75ാം ദിവസം പിന്നിട്ട് തിയേറ്ററുകളിൽ നിറഞ്ഞ സദസുകളിൽ കൈയ്യടി നേടി പ്രദർശനം തുടരുന്ന മോഹൻലാലിന്റെ ലൂസിഫർ എന്ന ചിത്രത്തെ ബി ഇക്ബാലിന്റെ ഫേസ്ബുക്ക് കുറിപ്പ്. ചിത്രം ഭീകരവും അസഹനീയവും അരോചകവുമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്.
ലൂസിഫർ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മാറിവരുന്ന സിനിമാ ഭാവുകത്വത്തിന് നേരെ ക്രൂരമായി വെടിയുതിർക്കുകയാണ് പൃഥിരാജും മുരളി ഗോപിയും സർവോപരി മോഹൻലാലും ചേർന്ന് എന്നും അദ്ദേഹം പറയുന്നു.
കമ്മട്ടിപ്പാടം മുതൽ കുമ്പളങ്ങി നൈറ്റ്സ് വരെ കഴിഞ്ഞ ഏതാനും വർഷങ്ങളായി നവ സിനിമാ തരംഗം കേരളത്തിൽ അലയടിച്ചുയരുന്നത് മലയാളത്തിലെ മഹാനടനും ശിഷ്യന്മാരും കണ്ടില്ലെന്നുണ്ടോ എന്ന് പ്ലാനിങ് ബോർഡ് അംഗവും കേരള യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലറുമായിരുന്ന ബി.ഇക്ബാൽ ചോദിക്കുന്നു.
ബി ഇക്ബാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ആമസോൺ പ്രൈം വിഡിയോയിൽ ലഭ്യമാക്കിയത് കൊണ്ട് ലൂസിഫർ വീട്ടിലിരുന്ന് കാണേണ്ടിവന്നു. ഭീകരം, അസഹനീയം, അരോചകം എന്നൊക്കെയല്ലാതെ എങ്ങിനെ വിശേഷിപ്പിക്കാൻ കഴിയും ഈ തട്ടിപൊളിപ്പൻ ബ്ലോക്ക് ബസ്റ്റർ സിനിമയെ?
മലയാളത്തിലെ മികച്ച നടന്മാരായ പൃഥിരാജ് സംവിധാനവും മുരളിഗോപി രചനയും നിർവഹിച്ച് സൂപ്പർ സ്റ്റാർ മോഹൻലാലും പ്രധാന വേഷത്തിൽ വരുന്ന , ഇതിനകം 200 കോടി തട്ടിയെടുത്ത ലൂസിഫർ മാഫിയ ബന്ധമുള്ള രാഷ്ടീയക്കാർ,
ദുഷ്ടകഥാപാത്രങ്ങളെ വെടിവച്ച് വീഴ് ത്തി തത്സമയ നീതി നടപ്പിലാക്കുന്ന അമാനുഷ പരിവേഷമുള്ള നായകൻ, സ്തീത്വത്തെ അപമാനിക്കുന്ന അർദ്ധ നഗ്ന ഐറ്റം ഡാൻസ് അടക്കം നിരവധി ചിത്രങ്ങളിൽ ആവർത്തിച്ച് അവതരിപ്പിച്ച കാലഹരണപ്പെട്ട പ്രമേയങ്ങൾ തന്നെയാണ് വിളമ്പിത്തരുന്നത്.
കമ്മട്ടിപ്പാടം മുതൽ കുമ്പളങ്ങി നൈറ്റ്സ് വരെ കഴിഞ്ഞ ഏതാനും വർഷങ്ങളായി നവ സിനിമാ തരംഗം കേരളത്തിൽ അലയടിച്ചുയരുന്നത് മലയാളത്തിലെ മഹാനടനും ശിഷ്യന്മാരും കണ്ടില്ലെന്നുണ്ടോ? മലയാളികളുടെ മാറിവരുന്ന സിനിമാ ഭാവുകത്വത്തിന് നേരെ ക്രൂരമായി വെടിയുതിർക്കുകയാണ് പൃഥിരാജും മുരളി ഗോപിയും സർവോപരി മോഹൻ ലാലും. ലൂസിഫറിലൂടെ.
