മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ആരാധകര്‍ മാത്രമല്ല സണ്ണി ലിയോണിന്റെ മലയാളി ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ.
ചിത്രത്തില്‍ ഒരു നൃത്തരംഗത്തില്‍ സണ്ണിയുമുണ്ട് എന്നറിഞ്ഞ നാള്‍ മുതല്‍ തുടങ്ങിയതാണ് ആ കാത്തിരിപ്പ്.
എന്നാല്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിനെ കുറിച്ച് അല്‍പ്പം ടെന്‍ഷനിലായിരുന്നു സണ്ണി എന്നാണ് ചിത്രത്തിന്റെ സംവിധായകന്‍ വൈശാഖ് പറയുന്നത്.
ചിത്രീകരണത്തിനായി എത്തുന്നതിനു മുമ്പ് മമ്മൂക്കയെ കുറിച്ച് അവര്‍ പരമാവധി വായിച്ചിരുന്നു. അദ്ദേഹം വളരെ ഗൗരവക്കാരനായ ഒരു നടനാണെന്നും സഹപ്രവര്‍ത്തകരോടൊന്നും അത്ര സ്നേഹത്തോടെ ഇടപഴകാത്ത ആളാണെന്നുമൊക്കെയാണ് സണ്ണി കേട്ടത്.
അതുകൊണ്ടു തന്നെ മധുരരാജയുടെ വേഷത്തില്‍ മമ്മൂക്കയെ കണ്ടപ്പോള്‍ അവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഭയന്നു. 25 പവന്‍ തൂക്കമുള്ള സ്വര്‍ണമാലയും സിംഹത്തലകൊത്തിയ വളയും കപ്പടമീശയും എല്ലാം കൂടി ഒരു രാജാപ്പാട്ട് ലൂക്കില്‍.
മമ്മൂട്ടിയെ കണ്ടമാത്രയില്‍ അവരുടെ കാല്‍ രണ്ടും കൂട്ടിയിടിക്കാന്‍ തുടങ്ങി. മമ്മൂട്ടി അടുത്തേക്ക് വന്ന് ഹലോ പറഞ്ഞപ്പോള്‍ മറുപടി പറയാനാവാതെ അവരുടെ ചുണ്ടുകള്‍ വിറച്ചു. പിന്നെ ഞങ്ങളോടൊക്കെ മമ്മൂക്ക അടുത്തിടപഴകുന്നത് കണ്ടപ്പോഴാണ് അവരുടെ പേടി മാറിയത്. പിന്നീട് വളരെ പെട്ടെന്നു തന്നെ അവര്‍ മമ്മൂക്കയോടും സെറ്റിലെ എല്ലാവരുമായി അടുത്തു വൈശാഖ് പറഞ്ഞു.
ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. മധുരരാജയെ കൂടാതെ, മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ ഒരുക്കുന്ന വീരമാദേവി എന്ന ചിത്രത്തിലും സണ്ണി അഭിനയിക്കുന്നുണ്ട്.
ഒരു കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ ഒരു പോരാളിയുടെ വേഷത്തിലാണ് സണ്ണി എത്തുന്നത്. പോക്കിരി രാജ റിലീസ് ചെയ്ത് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മധുരരാജ എത്തുന്നത്.
ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മമ്മൂട്ടിയുടെ മാസ്സ് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമാണ് ഒരു മിനിറ്റ് 46 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയിലറിന്റെ ആകര്‍ഷണം.
ആദ്യഭാഗമായ പോക്കിരി രാജയെക്കാള്‍ ആക്ഷന്‍ രംഗങ്ങളായിരിക്കും മധുരരാജ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക എന്ന് വ്യക്തം.
മമ്മൂട്ടി, പൃഥ്വിരാജ്, ശ്രിയ ശരണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ പോക്കിരിരാജ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രമാണ് മധുരരാജ.
ഏറെ നാളുകള്‍ക്കു ശേഷം വരുന്ന മമ്മൂട്ടിയുടെ മാസ് ചിത്രമെന്ന രീതിയിലും ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ചിത്രമാണിത്.
വിഷുവിന് റിലീസിനെത്തുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ മുന്‍പു തന്നെ അണിയറക്കാര്‍ റിലീസ് ചെയ്തിരിക്കുന്നു. ഇപ്പോള്‍ റിലീസ് ചെയ്ത ടീസറും പ്രേക്ഷകരുടെ കാത്തിരിപ്പിന് ആവേശം പകരുകയാണ്.
അനുശ്രീ, ഷംന കാസിം, അന്ന രേഷ്മ, മഹിമ നമ്ബ്യാര്‍ എന്നിങ്ങനെ നാലുനായികമാര്‍ ചിത്രത്തിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മമ്മൂട്ടിക്കും ഈ നാലു നായികമാര്‍ക്കും പുറമേ നെടുമുടി വേണു, സിദ്ദിഖ്, സലിം കുമാര്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ജയ്, ജഗപതി ബാബു, നരേന്‍, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, നോബി, ജോണ്‍ കൈപ്പള്ളില്‍, സന്തോഷ് കീഴാറ്റൂര്‍, തെസ്നി ഖാന്‍, പ്രിയങ്ക, ധര്‍മജന്‍ , ബിജു കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങി വലിയൊരു താരനിര തന്നെ മധുരരാജയ്ക്ക് വേണ്ടി അണിനിരക്കുന്നുണ്ട്.
ഒപ്പം തമിഴ്, തെലുങ്ക് ഭാഷകളിലെ വന്‍ താരനിരയും അണിനിരക്കുന്നു. ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സാണ് ‘മധുരരാജ’യുടെ മറ്റൊരു ആകര്‍ഷണം.
116 ദിവസം നീണ്ടു നിന്ന ഷെഡ്യൂളായിരുന്നു ചിത്രത്തിന്റേത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണവും മധുരരാജ സ്വന്തമാക്കുകയാണ്.