സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് ദുൽഖർ സൽമാൻ. അതിലുപരി മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ. താരജാഡകൾ ഒന്നും ഇല്ലാതെ തമിഴിലും, മലയാളത്തിലും, ഹിന്ദിയിലുമായി നിറഞ്ഞു നില്ക്കുകയാണ് താരം. ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ആക്ടേഴ്സിന്റെ ലിസ്റ്റിലാണ് ഇന്ന് ദുൽഖറിന് സ്ഥാനം. സിനിമക്ക് പുറമേ പ്രമുഖ ബ്രാൻഡിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് താരം.
ഇപ്പോഴിതാ താരം ജസ്ലീൻ റോയലുമായി ഒന്നിച്ച ആൽബമായ ‘ഹീരിയേ’ വൈറലാവുകയാണ്. ഇതിനിടെയാണ് താൻ സിനിമയിലെ തുടക്കകാലത്ത് താരപുത്രനെന്ന ലേബലിൽ നേരിട്ട പരിഹാസങ്ങളും കുത്തുവാക്കുകളും താരം തുറന്നുപറയുന്നത്. ക്ലബ്ബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ താൻ അന്ന് ആദ്യ ചിത്രത്തിന്റെ സമയത്ത് കേൾക്കേണ്ടി വന്നതിനെ പറ്റിയാണ് ദുൽഖർ സംസാരിക്കുന്നത്.
ആദ്യ ചിത്രമായ സെക്കൻഡ് ഷോയുടെ ഷൂട്ടിങ്ങിനിടെ കാണാനായി ഒരുപാട് ആളുകൾ വന്നിരുന്നു. അവരെല്ലാം തന്നെ വെറുതെ കളിയാക്കുകയും വഴക്കു പറയുകയും ഒക്കെ ചെയ്യുമായിരുന്നു. മമ്മൂട്ടിയുടെ മകനാണ് ഈ സിനിമയിൽ അഭിനയിക്കുന്നത് എന്നൊക്കെ പറഞ്ഞ് വെറുതെ പരിഹസിക്കുന്നത് പോലെ സംസാരിക്കും.
കൂടാതെ, ‘നിന്നെ കൊണ്ടൊന്നും പറ്റില്ല’ എന്നും പലരും പറഞ്ഞിട്ടുണ്ടെന്നും ദുൽഖർ പറയുന്നു. ആദ്യ സിനിമയുടെ ഷൂട്ടിങ്ങിൽ ക്രൗഡിനെ കണ്ട് താൻ പേടിച്ചിരുന്നുവെന്നും ദുൽഖർ പറയുന്നു. അന്ന് സംവിധായകൻ ശ്രീനാഥ് ഒരു രംഗം 30-40 ടേക്കുകൾ വരെ എടുത്തുവെന്നും ദുൽഖർ വെളിപ്പെടുത്തി.
തന്റെ പേടി മാറ്റാനാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നും ദുൽഖർ തന്നെ വിശദീകരിക്കുന്നു. അതേസമയം ‘എന്നെ കൊണ്ട് അഭിനയിക്കാനൊന്നും പറ്റില്ലെന്നാണ് ആ സമയത്ത് ഞാൻ കരുതിയത്.’- എന്നും ദുൽഖർ തുറന്നുപറയുന്നു.
എന്നാൽ ഇന്ന് ദുൽഖർ സൽമാൻ അച്ഛൻ മമ്മൂട്ടിയുടെ നിഴലിൽ നിന്നും മാറി സ്വന്തമായി ഒരു മേൽവിലാസം സിനിമാലോകത്ത് സൃഷ്ടിച്ചിരിക്കുകയാണ്. തെന്നിന്ത്യ കടന്ന് ബോളിവുഡിലും താരമെത്തിയിരിക്കുകയാണ്.