മലയാളി സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ യുവ നടനാണ് ഷൈൻ ടോം ചാക്കോ. നായകനായും സഹനടനായും വില്ലനായും നിരവധി സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്ത ഷൈൻ ടോം ചാക്കോ ഇതിനോടകം തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത് കഴിഞ്ഞു. കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയേയും ദുൽഖറിനെ പറ്റിയും ഷൈൻ പറഞ്ഞതാണിപ്പോൾ ശ്രദ്ധ നേടുന്നത്.
മമ്മൂട്ടി വളരെ ദേഷ്യക്കാരനായ വ്യക്തിയാണെന്നും സംസാരിക്കാൻ പ്രയാസമുള്ള വ്യക്തിയാണെന്നുമാണ് പൊതുവേ പറയുന്നത്. ദുൽഖർ സൽമാനെ പറ്റി നേരെ തിരിച്ചാണ് അഭിപ്രായം. ദുൽഖർ വളരെ എനർജെറ്റിക് ആയ, എല്ലാവരോടും സംസാരിക്കുന്ന വ്യക്തിയാണെന്നും സിനിരംഗത്ത് തന്നെയുള്ള പലരും പറഞ്ഞിട്ടുണ്ട്.
ALSO READ
എന്നാലിപ്പോൾ ദുൽഖറിനെക്കാൾ താൻ കംഫർട്ടബിൾ ആയി സംസാരിക്കുന്നത് മമ്മൂട്ടിയോടാണെന്ന് പറയുകയാണ് ഷൈൻ ടോം ചാക്കോ. ‘മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാനാണ് പാട് എന്നാണ് ഞാൻ ആദ്യം വിചാരിച്ചത്. എന്നാൽ ദുൽഖറിനോട് കംഫർട്ട് ആവാനാണ് പാട്. കാരണം മമ്മൂട്ടിയുടെ സിനിമകളിൽ ഇതിനു മുൻപ് അസിസ്റ്റന്റ് ഡയറക്ടറായിട്ട് ഞാൻ വർക്ക് ചെയ്തിട്ടുണ്ട്.
കറുത്ത പക്ഷികൾ, രാപ്പകൽ, ഡാഡി കൂൾ എന്നീ സിനിമകളിലൊക്കെ അസിസ്റ്റന്റ് ഡയറക്ടറായിട്ട് വർക്ക് ചെയ്തതിന് ശേഷമാണ് മമ്മൂട്ടിയുടെ കൂടെ ഉണ്ടയിൽ അഭിനയിച്ചത്. ദുൽഖറുമായി അധികം സംസാരിക്കാറുണ്ടായിരുന്നില്ല. മമ്മൂക്കയോട് സംസാരിക്കുന്നത്ര ദുൽഖറിനോട് സംസാരിക്കുന്നുമില്ല,’ എന്നാണ് ഷൈൻ പറയുന്നത്.
‘മമ്മൂക്ക എപ്പോഴും സംസാരിക്കുന്ന ആളാണ്. എന്നുവെച്ച് പെട്ടെന്ന് കയറി വന്ന് മമ്മൂക്കയോട് സംസാരിക്കാനാവില്ല. മൂന്ന് പടങ്ങൾ അസിസ്റ്റന്റ് ഡയറക്ട് ചെയ്തു കഴിഞ്ഞ്, ഉണ്ടയിലഭിനയിച്ചു കഴിഞ്ഞ്, ഭീഷ്മ പർവത്തിലഭിനയിക്കുമ്പോഴാണ് മമ്മൂട്ടിയോട് സംസാരിക്കുന്നത് കുറച്ചൊക്കെ ഈസിയായത്. ദുൽഖറുമായി പ്രശ്നങ്ങളൊന്നുമില്ല. പക്ഷേ ഞങ്ങൾക്ക് ഒരുപാട് സംസാരിക്കാനൊന്നുമില്ല,’ ഷൈൻ കൂട്ടിച്ചേർത്തു.
മമ്മൂട്ടിയുടെ കൂടെ ഉണ്ടയിലഭിനയിച്ച ഷൈൻ ഭീഷ്മയിലും ഒരു കഥാപാത്രമായി എത്തുന്നുണ്ട്. ദുൽഖറിനൊപ്പം ആദ്യമായി അഭിനയിച്ച കുറുപ്പിലെ ഷൈന്റെ ഭാസി പിള്ള എന്ന കഥാപാത്രം വളരെയധികം പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ALSO READ
പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ കഥ പറഞ്ഞ ചിത്രമാണ് ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം ഇറങ്ങിയത്. ജിതിൻ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് ഡാനിയേൽ സായൂജ് നായരും കെ.എസ്. അരവിന്ദും ചേർന്നാണ്.
ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രമാണ് കുറുപ്പ്. 35 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതൽ. ദുൽഖർ സൽമാന്റെ ആദ്യചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടെയ്ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിയ്ക്കുന്നത്.