മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ലോകവ്യാപകമായി ആഗസ്റ്റ് 24 നു തിയേറ്ററിലേക്ക് എത്തുന്ന കിംഗ് ഓഫ് കൊത്തയുടെ പ്രൊമോഷന്റെ ഭാഗമായി ഇന്ത്യയിലെ നഗരങ്ങളിൽ പ്രമോഷൻ തിരക്കിലാണ് ദുൽഖർ.
സിനിമയുടെ കേരളത്തിലെ ഓഡിയോ റിലീസ് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകിട്ട് ആറു മണിക്കാണ് നടന്നത്. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യുഎ സെർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.
ആരാധകർ ഓണം റിലീസായി എത്തുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം വലിയ ബജറ്റിൽ ബിഗ് കാൻവാസിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിനൊപ്പമുള്ള തന്റെയും സംഘത്തിന്റെയും യാത്രയെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ ദുൽഖർ വിശദീകരിക്കുന്നുണ്ട്. പ്രേക്ഷകർ ഇതൊരു മാസ് മസാല പടം മാത്രമായിട്ട് കാണുമോ എന്ന് തനിക്ക് പേടിയുണ്ടെന്നും ദുൽഖർ പറയുകയാണ്.
തനിക്ക് തോന്നിയിട്ടുള്ളത് ഓരോ സിനിമയ്ക്കും അതിന്റേതായ ഒരു ലൈഫ്, എനർജി ഒക്കെ ഉള്ളതായാണ്. ആദ്യത്തെ ഒരു പോസ്റ്റർ പുറത്തുവിട്ടപ്പോൾ തന്നെ പ്രേക്ഷകരിൽ നിന്ന് ലഭിച്ച ഒരു സ്‌നേഹവും സ്വീകാര്യതയുമുണ്ട്. അത് മലയാളത്തിൽ നിന്നും ഇതരഭാഷകളിൽ നിന്നും ലഭിച്ചു. ഹൈപ്പ് വളരുന്നതിനനുസരിച്ച് പിന്നിലുള്ള പ്രയത്‌നം വർധിപ്പിക്കുകയായിരുന്നു തങ്ങളെന്നും ദുൽഖർ പറഞ്ഞു.
ALSO READ- ന്യൂയോർക്കിലെ ടൈം സ്‌ക്വയറിൽ കിംഗ് ഓഫ് കൊത്തയുടെ വമ്പൻ പ്രൊമോഷൻ, മലയാള സിനിമയിൽ ഇതാദ്യം
ഈ ക്യാൻവാസ് സിനിമ തന്നെ തീരുമാനിച്ചതാണ്. തങ്ങൾക്ക് തന്നെ ശരിക്കും ഭയം തോന്നിയിട്ടുണ്ട് ഇതിന്റെ ഹൈപ്പ് കണ്ടിട്ട്. ഒരു ഹൈപ്പ് നമുക്ക് ഒരിക്കലും പ്ലാൻ ചെയ്യാൻ പറ്റില്ല. ആദ്യത്തെ പോസ്റ്റർ കയറിയപ്പോൾത്തന്നെ ആർക്കും ശരിക്ക് മനസിലായില്ല ശരിക്കും എന്താണ് സംഭവിച്ചതെന്ന്. പക്ഷേ അപ്പോൾ മുതലേ ഒരു ഉത്തരവാദിത്തം തോന്നി എല്ലാവർക്കും. ഒരു പേടി തോന്നിയെന്നും ദുൽഖർ വിശദീകരിച്ചു.
കിംഗ് ഓഫ് കൊത്ത എവിടെ പ്രൊമോട്ട് ചെയ്യാൻ പോയാലും അവിടുത്തെ മീഡിയയ്ക്കും പ്രേക്ഷകർക്കുമൊക്കെ ചിത്രത്തെക്കുറിച്ച് ഒരു ധാരണയുണ്ട്. ഒരു മലയാള സിനിമയ്ക്ക് അത് കിട്ടുമ്പോൾ തനിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണെന്നും ബോംബെയിലെ ഒരു ആവേശം കണ്ടപ്പോൾ തനിക്കുതന്നെ വിശ്വസിക്കാൻ പറ്റിയില്ലെന്നും ദുൽഖർ പറഞ്ഞു.
കൂടാതെ തന്റെ ഒരു പേടി ആളുകൾ ഇതൊരു മാസ് മസാല പടം മാത്രമായിട്ട് കാണുമോ എന്നതാണ്. ഒരു മലയാള സിനിമ ചെയ്യുമ്പോൾ അതിൽ എന്തായാലും ആഴമുള്ള ഒരു കഥയുണ്ടാവണം. ഉള്ളടക്കം നല്ലതായിരിക്കണം. എല്ലാം മിക്‌സ് ചെയ്തിട്ടാണ് ഇത് ചെയ്തിരിക്കുന്നതെന്നും ദുൽഖർ പറഞ്ഞു.