അതേ സമയം മലയാള സിനിമ ഇതുവരെ കണ്ട കളക്ഷൻ റെക്കോർഡുകളെയെല്ലാം പിന്നിലാക്കി കുതിച്ചുകൊണ്ടിരിക്കുന്ന ലൂസിഫർ ആമസോൺ പ്രൈമിലും ഇപ്പോൾ ലഭ്യമാണ്. മേയ് 6 നാണ് ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീം ചെയ്തു തുടങ്ങിയത്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ചിത്രം കാണാനാകും.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എട്ട് ദിവസംകൊണ്ട് നൂറ് കോടി ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയാണ് ആദ്യം റെക്കോർഡ് ഇട്ടത്.
അത്രയും ചുരുങ്ങിയ കാലയളവു കൊണ്ട് നൂറുകോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യത്തെ മലയാളചിത്രമായി മാറുകയായിരുന്നു ലൂസിഫർ.
തൊട്ടു പിറകെ, മലയാള സിനിമയിൽ നിന്നും 200 കോടി കളക്റ്റ് ചെയ്ത ആദ്യത്തെ മലയാള ചിത്രം എന്ന വിശേഷണവും ‘ലൂസിഫർ’ സ്വന്തമാക്കി. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്ബാവൂർ ആണ് ചിത്രം നിർമ്മിച്ചത്.
200 കോടി കളക്റ്റ് ചെയ്തതോടെ പുലിമുരുകന്റെ റെക്കോർഡാണ് ചിത്രം തകർത്തത്. മലയാളസിനിമയിലെ ആദ്യത്തെ നൂറുകോടി ക്ലബ്ബ് ചിത്രമായ പുലിമുരുകൻ’150 കോടിയാണ് ബോക്‌സ് ഓഫീസിൽ നിന്നും നേടിയിരുന്നത്.
ഇതോടെ കരിയറിലെ രണ്ടു മാസ് ചിത്രങ്ങൾ നൂറുകോടി ക്ലബ്ബിലെത്തിച്ച മലയാളത്തിലെ ഏകതാരം എന്ന വിശേഷണവും മോഹൻലാൽ സ്വന്തമാക്കുകയാണ്. കൂടാതെ കായംകുള കൊച്ചുണ്ണി 100 കോടി ക്ലബ്ബിലെത്തിയതിലും മോഹൻലാലിന്റെ പങ്ക് വലുതാണ്.
ഏറെക്കാലത്തിനു ശേഷം മോഹൻലാൽ? ആരാധകർക്ക് അവരുടെ വിന്റേജ് ലാലേട്ടനെ തിരിച്ചു കൊടുക്കാനായി എന്നതാണ് ലൂസിഫറിന്റെ പ്രധാന വിജയങ്ങളിലൊന്ന്.
മോഹൻലാലെന്ന താരത്തെ അടുത്തിടെ ഏറ്റവും സ്‌റ്റൈലിഷ് ആയി അവതരിപ്പിച്ച ചിത്രമെന്ന വിശേഷണവും ‘ലൂസിഫറി’നുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മോഹൻലാൽ, മഞ്ജുവാര്യർ, വിവേക് ഒബ്‌റോയ്, ടൊവിനോ തോമസ് എന്നിവർക്കൊപ്പം സായ്കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സച്ചിൻ കടേക്കർ, ശിവജി ഗുരുവായൂർ, ജോണി വിജയ്, സുനിൽ സുഖദ, ആദിൽ ഇബ്രാഹിം, നന്ദു, ബാല, വികെ പ്രകാശ്, അനീഷ് ജി മേനോൻ, സാനിയ അയ്യപ്പൻ, ഷോൺ റോമി, മാലാ പാർവതി, ശ്രേയാ രമേശ്, താരാ കല്യാൺ, കൈനകരി തങ്കരാജ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.