മലയാള സിനിമയിലെ പ്രമുഖ സംവിധായകരില്‍ ഒരാളാണ് സിദ്ദിഖ്. നിരവധി ഹിറ്റുകള്‍ ഒരുക്കിയ സിദ്ദിഖ് തുടക്കത്തില്‍ ഇരട്ട സംവിധായകരില്‍ ഒരാളായി ലാലിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് തനിച്ച് പ്രവര്‍ത്തിച്ചു. മലയാളി സിനിമാപ്രേമി എക്കാലവും ഓര്‍ത്തിരിക്കുന്ന നല്ല കുറേ സിനിമകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.
എന്നാല്‍ സിദ്ദിഖിന്റെ ഏറ്റവും ഒടുവിലിറങ്ങിയ ചിത്രങ്ങള്‍ പ്രതീക്ഷിച്ചത് പോലെ വലിയ വിജയം നേടിയിരുന്നില്ല. മോഹന്‍ലാലിനെ
നായകനാക്കി സംവിധാനം ചെയ്ത ബിഗ് ബ്രദര്‍ എന്ന സിദ്ദിഖിന്റെ ചിത്രം വലിയ പരാജയമാണ് നേരിട്ടിരുന്നത്.
ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ചും എങ്ങനെയാണ് പരാജയം സംഭവിച്ചത് എന്നതിനെക്കുറിച്ചും മനസ്സുതുറക്കുകയാണ് സിദ്ദിഖ്. തന്റെ സിനിമകളില്‍ ഏറ്റവും കളക്ഷന്‍ കുറഞ്ഞ സിനിമയായിരുന്നു ബിഗ് ബ്രദര്‍ എന്ന് സിദ്ദിഖ് സഫാരി ചാനലിലെ ചരിത്രം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞു.
കമ്പനിക്ക് ഈ ചിത്രം വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കിയത്. ഈ സിനിമ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്തപ്പോള്‍ വലിയ പ്രതികരണമായിരുന്നു അവിടുത്തെ പ്രേക്ഷകരില്‍ നിന്നും ലഭിച്ചതെന്നും ചിത്രത്തെ പ്രശംസിച്ചുകൊണ്ട് യൂട്യൂബില്‍ കമന്റുകള്‍ നിറഞ്ഞിരുന്നുവെന്നും സിദ്ദിഖ് പറയുന്നു.
എന്നാല്‍ ചിത്രം ഇവിടെ പരാജയപ്പെട്ടു. നമ്മുടെ പ്രേക്ഷകര്‍ ഈ ചിത്രത്തിന്റെ കഥ നടക്കുന്നത് കേരളത്തിലാണ് എന്ന രീതിയിലാണ് കണ്ടതെന്നും ശരിക്കും ബംഗളൂരുവിലായിരുന്നുവെന്നും പക്ഷേ ചിത്രത്തിന്റെ ഭൂരിപക്ഷം സീക്വന്‌സുകളും കേരളത്തില് തന്നെയാണ് ഷൂട്ട് ചെയ്തിരുന്നതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
അതായിരുന്നു തനിക്ക് പറ്റിയ വലിയ തെറ്റ്. ഷൂട്ട് ചെയ്തത് കേരളത്തിലായതിനാല്‍ പലരും വിചാരിച്ചത് ഇത് കേരളത്തില്‍ നടക്കുന്ന ഒരു കഥയാണെന്നായിരുന്നുവെന്നും ഇങ്ങനൊരു സംഭവം കേരളത്തില്‍ നടക്കുന്നതായി ആളുകള്‍ക്ക് വിശ്വസിക്കാന്‍ പറ്റാതെയായി എന്നും സംവിധായകന്‍ പറയുന്നു.
ഒരു അവിശ്വസനീയത കഥയില്‍ വന്നു. സിനിമ ബോംബെയിലോ അല്ലെങ്കില്‍ കര്‍ണാടകയിലോ ഷൂട്ട് ചെയ്തിരുന്നുവെങ്കില്‍ ഈ ഒരു അവസ്ഥ നേരിടേണ്ടി വരില്ലായിരുന്നുവെന്നും സിനിമ പരാജയമായിരിക്കില്ലായിരുന്നുവെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.