തെലുങ്കിലെ മിന്നും താരമാണ് വിജയ് ദേവരകൊണ്ട. 2017ൽ പുറത്തിറങ്ങിയ അർജ്ജുൻ റെഡ്ഡി എന്ന ചിത്രമാണ് വിജയ് ദേവരകൊണ്ടയെ സിനിമ മേഖലയിൽ പ്രശസ്തനാക്കിയത്. 2011ൽ രവി ബാബു സംവിധാനം ചെയ്ത ചിത്രമായ നുവ്വിലയിലൂടെയാണ് താരം സിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്. ഒരു ക്രിക്കറ്റ് കളിക്കാരന്റെ വേഷമായിരുന്നു വിജയ് അവതരിപ്പിച്ചത്. ഫിലിം ഫെയർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ താരം നേടിയിട്ടുണ്ട്.
എന്നാൽ ഇപ്പോൾ പ്രമുഖ തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ടയെ ഇ.ഡി ചോദ്യം ചെയ്യുന്നു എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. സാമ്പത്തിക ഇടപ്പാടിന്റെ പേരിലാണ് ഇഡി താരത്തെ ചോദ്യം ചെയ്യുന്നത്. താരം നായകനായെത്തിയ ‘ലൈഗർ’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി നിലവിൽ അന്വേഷിക്കുന്നത്. ലൈഗർ സിനിമയുമായി ബന്ധപ്പെട്ട് നേരത്തെ ഇഡിക്ക് പരാതി ലഭിച്ചതായാണ് വിവരം. ചില രാഷ്ട്രീയക്കാരുടെ കള്ളപ്പണം ലൈഗർ സിനിമയുടെ നിർമാണത്തിന് ഉപയോഗിച്ചുവെന്ന ആക്ഷേപം മുൻപ് ഉയർന്നിരുന്നു. കൂടാതെ ദുബായ് കേന്ദ്രീകരിച്ച് പണമിടപാടുകൾ നടന്നതായാണ് ഇ.ഡി വ്യക്തമാക്കുന്നത്
ഹൈദരാബാദിലെ എൻഫോഴ്‌സമെൻറ് ഡയറക്ടറേറ്റ് റീജിയണൽ ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിർമാതാക്കളായ പുരി ജഗ്ഗനാഥിനെയും ചാർമിയെയും നവംബർ 17ന് ഇ.ഡി ചോദ്യം ചെയ്തിരുന്നു. 125 കോടി രൂപ മുതൽമുടക്കിലാണ് ചിത്രം നിർമ്മിച്ചത്. പക്ഷെ ബോക്‌സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാൻ സിനിമക്ക് സാധിച്ചിരുന്നില്ല.
അതേസമയം ഫെമ നിയമത്തിന്റെ ലംഘനം കേസിൽ നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തൽ. നിയന്ത്രണങ്ങൾ പാസാക്കാൻ റിസർവ് ബാങ്കിനെ അധികാരപ്പെടുത്തുകയും ഇന്ത്യയുടെ വിദേശ വ്യാപാര നയത്തിന് അനുസൃതമായി വിദേശനാണ്യവുമായി ബന്ധപ്പെട്ട നിയമങ്ങൾ പാസാക്കാൻ ഇന്ത്യൻ സർക്കാരിനെ പ്രാപ്തമാക്കുകയും ചെയ്യുന്ന ഒരു കൂട്ടം നിയന്ത്രണങ്ങളാണ് ഫെമ.
ഇതിഹാസ ബോക്‌സിങ് താരം മൈക്ക് ടൈസൺ സിനിമയിൽ അതിഥി വേഷത്തിൽ അഭിനിയിച്ചിരുന്നു. അദ്ദേഹത്തിന് നല്കിയ പ്രതിഫലത്തെക്കുറിച്ചും അന്വേഷിക്കുമെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ പറയുന്നത്. സിനിമയിൽ വിജയ് ദേവരകൊണ്ടക്ക് ലഭിച്ച പ്രതിഫലം, അണിയറപ്രവർത്തകർ നല്കിയ പണം എന്നിവയാണ് ഇ.ഡി പരിശോധിക്കുന്നത്.