മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനാണ് ജയസൂര്യ. കോമഡി വേഷങ്ങളിലെ മിന്നും പ്രകടനമായിരുന്നു മുമ്പ് ജയസൂര്യ എന്നാൽ. എന്നാൽ പിന്നീട് കഥ മാറി. സീരിയസായ വേഷങ്ങൾ ചെയ്യുന്നതിലേക്ക് താരം വളർന്നിരിക്കുകയാണ്. ഇപ്പോഴിതാ മികച്ച നടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരവും ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക പരാമർശവുമൊക്കെ നേടാൻ ജയസൂര്യയ്ക്ക് സാധിച്ചു.
ജൂൺ ലൂഥറാണ് ഒടുവിൽ പുറത്തിറങ്ങിയ ജയസൂര്യയുടെ ചിത്രം. അഭിജിത്ത് ജോസഫ് സംവിധാനം ചെയ്ത ചിത്രം മേയ് 27ന് റിലീസായി ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്നു. കുറ്റാന്വേഷണ കഥയായിരുന്നു ജോൺ ലൂഥർ. ചിത്രത്തിൽ കേൾവി ശക്തി കുറയുന്ന പോലീസ് ഉദ്യോഗസ്ഥനായിട്ടായിരുന്നു ജയസൂര്യ വേഷമിട്ടത്.
അതേസമയം, കൈനിറയെ ചിത്രങ്ങളാണ് ജയസൂര്യയുടേതായി വരാനിരിക്കുന്നത്. ഈശോ, എന്താടാ സജി, റൈറ്റർ, ആട് 3, കത്തനാർ, തുടങ്ങിയ സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. കടമറ്റത്ത് കത്തനാരായി ജയസൂര്യ എത്തുന്ന ചിത്രമായ കത്തനാർ രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് സിനിമയാണ്. സൂപ്പർ ഹിറ്റായി മാറിയ ആട് ടുവിന്റെ മൂന്നാം ഭാഗത്തിനായും ആരാധകർ കാത്തിരിക്കുകയാണ്.
സിനിമയിൽ കുടുംബ പാരമ്പര്യമോ ഗോഡ്ഫാദർമാരുടെ പിന്തുണയോ ഇല്ലാതെ തന്നെ സ്വന്തം കഴിവിലൂടേയും കഠിനാധ്വാനത്തിലൂടേയും സ്വന്തം ഇടം കണ്ടെത്തിയ ജയസൂര്യയ്ക്ക് സിനിമാ ലോകത്ത് ഒരുപാട് സുഹൃത്തുക്കളുണ്ട്. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും ഒന്നിച്ചുള്ള തമാശകൾ പ്രേക്ഷകർക്ക് മറക്കാൻ പറ്റാത്തതാണ്. ഇരുവരുടെ ഓൺസ്‌ക്രീൻ സൗഹൃദം യഥാർഥത്തിൽ ഓഫ് സ്‌ക്രീനുലും ഉണ്ടെന്നും പറയുകയാണ് ഇപ്പോൾ ജയസൂര്യ.
ഏതാണ്ട് ഒരേ സമയത്ത് മലയാള സിനിമയിലെത്തിയ മൂവരുടേയും സൗഹൃദം ഏറെ ആഴമേറിയതുമാണ്. ഇന്ദ്രജിത്തുമായും പൃഥ്വിരാജുമായുമുള്ള സൗഹൃദത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ജയസൂര്യ ഇപ്പോൾ. കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലെ താരത്തിന്റെ വാക്കുകൾ ഇങ്ങനെ.
‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ ഷൂട്ടിങ് നടക്കുന്ന സമയത്ത് ഞാനും ഇന്ദ്രനും ഒരു റൂമിലാണ്. ഇന്ന് എന്റെ ബ്രദർ വരുമെന്ന് അവൻ പറഞ്ഞു. രാത്രി ഒരു മണിക്കോ രണ്ട് മണിക്കോ മറ്റോ ആണ് ഞാൻ രാജുവിനെ ആദ്യമായി കാണുന്നത്. ഡോർ തുറന്ന് ഒരുത്തൻ ഇങ്ങനെ വന്ന് നിൽക്കുകയാണ്”- പൃഥ്വിരാജിനെ ആദ്യമായി കണ്ടതിനെ കുറിച്ച് ജയസൂര്യ മനസ് തുറക്കുന്നതിങ്ങനെ.
