കൊച്ചി: മലയാള സിനിമയിലെ നടീനടന്മാരില്‍ പലരും മറ്റൊരു പ്രൊഫഷനില്‍ നിന്നും വന്നവരാണ്. സിനിമയോടുള്ള താത്പര്യം കൊണ്ട് പലരും ജോലി വരെ ഉപേക്ഷിച്ചവരാണ്. അങ്ങനെ സിനിമയില്‍ എത്തപ്പെട്ട എഞ്ചിനീയര്‍മാരായ മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം…
1. ടി.ജി രവി
മികച്ച കഥാപാത്രങ്ങള്‍ക്ക് ഭാവം നല്‍കിയ ടി.ജി രവി തൃശ്ശൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ നിന്നുമാണ് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയത്. വില്ലന്‍ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്ന ടി.ജി.രവി 1974-ലെ പാദസരം എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് എത്തിയത്.
2. നിവിന്‍ പോളി
യുവ നിരകള്‍ക്ക് ഹരമായി മാറിയ നിവിന്‍ പോളി ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറിങ് കഴിഞ്ഞ വ്യക്തിയാണ്. 2006-ല്‍ അങ്കമാലി ഫിസാറ്റില്‍ നിന്നാണ് എഞ്ചിനീയറിങ് കഴിഞ്ഞത്. പിന്നീട് ബാഗ്ലൂര്‍ ഇന്‍ഫോസില്‍ ജോലി ചെയ്തു. 2010-ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ മലയാള സിനിമയിലെത്തി.
3. ടൊവിനോ തോമസ്
എ.ബി.സി.ഡി. ചിത്രത്തിലെ വില്ലനെ അത്ര പെട്ടെന്ന് മലയാളി പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. കോയമ്പത്തൂരിലെ തമിഴ്‌നാട് കോളേജ് ഓഫ് എഞ്ചിനീയറിങില്‍ നിന്നും ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് പൂര്‍ത്തിയാക്കി. അവിടത്തെ കൊഗ്നിസെന്റ് ടെക്‌നോളജി സൊല്യൂഷനില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലി ചെയ്‌തെങ്കിലും രാജിവെച്ച് കേരളത്തിലേക്ക് തിരിച്ചു വരുകയായിരുന്നു. പ്രഭുവിന്റെ മക്കള്‍ ആണ് ടൊവിനോ തോമസിന്റെ ആദ്യ സിനിമ.
4. ജിഷ്ണു
മലയാളത്തിലെ പ്രമുഖ നടനായ രാഘവന്റെ മകനാണ് ജിഷ്ണു. കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് പഠിച്ചു. കിളിപ്പാട്ട് എന്ന ചിത്രത്തില്‍ ബാലതാരമായെത്തിയ ജിഷ്ണു 2002-ല്‍ നമ്മള്‍ എന്ന ചിത്രത്തിലൂടെ നായകനായെത്തി. കാന്‍സര്‍ ബാധിച്ച ജിഷ്ണു നമ്മെ വിട്ടു പിരിഞ്ഞു.
5. ഇന്ദ്രജിത്ത്
തിരുനെല്‍വേലിയിലെ സര്‍ദാര്‍ രാജ കോളേജ് ഓഫ് എഞ്ചിനീയറിങില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ് കഴിഞ്ഞു. പിന്നീട് സോഫ്റ്റവെയര്‍ കമ്പനിയില്‍ ജോലി ചെയ്തു. 1986-ല്‍ പടയണി എന്ന ചിത്രത്തില്‍ ബാലതാരമായി ഇന്ദ്രജിത്ത് അഭിനയിച്ചിട്ടുണ്ട്. 2002-ലെ ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ സ്ഥാനം പിടിച്ചു.
6. വിനീത് ശ്രീനിവാസന്‍
ഗായകനായെത്തി പിന്നീട് നായകനും സംവിധായകനുമായി മാറിയ വിനീത് ശ്രീനിവാസന്‍ ചെന്നൈ കെ.സി.ജി. കോളേജ് ഓഫ് ടെക്‌നോളജിയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിങ് പാസായിട്ടുണ്ട്. 2002-ല്‍ കിളിച്ചുണ്ടന്‍ മാമ്പഴം സിനിമയില്‍ ‘കസവിന്റെ തട്ടമിട്ട്’ എന്ന പാട്ട് പാടി സിനിമയിലെത്തി.
7. രഞ്ജിത്ത് മേനോന്‍
ഗോള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ രഞ്ജിത്ത് ചെന്നൈ സെന്റ്. ജോസഫ് കോളേജില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കി. ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്.
8. ഹേമന്ത് മേനോന്‍
ഫാസില്‍ കണ്ടെത്തിയ നടനാണ് വിനീത് സുരേഷ് എന്ന ഹേമന്ത് മേനോന്‍. 2011-ല്‍ ലിവിങ് ടുഗതര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി വടകര എഞ്ചിനീയറിങ് കോളേജില്‍ നിന്നും ബി.ടെക് പാസായിട്ടുണ്ട്.
9. ശ്രിന്ദ ശിവദാസ്
കാലടിയിലെ ശ്രീ ശങ്കരാചാര്യ കോളേജ് ഓഫ് എഞ്ചിനീയറിങ് & ടെക്‌നോളജിയില്‍ നിന്നും മൈക്രോ ബയോളജി പഠിച്ചു. 2012-ല്‍ ഓര്‍ഡിനറി എന്ന സിനിമയിലൂടെ കോളീവുഡിലെത്തി.
10. സണ്ണി വെയ്ന്‍
ദുല്‍ഖറിനോടൊപ്പം സെക്കന്റ് ഷോയില്‍ അഭിനയിച്ച സണ്ണി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് & ടെക്‌നോളജിയില്‍ നിന്നും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാസായി. ബാഗ്ലൂരിലെ ഒരു ഐ.ടി കമ്പനിയില്‍ ജോലി ചെയ്തിരുന്നു.
11. അനുമോള്‍
തമിഴ് ചിത്രത്തിലൂടെ മലയാളത്തിലെത്തിപ്പെട്ട നടിയാണ് അനുമോള്‍. ഇവന്‍ മേഘരൂപന്‍ എന്ന ചിത്രമാണ് ആദ്യ മലയാള സിനിമ. കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ കോളേജില്‍ നിന്നും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കി.
12.ശ്രീജിത്ത് രവി
ടി.ജി. രവിയുടെ മകനായ ശ്രീജിത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കര്‍ണാടകയില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കി. ബാഗ്ലൂര്‍ ഐ.സി.എഫ്.എ.ഐ. യില്‍ നിന്നും എം.ബി.എ നേടിയിട്ടുണ്ട്.
13. വിദ്യ ഉണ്ണി
ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ വിദ്യ, നടി ദിവ്യ ഉണ്ണിയുടെ അനുജത്തിയാണ്. കൊല്ലത്തെ അമൃത സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങില്‍ നിന്നും ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് നേടി. സി.റ്റി.എസില്‍ ജോലിചെയ്യുന്നു.
14. ശ്രീജിത്ത് വിജയ്
രതിനിര്‍വേദത്തിലെ പപ്പുവായെത്തിയ ശ്രീജിത്ത് വാഴക്കുളം വിശ്വജോതി എഞ്ചിനീയറിങ് കോളേജില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിട്ടുണ്ട്.