സെക്കന്റ്‌ഷോ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് വന്ന താരമാണ് ദുൽഖർ സൽമാൻ. അച്ഛന്റെ പേരും പ്രശസ്തിയും പുറത്ത് പറയാതെ പെട്ടെന്നൊരു ദിവസം എത്തിയ താരം പിന്നീട് മലയാളത്തിന്റെയും, തെന്നിന്ത്യയുടെയും പ്രിയപ്പെട്ട ഡിക്യൂ ആയി. പിന്നീട് താരത്തെ കാണുന്നത് ബോളിവുഡ് സിനിമകളിലാണ്. അവിടെയും ഡിക്യൂവിന് ആരാധകർ ഏറെയായിരുന്നു.
ഇപ്പോഴിതാ മലയാളത്തിന്റെ ഡിക്യൂവിനെ കുറിച്ച് തെലുങ്കിലെ മുൻനിര താരങ്ങളിൽ ഒരാളായ നാനി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തനിക്കറിയാവുന്ന ഒരേയൊരു പാൻ ഇന്ത്യൻ താരം ദുൽഖർ ആണെന്നാണ് നാനി പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ദുൽഖർ തെലുങ്ക് കരിയർ ആരംഭിച്ച ഓകെ ബംഗാരത്തിൽ ഞാനാണ് ശബ്ദം കൊടുത്തത്.
നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽ എനിക്ക് ഏറെ അഭിമാനമുണ്ട്. എല്ലാ ആശംസകളും. എനിക്കറിയാവുന്ന നടന്മാരിൽ പാൻ ഇന്ത്യൻ എന്ന പേരിന് ശരിക്കും അർഹൻ ദുൽഖർ മാത്രമാണ്. ഒരു ഹിന്ദി സംവിധായകൻ ദുൽഖറിനുവേണ്ടി കഥ എഴുതുന്നുണ്ട്, അതേസമയം തമിഴ്, തെലുങ്ക്, മലയാളം സംവിധായകരും ദുൽഖറിനുവേണ്ടി കഥകൾ തയ്യാറാക്കുന്നു. പാൻ ഇന്ത്യൻ നടൻ എന്നതിന്റെ ശരിയായ അർഥം അതാണ്’, എന്നാണ് നാനി പറഞ്ഞത്.
ദുൽഖർ നായകനായി എത്തുന്ന കിംഗ് ഓഫ് കൊത്തയുടെ പ്രീ റിലീസ് ഇവെന്റ് ഇന്നലെ ഹൈദരാബാദിൽ നടന്നിരുന്നു. റാണ ദഗ്ഗുബാട്ടിക്കൊപ്പം നാനിയും അതിൽ പങ്കെടുത്തിരുന്നു. ആ വേദിയിൽ വച്ചാണ് ദുൽഖർ സൽമാനോടുള്ള തന്റെ സ്‌നേഹബഹുമാനങ്ങളെക്കുറിച്ച് നാനി പറഞ്ഞത്-
ഓഗസ്റ്റ് 24 ന് തിയറ്ററുകളിലെത്താനിരിക്കുന്ന കിംഗ് ഓഫ് കൊത്തയുടെ സംവിധാനം അഭിലാഷ് ജോഷിയാണ്. ഷബീർ കല്ലറയ്ക്കൽ, ചെമ്ബൻ വിനോദ്, പ്രസന്ന, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ, വടചെന്നൈ ശരൺ, ശാന്തി കൃഷ്ണ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.