സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്നതിലുപരി ഇന്ന് മലയാള സിനിമയിൽ തന്റേതായ ഇടം ഉണ്ടാക്കിയെടുത്ത മികച്ച യുവനടന്മാരിൽ ഒരാളാണ് ദുൽഖർ സൽനാൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും ബോളിവുഡിലുമെല്ലാം ദുൽഖർ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
അടുത്തിടെ തിയ്യേറ്ററിലെത്തിയ സീതാരാമം എന്ന ദുൽഖർ ചിത്രം വലിയ പ്രേക്ഷകപ്രശംസയാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. അടുത്തതായി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ നായകനായി എത്തുന്ന സിനിമയാണ് കിംഗ് ഓഫ് കൊത്ത പാൻ ഇന്ത്യൻ താരമായി വളർന്ന താരത്തിന്റെ പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. സഹോദരി സുറുമിക്ക് പിറന്നാൾ ആശംസ അറിയിച്ച് കൊണ്ടുള്ള ദുൽഖറിന്റെ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
ഇനിയും, ഒരുപാട് സമയം ഒരുമിച്ച് ചെലവിടാനും ഒരുപാട് യാത്രകൾ പോകാനുമൊക്കെ കഴിയട്ടെ എന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് പോസ്റ്റിൽ ദുൽഖർ പറയുന്നു. സുറുമിക്ക് ഒപ്പമുള്ള ഫോട്ടോയും ദുൽഖർ പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് പിന്നാലെ നിരവധി പേർ സുറുമിക്ക് പിറന്നാൾ ആശംസയുമായി രംഗത്തെത്തി.
‘എന്റെ ഇത്തക്ക് പിറന്നാൾ ആശംസകൾ. ലളിതമായ കാര്യങ്ങളെക്കാൾ മികച്ചതായി വേറൊന്നുമില്ല. നമ്മൾ ഒരുമിച്ച് പങ്കുവച്ച സമയമാണ് ഏറ്റവും ലളിതം. വ്യത്യസ്തമായ ഇടങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.”
”ഈ വർഷമെങ്കിലും ഒരുമിച്ച് സമയം ചെലവിടാനും ഒരുപാട് യാത്രകൾ പോകാനുമൊക്കെ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു. അങ്ങനെ നമ്മൾ ഒരുമിച്ച് ഉണ്ടാകുന്നതിനേക്കാൾ സന്തോഷം മറ്റൊന്നിനുമില്ല’, – എന്ന് ദുൽഖർ കുറിച്ചു.
അതേസമയം, സിനിമാരംഗത്തുള്ള പിതാവിന്റെയും സഹോദരന്റെയും പാതയിൽ നിന്നും വ്യത്യസ്തമായി ചിത്ര രചനയിലാണ് സുറുമി തെരഞ്ഞെടുത്തിരിക്കുന്നത്. സുറുമി വരച്ച ഏതാനും ചിത്രങ്ങൾ മുമ്പ് വിൽപനയ്ക്ക് വെച്ചിരുന്നു.
തനിക്ക് സിനിമ ഇഷ്ടമാണെന്നും എന്നാൽ വാപ്പയെപോലെയോ സഹോദരനെ പോലെയോ ക്യാമറയ്ക്ക് മുന്നിൽ വരാൻ താൽപര്യം ഇല്ലെന്നാണ് സിനിമാ താൽപര്യത്തെ കുറിച്ച് മുമ്പൊരിക്കൽ സുറുമി പറഞ്ഞത്.