താരപുത്രന്റെ ലേബലില്ലാതെ സെക്കന്റ് ഷോ എന്ന സിനിമയിലൂടെ എത്തി പിന്നീട് ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തലൂടെ മലയാളികളുടെ മനസിൽ ചേക്കേറിയ താരമാണ് ദുൽഖര് സൽമാൻ. സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്നതിലുപരി ഇന്ന് മലയാള സിനിമയിൽ തന്റേതായ ഇടം ഉണ്ടാക്കിയെടുത്ത മികച്ച യുവനടന്മാരിൽ ഒരാളാണ കൂടിയാണ് ദുൽഖർ സൽമാൻ.
മലയാളത്തിൽ മാത്രമല്ല, തമിഴിലും ബോളിവുഡിലുമെല്ലാം ദുൽഖർ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഈയടുത്ത് തെന്നിന്ത്യയിലിറങ്ങിയ ഏറ്റവും ഹിറ്റ് ചിത്രങ്ങളിലൊന്നായ സീതാരാമം ദുൽഖറിന്റെ താരപദവി ഒന്നുകൂടി ഊട്ടി ഉറപ്പിക്കുകയാണ് ചെയ്തത്. ഇപ്പോഴിതാ ദുൽഖറിനെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായി കാണണമെന്ന ആഗ്രഹം പറയുകയാണ് സിനിമാ-സീരിയൽ നടനായ മനോജ് കുമാർ.
താനിന്ന്. ‘സലാല മൊബൈൽ’ എന്ന സിനിമ കണ്ടപ്പോഴാണ് ദുൽഖർ സൽമാൻ ഉമ്മൻ ചാണ്ടിയായി അഭിനയിച്ചാൽ എങ്ങനെ ഉണ്ടാകും എന്ന തോന്നൽ വന്നതെന്നും സിനിമയിൽ മമ്മൂട്ടി വന്ന് ഉമ്മൻ ചാണ്ടിയുടെ ചെറുപ്പകാലത്തെപ്പറ്റിയുള്ള ഓർമകൾ പങ്കുവയ്ക്കുന്നതും തുടർന്ന് ദുൽഖർ സൽമാൻ ഉമ്മൻ ചാണ്ടി എന്ന ജനനായകനായി സിനിമയിൽ പ്രത്യക്ഷപ്പെടുന്നതുമാണ് തന്റെ മനസ്സിൽ വരുന്ന കഥയെന്നുമാണ് അദ്ദേഹം പറയുന്നത്. ഒപ്പം ദുൽഖർ സൽമാനെ ഉമ്മൻ ചാണ്ടിയാക്കി മാറ്റിയ ഒരു ഗ്രാഫിക്‌സ് ചിത്രവും ചേർത്തുകൊണ്ടാണ് മനോജ് വീഡിയോ പങ്കുവയ്ക്കുന്നത്.
ടിവിയിൽ സലാല മൊബൈൽസ് സിനിമയിൽ ദുൽഖറിനെ കണ്ടപ്പോൾ പെട്ടെന്ന് മനസ്സിലേക്ക് ഒരു സ്പാർക്ക് വന്നു. ഉമ്മൻ ചാണ്ടി സാറിന്റെ ജീവചരിത്രം ഒരു സിനിമയാകുന്നു. പല വലിയ ആളുകളുടെയും ജീവചരിത്രം സിനിമയായിട്ടുണ്ടല്ലോ. അതുപോലെ ഉമ്മൻചാണ്ടി സാറിന്റെ ജീവചരിത്രം സിനിമയായാൽ അത് വലിയൊരു സംഭവം ആയിരിക്കും. അദ്ദേഹം മലയാളക്കരയ്ക്ക് അത്രക്ക് പ്രിയങ്കരനാണ്. ഉമ്മൻ ചാണ്ടി സാറായി ദുൽഖർ അഭിനയിച്ചാൽ നല്ല രസമായിരിക്കും, കാരണം ദുൽഖറിന് അദ്ദേഹത്തിന്റെ ഒരു സാദൃശ്യമുണ്ടെന്നാണ് മനോജ് പറയുന്നത്.