ഇവരൊക്കെ നല്ല കുടുംബത്തിലുള്ള പിള്ളേരല്ലേ. നിങ്ങൾ ബെഡിൽ കിടന്നോ ഞാൻ നിലത്ത് കിടന്നോളാമെന്ന് പറഞ്ഞുവെന്നും ജയസൂര്യ അന്ന് ചെയ്ത ത്യാഗത്തെ കുറിച്ചും പറയുന്നു. അന്ന് രാത്രി ഞാൻ രാജുവിന് വേണ്ടി മിമിക്രി ചെയ്തു. കുറെ നേരം കഴിഞ്ഞിട്ടാണ് കിടന്ന് ഉറങ്ങിയത്. അന്ന് തൊട്ട് തുടങ്ങിയ സൗഹൃദമാണ് താനും പൃഥ്വിയും ഇന്ദ്രനും തമ്മിലുള്ളതെന്ന് ജയസൂര്യ പറയുന്നു.
ഇന്നും ആ സൗഹൃദം നിലനിർത്തി പോകുന്നുണ്ട്. ഇപ്പോൾ എല്ലാവർക്കും തിരക്കാണ്. ഇടക്കുള്ള വിളികളും കാര്യങ്ങളുമേയുള്ളൂ. ഇടക്ക് രാജുവിന്റെ വീട്ടിൽ കൂടും അല്ലെങ്കിൽ അവൻ നമ്മുടെ വീട്ടിൽ വരും. ഇടക്ക് ഇന്ദ്രന്റെ വീട്ടിൽ പോവും. അങ്ങനെയുള്ള സൗഹൃദം ഇപ്പോഴും ഉണ്ടെന്നും ജയസൂര്യ പറയുന്നു.
പൃഥ്വിരാജ് യഥാർഥത്തിൽ തമാശക്കാരനാണെന്നാണ് ജയസൂര്യ പറയുന്നത്. രാജുവിന്റെ ഹ്യൂമറൊന്നും പുറത്തുള്ള ആരും കണ്ടിട്ടില്ല. ഭയങ്കരമായിട്ട് തമാശ പറയുന്ന ഒരുത്തനാണ് അവൻ. ഇന്ദ്രനും നരേയ്‌നും അങ്ങനെയാണെന്നും ജയസൂര്യ പറയുന്നു. നാലുപേരും ഒരുമിച്ചെത്തിയ ചിത്രമായിരുന്നു ക്ലാസ്മേറ്റ്സ്. ഇവരുടെ നാല് പേരുടേയും കഥാപാത്രങ്ങളും ഐക്കോണിക് ആയി മാറിയിരുന്നു.
ജയസൂര്യയുടെ സതീശൻ കഞ്ഞിക്കുഴിയും ഇന്ദ്രജിത്തിന്റെ പയസുമൊക്കെ മലയാളികളെ ഒരുപാട് ചിരിപ്പിച്ച കഥാപാത്രങ്ങളായിരുന്നു. ഇതിനിടെ, ഇന്ദ്രജിത്തും ജയസൂര്യയും പൃഥ്വിരാജും പിന്നീട് അമർ അക്ബർ അന്തോണിയിലും ഒരുമിച്ചെത്തിയിരുന്നു. ചിത്രം വൻ വിജയമായി മാറി.
നടനും സംവിധായകനും നിർമ്മാതാവും വിതരണക്കാരനുമൊക്കെയാണ് പൃഥ്വിരാജ് ഇന്ന്. അതേസമയം ജനഗണ മനയാണ് പൃഥ്വിരാജിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. കടുവയാണ് പൃഥ്വിയുടെ പുറത്തിറങ്ങാനുള്ള സിനിമ. പിന്നാലെ ബ്ലെസ്ലി ഒരുക്കുന്ന ആടുജീവിതവും അണിയറയിലുണ്ട്.
കാളിയൻ, കെജിഎഫ് നിർമ്മാതാക്കളുടെ പാൻ ഇന്ത്യൻ സിനിമ തുടങ്ങിയവയും അണിയറയിലുണ്ട്. സലാറിലൂടെ തെലുങ്കിലേക്കും പൃഥ്വിരാജ് മടങ്ങിയെത്തുന്നുണ്ട്.