ദുൽഖർ സൽമാൻ നായകനായി എത്തിയ ബിഗ് ബജറ്റ് ചിത്രം ‘കിംഗ് ഓഫ് കൊത്ത’യ്ക്ക് റിലീസിന് മുൻപ് വലിയ ഹൈപാണ് ലഭിച്ചത്. ചിത്രം ആ ഹൈപ്പിനെ തൃപ്തിപ്പെടുത്തിയോ എന്ന ചർച്ചയാണ് സോഷ്യൽമീഡിയയിൽ നടക്കുന്നത്.
ഈ ദുൽഖർ സൽമാൻ ചിത്രത്തിന് നിലവിൽ സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം, പോസിറ്റീവിനേക്കാൾ കൂടുതൽ നെഗറ്റീവ് അഭിപ്രായങ്ങൾ എത്തിയതോടെ സിനിമയ്ക്കെതിരെ സംഘടിതമായി ഡീഗ്രേഡിംഗ് നടത്തുകയാണെന്ന് ആരോപിച്ച് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ രംഗത്തെത്തുകയും ചെയ്തിരുന്നു.
ചിത്രത്തിന് ലഭിച്ച സമ്മിശ്ര പ്രതികരണം ഡീഗ്രേഡിംഗിന് ഉപയോഗിക്കുകയാണ് എന്നാണ് ആരോപണം. അതേസമയം, ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ കണക്കുകളാണ് പുറത്തുവരുന്നത്.
കേരളത്തിൽ മാത്രം ആദ്യ ദിനം ചിത്രം ആറ് കോടിയിലധികം നേടിയതായാണ് റിപ്പോർട്ടുകൾ. റിലീസ് ദിനത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം ഹൗസ് ഫുൾ ഷോകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ചിത്രം പ്രീബുക്കിംഗിൽ 3 കോടിയിലേറെ നേടി റെക്കോർഡിട്ടിരുന്നു. പുറമെ, കൊച്ചി മൾട്ടിപ്ലെക്സുകളിൽ ചിത്രം റെക്കോർഡിട്ടുണ്ട്. ‘കബാലി’യെ മറികടന്ന് കൊച്ചി മൾട്ടിപ്ലെക്സുകളിൽ നിന്ന് റിലീസ് ദിനത്തിൽ ഏറ്റവുമധികം കളക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് കിംഗ് ഓഫ് കൊത്ത. കബാലിയുടെ 30.21 ലക്ഷത്തെ മറികടന്ന് 32 ലക്ഷമാണ് ചിത്രം നേടിയിരിക്കുന്നത്.
അതേസമയം, റിലീസിന്റെ രണ്ടാം ദിനമായ വെള്ളിയാഴ്ചയും ചിത്രത്തിന് മികച്ച ബുക്കിംഗ് ആണ് ലഭിക്കുന്നത്. ചിത്രത്തിൽ ദുൽഖർ വേറിട്ട രണ്ട് ഗെറ്റപ്പുകളിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ദുൽഖർ നിർമ്മാണ പങ്കാളിയായ ബിഗ് ബജറ്റിൽ, വലിയ കാൻവാസിൽ പൂർത്തീകരിക്കപ്പെട്ട താരത്തിന്റെ ആദ്യത്തെ മാസ് കഥാപാത്രമാണ് ചിത്രത്തിലേത്. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫെറർ ഫിലിംസും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.
അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിങ് ഓഫ് കൊത്തയിൽ ഐശ്വര്യ ലക്ഷ്മിയാണ് നായിക.ഐശ്വര്യ ലക്ഷ്മി, ഷബീർ കല്ലറയ്ക്കൽ, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഛായാഗ്രഹണം നിമീഷ് രവി, ജേക്സ് ബിജോയ്, ഷാൻ റഹ്‌മാൻ എന്നിവരാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.