മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ പളുങ്കി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ പ്രിയ നടിയായി മാറിയ താരസുന്ദരിയാണ് നസ്‌റിയ നസീം. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരു പിടി മികച്ച ചിത്രങ്ങളിൽ ശ്രദ്ധേയമായ നായികാ വേഷങ്ങൾ ്‌വതരിപ്പിച്ച നസ്‌റിയ വിവാഹത്തോടെ സിനിമ വിട്ടിരുന്നു.
മലയാളത്തിലെ യുവ നടൻ ഫഹദ് ഫാസിലിനെ നസ്‌റിയ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. അതേ സമയം ഇടവേള വെട്ടിക്കുറച്ച് വളരെ വേഗം തന്നെ നസ്‌റിയ സിനിമയിലേക്ക് മടങ്ങി വന്നിരുന്നു. പൃഥ്വിരാജിന് ഒപ്പം കൂടെയിലൂടെ മടങ്ങി വന്ന നസ്‌റിയ ഭർത്താവ് ഫഹദിന് ഒപ്പം ട്രാൻസിലും നായികയയായി എത്തി.
അതേ സമയം നസ്രിയ നസിം നായികയായി എത്തുന്ന ആദ്യ തെലുങ്ക് ചിത്രമാണ് അണ്ടേ സുന്ദരാനികി. ഒരിടവേളയ്ക്കു ശേഷം നസ്രിയ നായികയാവുന്ന സിനിമയാണിത്. നാനിയാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. ഒരു റൊമാന്റിക് കോമഡി എന്റർടെയ്‌നറാണ് ചിത്രം. ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. ജൂൺ 10നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി അണ്ടേ സുന്ദരാനികിയുടെ പ്രൊമോഷൻ തിരക്കിലാണ് നസ്രിയ. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടി കൊച്ചിയിൽ നടന്നത്. ഫഹദ് ഫാസിലിനെ പറ്റി നസ്രിയയോട് ഒരു അവതാരകൻ ചോദിച്ച ചോദ്യത്തിന് നടി നൽകിയ മറുപടി കൈയ്യടി നേടുന്നതിനൊപ്പം ശ്രദ്ധിക്കപ്പെടുന്നത് അവിടെ നടന്ന ഒരു പ്രശ്‌നം വളരെ ലളിതമായി പറഞ്ഞ് ഒതുക്കിയ സംഭവമാണ്.
ഫഹദുമായി ചർച്ച ചെയ്തതിന് ശേഷമാണോ ഈ ചിത്രം തെരഞ്ഞെടുത്തത് എന്നും, തെലുങ്കിലേക്ക് പോകുന്നതിന് പിന്നിൽ ഫഹദിന്റെ തീരുമാനവും ഉണ്ടായിരുന്നോ എന്നുമായിരുന്നു മാധ്യമ പ്രവർത്തകൻ ചോദിച്ചത്. ഇതിനു നസ്രിയ നൽകിയ മറുപടി ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. തന്റെ കാര്യം തീരുമാനിക്കുന്നത് താൻ തന്നെ ആണ് എന്നായിരുന്നു നസ്രിയ നൽകിയ മറുപടി.
ഇല്ല ഒരാളുടെ കാര്യം മറ്റേ ആളല്ല തീരുമാനിക്കുന്നത്. ഒരുമിച്ച് ജീവിക്കുമ്പോൾ ഞങ്ങൾ ജോലിയെ പറ്റി ചർച്ച ചെയ്യാറുണ്ട്. രണ്ടുപേരും അഭിനേതാക്കൾ ആയതു കൊണ്ട് ഞങ്ങൾക്ക് സിനിമയെ പറ്റി സംസാരിക്കാൻ കുറച്ച് കൂടി എളുപ്പമാണ്. അഭിപ്രായങ്ങൾ പരസ്പരം ചോദിക്കാറുണ്ട്. എന്നാൽ ഒരു സിനിമ തെരഞ്ഞെടുക്കുന്നത് അന്തിമമായി എന്റെ തീരുമാനമാണ്.
ഫഹദിന്റെ സിനിമ ഫഹദും, എന്റെ സിനിമ ഞാനുമാണ് തെരഞ്ഞെടുക്കുന്നത് എന്നായിരുന്നു നസ്രിയ നൽകിയ മറുപടി.
ഉലകനായകൻ കമൽ ഹാസന് ഒപ്പം ഫഹദ് മുഖ്യ വേഷത്തിൽ എത്തിയ വിക്രം എന്ന തമിഴ് സിനിമ പുറത്തിറങ്ങിയ ശേഷം ഒരാഴ്ചയ്ക്ക് ശേഷമാണ് അണ്ടേ സുന്ദരാനികി എന്ന സിനിമയും എത്തുന്നത്. വീട്ടിൽ തന്നെ ഒരു മത്സരമുണ്ടല്ലോ എന്നായിരുന്നു മാധ്യമങ്ങൾ പറഞ്ഞത്.
