എക്കാലത്തെയും മലയാളികളുടെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് ഹിറ്റ്ലര്‍. മലയാളത്തിലെ സൂപ്പര്‍ താരം മമ്മൂട്ടി നായകനായി എത്തിയ ചിത്രം അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ്. സിദ്ധിഖാണ് ചിത്രം സംവിധാനം ചെയ്തത്.
പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രം തിയേറ്ററുകളില്‍ ഗംഭീര വിജയമാണ് സൃഷ്ടിച്ചത്. 1996 ലെ വിഷുവിനാണ് ചിത്രം റിലീസ് ചെയ്തത്. മലയാള സിനിമയിലെ ഒട്ടുമിക്ക മുന്‍നിര താരങ്ങളും ഹിറ്റ്ലറില്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ ഹിറ്റ്ലര്‍ മാധവന്‍ കുട്ടി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
ഈ കഥാപാത്രത്തെ ഇന്നും മലയാളികള്‍ നെഞ്ചിലേറ്റി നടക്കുന്നു. ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമെ ശോഭന, ജഗദീഷ്, വാണി വിശ്വനാഥ്, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഈ ചിത്രത്തിലെ ഗാനങ്ങള്‍ ഒക്കെ ഇന്നും മലയാളികള്‍ പാടി കൊണ്ട് നടക്കുന്നുണ്ട്.
അത്രത്തോളം ഹിറ്റായിരുന്നു ചിത്രത്തിലെ പാട്ടുകളെല്ലാം. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ ചില അനുഭവങ്ങളെക്കുറിച്ച് സംവിധായകന്‍ സിദ്ധിഖ് മുമ്പൊരിക്കല്‍ സംസാരിച്ചിരുന്നു. അതിലൊരു മറക്കാന്‍ പറ്റാത്ത അനുഭവമാണ് ഷൂട്ടിംഗ് തുടങ്ങിയ ആദ്യ ദിവസം മമ്മൂട്ടിയും ലാലും തമ്മിലുണ്ടായ അസ്വാരസ്യം.
മമ്മൂക്ക അന്നൊക്കെ മുടി സൈഡിലോട്ടായിരുന്നു ചീകിയിരുന്നത്. എന്നാല്‍ മുടി പുറകിലോട്ട് ചീകിയാല്‍ ഹിറ്റ്‌ലറിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് കുറച്ചുകൂടെ നല്ലതായിരിക്കുമെന്ന് തോന്നിയിരുന്നുവെന്നും പക്ഷേ ഇങ്ങനെ തന്നെ മതിയെന്ന് മമ്മൂക്ക പറഞ്ഞുവെന്നും സിദ്ധിഖ് പറയുന്നു.
എന്നാല്‍ ലാലിന് ഇതില്‍ ചെറിയ അസ്വാരസ്യം തോന്നി, ഷൂട്ടിന് തൊട്ടുമുമ്പ് വരെ മമ്മൂക്കയുടെ ഹെയര്‍ സ്റ്റൈലിനെപ്പറ്റി ലാല്‍ പറഞ്ഞുവെന്നും മമ്മൂക്കയ്ക്ക് അതില്‍ താല്‍പര്യക്കുറവുണ്ട് അത് വിട്ടേക്കാമെന്ന് താന്‍ ലാലിനോട് പറഞ്ഞുവെന്നും സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു.
പക്ഷേ ലാല്‍ അത് വിട്ടില്ല, മമ്മൂക്കയോട് നേരിട്ട് പോയി മുടിയെക്കുറിച്ച് സംസാരിച്ചു. അപ്പോള്‍ തന്റെ മുടി എങ്ങനെ വേണമെന്ന് ഞാന്‍ ഡിസൈഡ് ചെയ്യുമെന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. നിങ്ങളുടെ ഇഷ്ടമെന്ന് പറഞ്ഞ് ലാല്‍ തിരിച്ചുവന്നുവെന്നും എന്നാല്‍ ഷൂട്ട് തുടങ്ങുന്നതിന് തൊട്ടുമുമ്പ് മമ്മൂക്ക ജോര്‍ജിനെ വിളിച്ച് ജെല്ലെടുത്ത് മുടി ബാക്കിലേക്ക് ചീകിയെന്നും എന്താടാ ഓക്കെയാണോ എന്ന് ലാലിനോട് ചോദിച്ചുവെന്നും സിദ്ധഖ് പറഞ്ഞു.