മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത തമിഴ് ചിത്രം പേരന്‍പ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചലച്ചിത്ര മേളകളില്‍ മികച്ച അഭിപ്രായങ്ങള്‍ നേടിയ ചിത്രത്തിന് തിയേറ്ററുകളില്‍ എത്തിയപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പേരന്‍പിനെ വര്‍ണിക്കാന്‍ വാക്കുകള്‍ പോരാതെ വരുമെന്നാണ് പ്രേക്ഷക പ്രതികരണം. ഇപ്പോളിതാ പേരന്‍പിനെയും മമ്മൂട്ടിയുടെ അഭിനയത്തെയും പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒരു കുട്ടിയുടെ ആവേശത്തോടെയാണ് ചിത്രത്തെ മമ്മൂട്ടി സമീപിച്ചിരിക്കുന്നതെന്നാണ് ദുല്‍ഖര്‍ പറയുന്നത്.
ഒരു കുട്ടിയുടെ ആവേശത്തോടെ അദ്ദേഹം ചെയ്ത ചിത്രമാണിത്. സിനിമയെന്ന കലയോടുള്ള അദ്ദേഹത്തിന്റെ ഒരിക്കലും അടങ്ങാത്ത ആഗ്രഹത്തെയും അഭിനിവേശത്തെയും അഭിനന്ദിക്കേണ്ടതാണെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ദുല്‍ഖര്‍ പറഞ്ഞു.
അമുദവന്‍ എന്ന ടാക്‌സി ഡൈവ്രറിന്റെയും സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ സഞ്ചരിക്കുന്ന മകളുടെയും ജീവിതമാണ് പേരന്‍പ് അവതരിപ്പിക്കുന്നത്.
മമ്മൂട്ടി അമുദവനായെത്തിയപ്പോള്‍ മകളായി വേഷമിട്ടത് തങ്കമീന്‍കളിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സാധനയാണ്. സമുദ്രക്കനി, അഞ്ജലി, ട്രാന്‍സ്ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്.
യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. തേനി ഈശ്വറാണ് ഛായാഗ്രഹണം. ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചിരിക്കുന്നത് ആന്റോ ജോസഫാണ്.