അങ്ങനെ മത്സരമൊന്നുമില്ല, രണ്ടും രണ്ട് തരം സിനിമകളാണ് അങ്ങനെയേ കാണുന്നുള്ളൂ എന്നും അതെ അങ്ങനെ എങ്കിൽ വീട്ടിൽ തന്നെ ഒരു കോമ്പറ്റീഷൻ ഇരിക്കട്ടേ എന്നുമായിരുന്നു നസ്രിയ പ്രതികരിച്ചത്. പിന്നാലെയാണ് പ്രസ് മീറ്റിൽ വാക്ക് തർക്കം ഉടലെടുത്തത്. ഫഹദിനെ പറ്റിയുള്ള നസ്രിയയോടുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പിന്നാലെ വ്യക്തിപരമായ ചോദ്യങ്ങൾ ഒഴിവാക്കണമെന്ന് പ്രസ് മീറ്റിന് നസ്രിയയ്‌ക്കൊപ്പം എത്തിയ ഒരാൾ അഭ്യർത്ഥിച്ചു.
നാനിയും തൻവി ശ്രീറാമും പ്രസ് മീറ്റിന് പങ്കെടുത്തിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ചോദ്യം ചോദിക്കണമെന്നും പേഴ്സണൽ കാര്യങ്ങൾ ചോദിക്കരുതെന്നും ഇത് സിനിമയുടെ പ്രസ് മീറ്റാണെന്നും പേഴ്സണൽ പ്രസ് മീറ്റല്ലെന്നുമായിരുന്നു നസ്രിയക്ക് ഒപ്പമെത്തിയ ആൾ പറഞ്ഞത്. ഇതോടെ മാധ്യമ പ്രവർത്തകർ ചെറിയ തോതിൽ തർക്കം തുടങ്ങുകയായിരുന്നു. അങ്ങനെയെങ്കിൽ നിങ്ങൾ സിനിമയുടെ കാര്യങ്ങൾ പറഞ്ഞോളൂ, ഞങ്ങളൊന്നും ചോദിക്കുന്നില്ല എന്നായി മാധ്യമ പ്രവർത്തകർ.
ഈ വിഷയത്തിൽ നസ്രിയ ഇടപെട്ട് പരിഹരിക്കുകയുമായിരുന്നു. ചോദിച്ച ചോദ്യത്തിന് ഞാൻ മറുപടി തന്നുവല്ലോ, പിന്നെന്താണ് പ്രശ്‌നം, എനിക്ക് മറുപടി തരുന്നതിൽ യാതൊരു പ്രശ്‌നവുമില്ല, എന്നോട് ചോദിച്ചോളൂ ഞാൻ പറയാം. വെറുതെ എന്തിനാണ് വഴക്കുണ്ടാക്കി നല്ല മൂഡ് കളയുന്നതെന്നും വിട്ടു കളയണമെന്നും നസ്രിയ പ്രതികരിച്ചു. മലയാള സിനിമകൾ ചെയ്യുന്നതിനെ കുറിച്ച് നസ്രിയ പറയുന്നത് ഇങ്ങനെയാണ്.
തനിക്ക് മലയാള സിനിമ ചെയ്യണമെന്ന് തന്നെയാണ് വലിയ ആഗ്രഹം. ഇവിടമാണ് തന്റെ വീട്. കഥകൾ കേൾക്കുന്നുണ്ട്. നല്ല കഥകൾ കിട്ടിയാൽ ചെയ്യും. അതിനായി കാത്തിരിക്കുകയാണ് എന്നും ഞാനെവിടെയും പോയിട്ടില്ല ഇവിടെ തന്നെയുണ്ട് എന്നും നസ്രിയ പറഞ്ഞു. അതേ സമയം തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലെത്തുന്ന ചിത്രത്തിന്റെ തെലുങ്ക് പേരാണ് അണ്ടേ സുന്ദരാകിനി എന്ന്.
യാഥാസ്ഥിതികമായ ഹിന്ദു കുടുംബത്തിൽ നിന്നുള്ള യുവാവിന്റെയും ക്രിസ്ത്യൻ കുടുംബത്തിൽ നിന്നുള്ള യുവതിയുടെയും പ്രണയത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. ലീല, സുന്ദർ എന്നീ കഥാപാത്രങ്ങളെയാണ് നാനിയും നസ്രിയയും അവതരിപ്പിക്കുന്നത്. മൈത്രി മൂവീസിന്റെ ബാനറിൽ നിർമിച്ച ചിത്രം വിവേക് ആത്രേയയാണ് സംവിധാനം ചെയ്തിരിക്കുന്നത്.