നാടുവിട്ടു പോകുന്നില്ല, ബാക്ക്പാക്ക് തൂക്കുന്നില്ല, ബുള്ളറ്റിൽ കറങ്ങുന്നില്ല, വീട്ടുകാരുമായി പിണങ്ങുന്നില്ല നാടിനെയൂം നാട്ടു പച്ചയേയും സ്‌നേഹിക്കുന്ന, ജോൺസൻ മാഷിന്റെ പാട്ടുകൾ ഇഷ്ടപ്പെടുന്ന, ഒരുപാട് നൊസ്റ്റാൾജിയകൾ സൂക്ഷിക്കുന്ന, മുണ്ടുടുത്ത് നടക്കുന്ന പക്ക നാടൻ കഥാപാത്രം.
രണ്ടു വർഷത്തെ ഇടവേളക്കു ശേഷം മലയാളത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചു ദുൽഖർ സൽമാൻ പറയുന്നത് ഇങ്ങനെയാണ്.
ബിസി നൗഫൽ സംവിധാനം ചെയ്ത ഒരു യമണ്ടൻ പ്രേമകഥയിലൂടെയാണ് ദുൽഖർ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.
മലയാളത്തിൽ രണ്ടുവർഷം ഇടവേള വന്നത് മനപ്പൂർവമല്ലെന്നും ഇതര ഭാഷാ ചിത്രങ്ങളുടെ തിരക്കുകൾക്കിടയിലും മലയാള സിനിമയായിരുന്നു മനസ്സ് നിറയെ എന്നും ദുൽഖർ പറയുന്നു.
മനസിനു തൃപ്തി നൽകുന്ന, പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന വേഷവുമായി ഒരു യമണ്ടൻ പ്രേമകഥ എത്തിയപ്പോൾ അതിൽ മുഴുകുകയും ചെയ്തു.
യമണ്ടൻ പ്രേമകഥക്കു ശേഷം പുറത്തിറങ്ങാനിരിക്കുന്ന ചിത്രവും മലയാളത്തിലാണെന്നും ദുബായിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ദുൽഖർ പറഞ്ഞു.
എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും ആർക്ക് വോട്ടു ചെയ്യണമെന്നത് സ്വന്തമായി തീരുമാനിക്കണമെന്നും ദുൽഖർ ഓർമപ്പെടുത്തി.