അനാവശ്യ ഹൈപ്പുകള്‍ ഇല്ലാതെ വരുന്ന ഡ്രാമ പ്രാഞ്ചിയേട്ടനെ പോലെ ഞെട്ടിക്കും

17

നവംബര്‍ 1 കേരളപ്പിറവി ദിനത്തില്‍ രഞ്ജിത് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ഡ്രാമ റിലീസ് ചെയ്യുകയാണ്. ചിത്രം ഒരു ഫണ്‍ എന്റര്‍ടെയ്‌നറാണെന്നും റിലാക്‌സ്ഡ് ആയി കാണാവുന്ന ചിത്രമാണെന്നും രഞ്ജിത് പറയുന്നു.

മോഹന്‍ലാല്‍ ആരാധകരില്‍ നിന്ന് പൊതുവേ തണുത്ത പ്രതികരണമാണ് ചിത്രത്തിനുള്ളത്. എന്നാല്‍ മികച്ച റിലീസ് തന്നെ ചിത്രത്തിന് ലഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 250ലേറേ സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

Advertisements

ഏറക്കുറേ മുഴുവനായും ലണ്ടനില്‍ നടക്കുന്ന കഥയാണ് ഡ്രാമ പറയുന്നത്. ഈ കൂട്ടുകെട്ടിലെ മുന്‍ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി മാസ് ഘടകങ്ങള്‍ തീരെയില്ലാത്ത ഒരു ചിത്രമായിരിക്കും ഡ്രാമ. തമാശയും സെന്റിമെന്റ്‌സും ഫാമിലി ഡ്രാമയുമെല്ലാം ചേര്‍ന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചന.

നേരത്തേ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള നിരവധി സ്റ്റിലുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മലയാളത്തില്‍ ഇതുവരെ വരാത്ത സ്വഭാനത്തിലുള്ള ചിത്രമാണിതെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞത്. വളരേ വേഗത്തില്‍ ഒരുക്കിയ ഈ പ്രൊജക്റ്റില്‍ ഏറെ പ്രതീക്ഷയാണ് താരത്തിനുള്ളത്.

ബന്ധുക്കള്‍ക്കൊപ്പം താമസിക്കാന്‍ ലണ്ടനില്‍ എത്തുന്ന ഒരു വയോധിക മരണപ്പെടുന്നതും തുടര്‍ന്നു നടക്കുന്ന സംഭവ വികാസങ്ങളുമാണ് ഹാസ്യത്തിന്റെ മേമ്ബൊടിയില്‍ അവതരിപ്പിക്കുന്നതെന്നാണ് സൂചന. ചുരുങ്ങിയ ചുറ്റുപാടുകള്‍ക്കകത്ത് നടക്കുന്ന കഥയായാണ് ചിത്രം ഒരുങ്ങുന്നത്.

ആശ ശരതാണ് നായിക. ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍, ജോണി ആന്റണി, കനിഹ, കോമള്‍ ശര്‍മ, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന അഭിനേതാക്കളായുണ്ട്. വിനു തോമസാണ് സംഗീതം നല്‍കുന്നത്. ഛായാഗ്രഹണം അഴകപ്പനും എഡിറ്റിംഗ് പ്രശാന്ത് നാരായണനും നിര്‍വഹിക്കുന്നു.

Advertisement