മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്ആറായി എത്തുന്ന ചിത്രമാണ് യാത്ര. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തു വന്നു.
തനിക്ക് കിട്ടിയ വേഷത്തെ മമ്മൂട്ടി അതിന്റെ പൂര്‍ണതയില്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നു എന്നാണ് ട്രെയിലറിലൂടെ മനസിലാകുന്നത്. വൈഎസ്ആറായുള്ള മമ്മൂട്ടിയുടെ പ്രകടനത്തെ എന്ത് പേരിട്ട് വിശേഷിപ്പിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ആരാധകര്‍.
അത്രയും മനോഹരമായിട്ടാണ് തന്റെ കഥാപാത്രത്തെ മമ്മൂട്ടി കൈകാര്യം ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയം കണ്ട് ദുല്‍ഖറും ത്രില്ലടിച്ചിരിക്കുകയാണ്.
‘ട്രെയിലറുകള്‍ ഇങ്ങിനെയാണ്, സിനിമകള്‍ ഇങ്ങിനെയാണ്, രോമം എഴുന്നേറ്റു നിന്നു. ഒരു മനുഷ്യനു മാത്രം ചെയ്യാന്‍ പറ്റുന്ന ചില കാര്യങ്ങളുണ്ട്’ യാത്രയുടെ ട്രെയിലര്‍ ചെയ്ത് ദുല്‍ഖര്‍ തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. ‘ഫാന്‍ബോയ്ഫസ്റ്റ്’ എന്ന ഹാഷ്ടാഗും കുറിപ്പില്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 11 ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരായ ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍ മൂന്നാമതുണ്ട്. ഫെബ്രുവരി എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.
2004 അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണ സേവനം അനുഷ്ഠിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ തകര്‍ന്നാണ് വൈഎസ്ആര്‍ മരിക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എത്തുന്ന ചിത്രം രാഷ്ട്രീയ രംഗത്ത് വലിയ സ്വാധീനം ചെലുത്താനിടയുണ്ടെന്നാണ് കരുതേണ്ടത്.