ഒരുപാട് പ്രതിസന്ധികളിലും അനുഭവങ്ങളിലൂടെയും കടന്നുപോയ ഒരു മനുഷ്യനാണ് ഉമ്മൻചാണ്ടി. അദ്ദേഹത്തിന്റെ ജീവിതകഥ ഒരു സിനിമയാക്കാൻ പ്രാപ്തമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു സിനിമയിൽ ഒതുക്കാൻ പറ്റുന്ന ഒരു ജീവിതമല്ല അദ്ദേഹത്തിന്റെ അറുപതു വർഷത്തെ രാഷ്ട്രീയ ജീവിതവും എൺപത് വർഷത്തെ ജീവിതവും. എങ്കിലും ഒരു സിനിമാക്കഥയാക്കാൻപറ്റും. ഇതൊക്കെ നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യമല്ല മലയാള സിനിമയിലെ പ്രതിഭാധനന്മാരായ സംവിധായകർ വിചാരിച്ചാൽ ചെയ്യാൻ സാധിക്കും. ഒരുപക്ഷേ ഒരു പാൻ ഇന്ത്യൻ മൂവി ആയി മാറിയേക്കാവുന്ന സംഭവമായിരിക്കും ഇത്െന്നും കാരണം ദുൽഖർ ഒരു പാൻ ഇന്ത്യൻ നടൻ കൂടിയാണെന്നും താരം അഭിപ്രായപ്പെട്ടു.
സിനിമയുടെ വൺലൈനും മനോജ് പങ്കുവെയ്ക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ നിന്ന് സിനിമ ആരംഭിക്കുന്ന തരത്തിലുള്ള ചിത്രീകരണമാണ് അദ്ദേഹത്തിന്റെ അവതരണം. മമ്മൂക്ക, മമ്മൂക്കയായി തന്നെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ വരികയാണ്. മമ്മൂക്കയല്ല സിനിമയിൽ നായകൻ ദുൽഖർ ആണ്. ഇത് സിനിമയാക്കുകയാണെങ്കിൽ മമ്മൂട്ടി കമ്പനിയും ദുൽഖറിന്റെ കമ്പനിയും ചേർന്നായിരിക്കും സിനിമ നിർമിക്കുക അങ്ങനെയും ഞാൻ ആഗ്രഹിക്കുന്നെന്നും താരം പറഞ്ഞു.
ഇന്ത്യയിൽ ഒരു ജനനായകന്റെ ഒരു സിനിമ എടുക്കുകയാണെങ്കിൽ അതിനു ഏറ്റവും പറ്റിയ ആള് ഉമ്മൻചാണ്ടി സർ ആയിരിക്കും. അത് ദുൽഖർ തന്നെ ചെയ്യുകയും വേണം. ദുൽഖറിനെ ഉമ്മൻചാണ്ടി സർ ആക്കി മാറ്റിയ പടമാണ് ഞാൻ ഇവിടെ കാണിക്കുന്നത്. ഇത് കണ്ടിട്ട് എന്തെങ്കിലും കുഴപ്പം തോന്നുന്നുണ്ടോ എത്ര കറക്ടായി ഇരിക്കുന്നു. ഇത് എന്റെ യൂട്യൂബ് കൈകാര്യം ചെയ്യുന്ന പ്രവീൺ ചെയ്തതാണ്. ശരീരവും മുഖവുമൊക്കെ ഉമ്മൻ ചാണ്ടി സാറിന് ചേരുന്നുണ്ട്.
ദുൽഖർ എന്ന അഭിനയ പ്രതിഭയെ സംബന്ധിച്ച് അദ്ദേഹത്തിന് ഇത് ചെയ്യാൻ വലിയ വിഷമമൊന്നും ഉണ്ടാകില്ല. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ചാലഞ്ചിങ് ആയിട്ടുള്ള കഥാപാത്രമായിരിക്കും അത്. ആ വെല്ലുവിളി ദുൽഖർ നിഷ്പ്രയാസം മറികടക്കും കാരണം അത്രത്തോളം അഭിനയ പാടവം ആ ചെറുപ്പക്കാരനുണ്ടെന്നും താരം അഭിപ്രായപ്പെട്ടു.
ഇതൊരു സിനിമ ആയാൽ ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ വിജയ സിനിമയായിരിക്കും ഇത്. ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെടുമ്പോൾ പോലും പുറമെ ഒന്നും കാണിക്കാതെ ഉള്ളിൽ അദ്ദേഹം അനുഭവിച്ച വേദന ഒക്കെ ഈ സിനിമയിൽ പ്രതിഫലിപ്പിക്കാൻ പറ്റും. ഏറ്റവും പ്രിയപ്പെട്ട മമ്മൂക്കയും ദുൽഖറും എന്റെ ഈ ആഗ്രഹം ഏറ്റെടുക്കണമെന്നും ഇത് സത്യമാകട്ടെ ഇതൊരു ഉത്സവമാകട്ടെയെന്നും മനോജ് വീഡിയോയിലൂടെ പങ്കുവെച്ചു.