ ചിലപ്പോൾ വിഷമഘട്ടത്തിൽ ഇട്ടിട്ട് പോയേക്കാം. എന്നാൽ ഞങ്ങൾ കണ്ടുമുട്ടിയത് ജീവിതത്തിലെ ഏറ്റവും മോശം സമയത്ത് ആയത് കൊണ്ട് പരസ്പരം മനസ്സിലാക്കാൻ ഒരുപാട് സാധിച്ചു എന്നാണ് ജീവ പറയുന്നത്.
തന്റെ കാര്യത്തിൽ മാറ്റണം എന്ന് ആഗ്രഹിക്കുന്ന കാര്യം ഏതാണ് എന്നായിരുന്നു പിന്നീട് ജീവ അപർണയോട് ചോദിച്ചത്. അങ്ങനെ ഒന്നില്ല എന്ന് അപർണ പറഞ്ഞു. ജീവയിൽ ഒന്നും മാറ്റണം എന്ന് ഞാൻ ആഗ്രഹിയ്ക്കുന്നില്ല. ഇത്രയും നല്ല മനുഷ്യനാവരുത്, കുറച്ചൊക്കെ മോശമാവണം എന്ന് ഞാൻ പറയാറുണ്ട്.
എന്നാൽ, അതും വേണ്ട. ജീവയെ ദൈവം സൃഷ്ടിച്ചിരിയ്ക്കുന്നത് ഇങ്ങനെയാണ്. അത് ഇങ്ങനെ തന്നെ നിൽക്കട്ടെ. എന്തെങ്കിലും മാറ്റം വരുത്തണം എന്ന് ഞാൻ ആവശ്യപ്പെട്ടാൽ, അത് ദൈവത്തിന്റെ സൃഷ്ടിയെ തന്നെ മാറ്റാൻ പറയുന്നത് പോലെയാവും. അത് വേണ്ട എന്നാണ് അപർണ പറയുന്നത്.