ദുബായി കടപ്പുറമാണെന്ന് വിചാരിച്ച് ചെന്നൈയിലെ ബസന്ത് നഗർ ബീച്ചിലേയ്ക്ക് നീന്തിക്കയറിയ ദാസനും വിജയനും മലയാളി മനസ്സിലേയ്ക്ക് ചേക്കേറിയിട്ട് ഇപ്പോൾ 35 വർഷം പിന്നിടുന്നു. ഇപ്പോഴിതാ മൂന്ന് പതിറ്റാണ്ടുകൾക്കപ്പുറം അവരുടെ അടുത്ത തലമുറയിലെ രണ്ട് ആളുകൾ അതേ ലൊക്കേഷനിൽ, ചരിത്രം ആവർത്തിക്കുകയാണ്.
പ്രണവ് മോഹൻലാലിനൊപ്പം ബസന്ത് നഗർ ബീച്ചിനു മുന്നിൽ നിന്നെടുത്ത വിനീത് ശ്രീനിവാസന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇതിനൊരു അടിക്കുറിപ്പ് ആവശ്യമില്ലെന്നായിരുന്നു ചിത്രം പങ്കുവച്ച ശേഷം വിനീത് കുറിച്ചത്. ‘ഹൃദയം’ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഈ ചിത്രം പകർത്തിയത്.
ജൂഡ് ആന്റണി, ലെന തുടങ്ങി നിരവധിപേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്. ‘ഞാൻ കൊടുത്തോട്ടെ അടിക്കുറിപ്പ് ‘ഞാൻ പറഞ്ഞില്ലേ ദാസാ എല്ലാത്തിനും അതിന്റെ സമയമുണ്ടെന്ന്’: ഇങ്ങനെയായിരുന്നു ജൂഡ് ആന്റണിയുടെ കമന്റ്.
ഇതേ ചിത്രം മോഹൻലാലിന്റെയും ശ്രീനിവാസന്റേയും ചിത്രം കൂടി വച്ച് ഫോട്ടോഷോപ്പ് ചെയ്തും പ്രചരിച്ചിരുന്നു. നടൻ അജു വർഗീസ് ഈ ചിത്രം ഷെയർ ചെയ്തിട്ടും ഉണ്ട്.