സോഷ്യല്‍മീഡിയയിലൂടെ പ്രശസ്തയായ മോഡലും ആക്ടിവിസ്റ്റുമൊക്കെയാണ് ദിയ സന. ബിഗ് ബോസ് ആദ്യ സീസണില്‍ മത്സരിക്കാനെത്തിയ ദിയ സന പിന്നീട് സോഷ്യല്‍മീഡിയയിലും വലിയ ആക്ടിവിസ്റ്റായി മാറിയിരുന്നു. അതേസമയം, ഇപ്പോഴിതാ ജീവിതത്തില്‍ താനെടുത്ത ചില തീരുമാനങ്ങള്‍ തെറ്റിപ്പോയെന്ന് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദിയ. മനസിലൊന്ന് വെച്ച് പെരുമാറാനറിയാത്ത ആളാണ് താനെന്നും വിശ്വസിച്ച സുഹൃത്തുക്കള്‍ വഞ്ചിച്ചെന്നും ദിയ പറയുന്നുണ്ട്.
‘രാത്രികളില്‍ ഉറക്കമില്ലാതായിട്ട് കുറച്ച് നാളുകള്‍ ആയി. ജീവിതത്തെ പറ്റിയുള്ള ആലോചനകളാണ്. എല്ലാര്‍ക്കും ഉണ്ടാകും ഒരുപാട് ചെയ്യാനുണ്ടായിട്ടും ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. വളരെ സന്തോഷത്തോടെയുള്ള ജീവിതം പ്രതീക്ഷിച്ചു ജീവിക്കുകയാണ് ഇപ്പോഴും. കുഞ്ഞു നാള്‍ മുതലേ ജീവിതത്തില്‍ അനുഭവിച്ചു വന്ന കഷ്ടപ്പാടും വേദനയുമെല്ലാം എന്നെങ്കിലുമൊരിക്കല്‍ തീരും എന്ന പ്രതീക്ഷയിലാണ്. മകനെ പഠിപ്പിക്കണം അവന്റെ ജീവിതത്തില്‍ അവന് വേണ്ടുന്ന കാലത്തോളം അവന്റെ കൂടെ നില്‍ക്കണം. തിരിച്ചൊന്നും മകനില്‍ നിന്ന് പോലും ഞാന്‍ പ്രതീക്ഷിക്കുന്നില്ല. എന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഗ്രഹം.’- ദിയ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടു.
‘വിവാഹത്തിലൂടെ ഉണ്ടായ എന്റെ ട്രോമക്കപ്പുറം എന്റെ ലൈഫില്‍ എനിക്ക് ഇപ്പൊ പ്രശ്‌നങ്ങള്‍ കൂടുതല്‍ സംഭവിക്കുന്നുണ്ട്. ഞാന്‍ തന്നെ എന്റെ ജീവിതത്തില്‍ എടുത്ത ചില തീരുമാനങ്ങള്‍ തെറ്റായിരുന്നു എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു. സൗഹൃദങ്ങള്‍, കുടുംബം, കൂട്ട് ഇതൊന്നും എന്റെ ജീവിതത്തില്‍ പറഞ്ഞിട്ടില്ല. എന്നും ഞാന്‍ മറ്റുള്ളവര്‍ക്ക് ഉപകാരി ആയിരുന്നിട്ടെയുള്ളൂ..’
‘നല്ലോണം എന്നെ ഉപയോഗിച്ച ഒരുപാട് സുഹൃത്തുക്കളായിരുന്നവര്‍ ഉണ്ട്. എന്റെ വരുമാനത്തില്‍ നിന്നും എന്റെ സുഹൃത്തുക്കളുടെ അടുത്ത് നിന്നും ഒക്കെ പണമായും അവരുടെ കാര്യ സാധ്യങ്ങള്‍ക്കും ഒക്കെ എന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അവര്‍ ഇന്നും മറ്റുള്ളവരോടും ഇതേ രീതി തന്നെ ആവര്‍ത്തിക്കുന്നു. സത്യസന്ധമായി ജീവിതത്തില്‍ നമ്മള്‍ ഇരിക്കണം എന്നത് മാത്രമാണ് എന്റെ തിയറി. എന്ത് തോന്നുന്നുവോ അത് മുഖത്ത് നോക്കി പറയുക. പ്രവര്‍ത്തിക്കുക. ഉള്ളില്‍ വെച്ച് പെരുമാറാന്‍ എനിക്ക് അറിയില്ല. അതാണ് ഒരിക്കലും എനിക്ക് സാധിക്കാത്തത്.’
‘ഇന്നും എന്റെ വ്യക്തിത്വം വിട്ടുകൊടുക്കാതെ ജീവിതത്തില്‍ പിടിച്ചു നില്കുന്നത് മാത്രമാണ് എന്റെ ധൈര്യം. നമ്മള്‍ നമ്മളെ തിരിച്ചറിഞ്ഞ് സ്‌ട്രോങ്ങ് ആക്കിയാല്‍ നമ്മളെ തോല്പിക്കാന്‍ ആര്‍ക്കും ആകില്ല. ഇതിവിടെ എഴുതിയത് എല്ലാരുടെയും ജീവിതത്തില്‍ അവരവരുടെ സ്വകാര്യതയില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന് അറിയിക്കാനാണ്. അതുകൊണ്ട് ഉണ്ടാകുന്ന അസുഖങ്ങളും’- എന്നാണ് ദിയ പറയുന്നത്.